print edition പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ ലോക്‌സഭയിൽ


സ്വന്തം ലേഖകൻ
Published on Jul 28, 2026, 12:00 AM | 1 min read
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമത്തിൽ ഭേദഗതി വരുത്തിയുള്ള ബില്ല് കേന്ദ്രസർക്കാർ തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചു. പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങാണ് ബില്ല് അവതരിപ്പിച്ചത്. പൊലീസ് തേർവാഴ്ചയിൽ നടപടിയാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ സഭ തടസ്സപ്പെട്ടതിനാൽ ചർച്ച തുടങ്ങാനായില്ല.
ചോദ്യച്ചോർച്ചയിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പരമാവധി 10 വർഷംവരെ തടവും അമ്പതു ലക്ഷം രൂപ വരെ പിഴയും ചുമത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. ജന്തർ മന്തറിലെ വിദ്യാർഥി– യുവജന പ്രക്ഷോഭത്തെത്തുടർന്നാണ് ബില്ല് കൊണ്ടുവരാൻ സർക്കാർ നിർബന്ധിതമായത്. ചോദ്യച്ചോർച്ചാ കേസുകളിൽ അന്വേഷണം രണ്ടുമാസത്തിനകം പൂർത്തീകരിക്കണം. നിലവിലെ നിയമത്തിലെ അഞ്ചുവർഷം വരെ തടവാണ് ബില്ലിലൂടെ പത്തുവർഷമായി ഉയർത്തിയത്. പത്തുലക്ഷം രൂപ വരെയായിരുന്ന പിഴ അമ്പതു ലക്ഷമാക്കി ഉയർത്തി. സംഘടിതമായ കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ ഏഴു മുതൽ 10 വർഷം വരെ തടവ് ലഭിക്കാം. പത്തുകോടി രൂപ വരെ പിഴയും ഇൗടാക്കാം.
പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് ചോദ്യച്ചോർച്ചയടക്കം 15 നിയമവിരുദ്ധ നടപടികളെയാണ് ശിക്ഷാർഹമായി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓഎംആർ ഷീറ്റുകളിലെ കൃത്രിമം, വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിക്കൽ, വ്യാജ അഡ്‌മിറ്റ് കാർഡുകൾ തയ്യാറാക്കൽ എന്നിവ ശിക്ഷാർഹമായ കുറ്റങ്ങളുടെ പട്ടികയിലുണ്ട്. പരീക്ഷാനടത്തിപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേസുകൾ കേൾക്കുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അതിവേഗകോടതികൾ സ്ഥാപിക്കാം. അതിവേഗ കോടതികളിൽ കുറ്റപ്പത്രം സമർപ്പിക്കപ്പെട്ടതിന് ശേഷം മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കണം. ചോർച്ചയുമായി ബന്ധപ്പെട്ട ചില കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക കർമസേനയ്‌ക്ക് രൂപം നൽകാൻ കേന്ദ്രത്തിന് അധികാരമുണ്ടാകും.










0 comments