മദ്യനയ കേസ്
കെജ്‌രിവാളിന്റെ അപേക്ഷ തള്ളി; കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ജഡ്‌ജി

ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ, എഎപി തലവൻ അരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: മദ്യനയ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ. എഎപി തലവൻ അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവർ നൽകിയ എല്ലാ അപേക്ഷകളും തള്ളിയാണ് ജസ്‌റ്റിസ് ശർമയുടെ ഉത്തരവ്. ആർഎസ്‌എസ് ബന്ധം ആരോപിക്കപ്പെട്ട ജഡ്‌ജിയുടെ പക്കൽ നിന്നും ന്യായമായ വിചാരണ ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചത്.
ആർഎസ്‌എസ് അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച ജഡ്‌ജി , താൻ പങ്കെടുത്തത് രാഷ്‌ട്രീയ പരിപാടിയിൽ അല്ലെന്നാണ് പറഞ്ഞത്. അപേക്ഷകളിൽ സ്വയംവാദം കേട്ടാണ് ജസ്‌റ്റിസ് ശർമയുടെ ഉത്തരവ്.
പക്ഷപാതപരമായി താൻ പെരുമാറിയിട്ടില്ല. കെജ്‌രിവാളും മറ്റുള്ളവരും നൽകിയ അപേക്ഷ ജുഡീഷ്യറിയെ വിചാരണ ചെയ്യുന്നതിന് തുല്യമാണ്. അവിശ്വാസത്തിന്റെ വിത്തുകൾ വിതയ്ക്കാൻ അനുവദിക്കില്ല. ഒരു ജഡ്ജിയുടെ നിഷ്പക്ഷതയെന്നത് ഒരു അനുമാനമാണ്. ആ അനുമാനം അംഗീകരിക്കാതെയാണ് വിട്ടുനിൽക്കൽ അപേക്ഷ. തന്റെ മക്കൾ കേന്ദ്രസർക്കാർ അഭിഭാഷകരാണെന്ന് വാദിക്കുമ്പോൾ അത് എങ്ങനെയാണ് കേസിൽ ബാധിക്കുന്നതെന്ന് തെളിവ് സഹിതം ചൂണ്ടിക്കാട്ടണം. ഒരു രാഷ്‌ട്രീയക്കാരന്റെ മക്കൾക്ക് രാഷ്‌ട്രീയക്കാരാകാമെങ്കിൽ ജഡ്‌ജിയുടെ മക്കൾക്ക് അഭിഭാഷകരാകാം. നുണ പലതവണ ആവർത്തിച്ചാൽ സത്യത്തിന്റെ ശക്തി നഷ്‌ടമാകില്ല–അവർ ഉത്തരവിൽ പറഞ്ഞു.
നേരത്തെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനോട് ജസ്‌റ്റിസ് ശർമയെ കേസിൽ നിന്ന് മാറ്റണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. അത് ജഡ്‌ജി സ്വയം തീരുമാനിക്കണമെന്നായിരുന്നു ചീഫ് ജസ്‌റ്റിസിന്റെ നിലപാട്. തന്നെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിൽ പത്തുമിനിറ്റ് വാദം കേട്ട് ഭാഗീകമായി സ്‌റ്റേ അനുവദിച്ച ജസ്റ്റിസ് ശർമയ്‌ക്ക് പക്ഷപാതിത്വമുണ്ടെന്ന് കേസ് സ്വയം വാദിച്ച കെജ്‌രിവാൾ ചൂണ്ടിക്കാട്ടിയിരുന്നു.









0 comments