പിഎസ്എൽവി റോക്കറ്റുകൾ തുടർച്ചയായി പരാജയപ്പെടുന്നു; ആഭ്യന്തര പ്രശ്നങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതി

ന്യൂഡൽഹി: ഐഎസ്ആർഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവി റോക്കറ്റുകൾ തുടർച്ചയായി പരാജയപ്പെടുന്ന പശ്ചാത്തലത്തിൽ, ഇതിന് പിന്നിലെ വ്യവസ്ഥാപിത പ്രശ്നങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചു.
മുൻ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ കെ വിജയരാഘവൻ, ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥ് എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക. സാങ്കേതിക തകരാറുകൾക്ക് പുറമെ ഐഎസ്ആർഒയുടെ സംഘടനാപരമായ പോരായ്മകൾ പരാജയങ്ങൾക്ക് കാരണമായിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കും.
ജനുവരി 12ന് വിക്ഷേപിച്ച പിഎസ്എൽവി-സി62, 2025 മെയ് 18ന് വിക്ഷേപിച്ച പിഎസ്എൽവി-സി61 എന്നിവ പരാജയപ്പെട്ടിരുന്നു. രണ്ട് ദൗത്യങ്ങളിലും റോക്കറ്റിന്റെ മൂന്നാം ഘട്ടം ജ്വലിക്കാത്തതായിരുന്നു പരാജയകാരണം. ഇന്ത്യയുടെ തന്ത്രപ്രധാന ഉപഗ്രഹമായ ഇ ഒ എസ്-09 ഉൾപ്പെടെയുള്ളവ ഈ പരാജയങ്ങളിൽ നഷ്ടമായിരുന്നു.
ഘടകഭാഗങ്ങളുടെ നിർമ്മാണം, സംഭരണം, അസംബ്ലിംഗ് എന്നീ പ്രക്രിയകളിലെ വീഴ്ചകൾ സമിതി വിലയിരുത്തും. ഐഎസ്ആർഒയ്ക്ക് പുറത്തുള്ള വിദഗ്ധർ ഉൾപ്പെടുന്ന ഈ സമിതി ഏപ്രിലിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കും.
പരാജയങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ദിവസം വിക്രം സാരാഭായ് സ്പേസ് സെന്റർ സന്ദർശിച്ചിരുന്നു. പരാജയകാരണങ്ങൾ പൂർണ്ണമായി പരിഹരിച്ച ശേഷം ജൂണിൽ അടുത്ത വിക്ഷേപണം നടത്താനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.










0 comments