ad
Deshabhimani

മെസിയുടെ ഇന്ത്യ സന്ദർശനം: ടിക്കറ്റ് കരിഞ്ചന്ത കേസിൽ ബംഗാൾ മുൻ കായിക മന്ത്രിയെ പൊലീസ് ചോദ്യം ചെയ്തു

Messi kolkata
വെബ് ഡെസ്ക്

Published on Jun 18, 2026, 12:07 PM | 2 min read

കൊൽക്കത്ത: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസി പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട്, ടിക്കറ്റ് കരിഞ്ചന്ത, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ആരോപിച്ചുള്ള കേസിൽ പശ്ചിമ ബംഗാൾ മുൻ കായിക മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ അരൂപ് ബിശ്വാസ് പൊലീസിന് മുന്നിൽ ഹാജരായി. ബിധാനഗർ പൊലീസ് നേരത്തെ മൂന്ന് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറി. ഇതിനു ശേഷം വ്യാഴാഴ്ച രാവിലെയാണ് മുൻ മന്ത്രി പൊലീസ് കമ്മീഷണറേറ്റ് ആസ്ഥാനത്ത് എത്തിയത്.


2025 ഡിസംബർ 13-ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് ലയണൽ മെസ്സി പങ്കെടുത്ത ഹൈ-പ്രൊഫൈൽ ഫുട്ബോൾ പരിപാടി നടന്നത്. മെസ്സിയെ നേരിട്ട് കാണാൻ പതിനായിരക്കണക്കിന് രൂപ നൽകി ടിക്കറ്റെടുത്ത ആരാധകർ പലരും നിരാശരായി. രാഷ്ട്രീയ സ്വാധീനമുള്ളവർ താരത്തെ വളഞ്ഞുനിന്നതുമൂലം മെസ്സിയെ കാണാൻ സാധിച്ചില്ലെന്ന പ്രതിഷേധം അക്രമാസക്തമായി. പ്രകോപിതരായ കാണികൾ സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങൾ അടിച്ചുതകർക്കുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.


kolkata


മെസിയുടെ വിവാദമായ കത്തും

മന്ത്രിയെ കുരുക്കിയ കേസും


പരിപാടിയുടെ മുഖ്യ സംഘാടകനായ ശതാദ്രു ദത്തയാണ് മുൻ മന്ത്രിക്കെതിരെ പരാതി നൽകിയത്. മന്ത്രി അരൂപ് ബിശ്വാസ് ടിക്കറ്റ് കരിഞ്ചന്തയ്ക്ക് നേതൃത്വം നൽകിയെന്നും, പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും, തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലെ ആരോപണം. ഇതേ സംഭവങ്ങളിൽ സംഘാടക വീഴ്ച ആരോപിച്ച് തൃണമൂൽ ഭരണകൂടം ശതാദ്രു ദത്തയെ ജയിലിലടച്ചിരുന്നു.


മെസ്സിയുടെ കമ്മ്യൂണിക്കേഷൻ ടീം ബിധാനഗർ പൊലീസിന് അയച്ചതായി പറയപ്പെടുന്ന കത്താണ് കേസിൽ മന്ത്രിയെ കുരുക്കുന്ന തരത്തിൽ വഴിത്തിരിവുണ്ടാക്കിയത്. പരിപാടിയിലുണ്ടായ അനിഷ്ട സംഭവങ്ങൾക്കും ക്രമക്കേടുകൾക്കും ഉത്തരവാദി മുൻ മന്ത്രി അരൂപ് ബിശ്വാസ് ആണെന്ന് ഈ കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് സംഘാടകൻ അവകാശപ്പെടുന്നത്. ജയിലിലായ സംഘാടകൻ ശതാദ്രു ദത്തയെ ഈ കത്ത് കുറ്റവിമുക്തനാക്കുന്നു. എന്നാൽ, പൊലീസ് ഈ കത്തിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇങ്ങനെ ഒരു കത്തുള്ളതായി സ്ഥിരീകരിക്കയും ചെയ്തിട്ടില്ല.


Messi kolkata

തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച അരൂപ് ബിശ്വാസ് പരിപാടിയുടെ സാമ്പത്തിക കാര്യങ്ങളിലോ ടിക്കറ്റ് വിതരണത്തിലോ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് വ്യക്തമാക്കി. നിലവിൽ കൽക്കട്ട ഹൈക്കോടതി അദ്ദേഹത്തിന് അറസ്റ്റിൽ നിന്നും താൽക്കാലിക സംരക്ഷണം അനുവദിച്ചിട്ടുണ്ട്. എങ്കിലും കേസന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ കോടതി നിർദ്ദേശിച്ചതിനെത്തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരായത് എന്നാണ് വിശദീകരണം. ലോകകപ്പ് സീസണിൽ തന്നെ മെസിയുടെ സന്ദര്‍ശന പരിപാടിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ പശ്ചിമ ബംഗാളിൽ ചൂടുപിടിക്കുകയാണ്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home