print edition എഥനോളിനായി കൂടുതൽ കരിമ്പ്; പഞ്ചസാരവില കുതിക്കുന്നു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉൽപ്പാദനത്തിലെ ഇടിവിനൊപ്പം പെട്രോളിൽ കലർത്താനുള്ള എഥനോൾ നിർമിക്കുന്നതിനായി കരിന്പിന്റെ ഉപയോഗം വർധിക്കുക കൂടി ചെയ്‌തതോടെ രാജ്യത്ത് പഞ്ചസാര വിലയിൽ വൻവർധന. ഒരു മാസത്തിനിടെ കിലോയ്‌ക്ക് 20 രൂപ കൂടി. കേന്ദ്ര ഉപഭോക്‌തൃകാര്യ വകുപ്പിന്റെ കണക്കുപ്രകാരം ചില്ലറവിപണിയിൽ പഞ്ചസാര വില കിലോയ്‌ക്ക് 65 രൂപയാണ്. ജൂലൈയിൽ ഇത് 45 രൂപയായിരുന്നു. ഓണം, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിലേക്ക് രാജ്യം നീങ്ങുമ്പോഴാണ് വില ഉയരുന്നത്.
2025–26 സീസണിൽ 343.5 ലക്ഷം ടൺ പഞ്ചസാര ഉൽപ്പാദനമാണ് പ്രതീക്ഷിച്ചത്. എന്നാൽ മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞവർഷം പെയ്‌ത കനത്ത മഴ കരിമ്പ് കൃഷിയെ ബാധിക്കുകയും പഞ്ചസാര ഉൽപ്പാദനം 309 ടണ്ണിലേക്ക് താഴുകയും ചെയ്‌തു. 30 ലക്ഷം ടൺ കരിന്പാണ് എഥനോൾ ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്നത്. ഇതോടെ വിപണിയിൽ ലഭ്യമായ പഞ്ചസാരയുടെ അളവ് 279 ടണ്ണിലേക്ക് ഇടിഞ്ഞു.
280 ലക്ഷം ടണ്ണാണ് പഞ്ചസാരയുടെ വാർഷിക ആഭ്യന്തര ഉപഭോഗം. ഉൽപ്പാദനത്തേക്കാൾ ഉപഭോഗം വർധിക്കുന്നത് കരുതൽ ശേഖരത്തെയും ബാധിക്കും. ഇൗ വർഷം 41 ലക്ഷം ടണ്ണിലേക്ക് കരുതൽ ശേഖരം ഇടിയുമെന്നാണ് റിപ്പോർട്ട്. കരുതൽ ശേഖരത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ഇടിവ്.
ഇൗ വർഷം മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലെ മഴക്കുറവും കരിമ്പ് കൃഷിയെ ബാധിച്ചേക്കും. അതിനാൽ 2026–27 സീസണിലും പഞ്ചസാര ഉൽപ്പാദനം കുറയുമെന്നാണ് വിലയിരുത്തൽ. വില വർധിച്ചതോടെ 10 ലക്ഷം ടൺ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒക്‌ടോബർ അവസാനം വരെയാണ് തീരുവരഹിത ഇറക്കുമതി അനുവദിക്കുക.
സെപ്‌തംബർ അവസാനം വരെ കയറ്റുമതിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഡീലർമാർക്ക് സംഭരിക്കാവുന്ന അളവ് 400 ടണ്ണായി പരിമിതപ്പെടുത്തുകയും ചെയ്‌തു. ഇ20 പെട്രോളിൽ ചേർക്കുന്നതിനുള്ള എഥനോൾ ഉൽപ്പാദനത്തിനായി കൂടുതൽ കരിമ്പ് നീക്കിവെയ്‌ക്കുന്നതാണ് പഞ്ചസാര വിലക്കുതിപ്പിന് കാരണമെന്നാണ് പ്രതിപക്ഷ പാർടികളുടെ വിമർശനം. ഇ20 പെട്രോൾ നയത്തിൽ എത്രയും വേഗം തിരുത്തൽ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.










0 comments