വറുതിയുടെ ഓണമുണ്ണുന്ന കേരളം

തിരുവനന്തപുരം : സംസ്ഥാനം ഇപ്പോൾ ഓണത്തിരക്കിലാണ്. തിരുവോണത്തിന് രണ്ടുദിവസം മാത്രം ശേഷിക്കേ അവശ്യവസ്തുക്കൾ വാങ്ങാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികൾ. എന്നാൽ രൂക്ഷമായ വിലക്കയറ്റം കാരണം മുൻവർഷങ്ങളിലേതുപോലെ ഓണം ആഘോഷിക്കാനാകുമോയെന്ന സംശയത്തിലാണ് ജനങ്ങൾ. അരിയും പച്ചക്കറിയുമടക്കം നിത്യോപയോഗ സാധനങ്ങൾക്കെല്ലാം കുത്തനെ വില വർധിച്ചു. വിപണിയിൽ വില ഉയരുമ്പോൾ ആശ്വാസമായി ഇടപെടേണ്ട സർക്കാരും സപ്ലൈകോയും നോക്കുകുത്തികളാണ്. സപ്ലൈകോ ഇടപെടൽ നടത്തിയെന്നും കിറ്റുകൾ നൽകിയെന്നും പറയുന്നുണ്ടെങ്കിലും വിലക്കയറ്റത്തിൽ ജനങ്ങൾക്ക് ആശ്വാസമായിട്ടില്ലെന്ന് വ്യക്തമാണ്.
എന്നാൽ വില വർധനവിന്റെ വാർത്തകൾ ഒഴിവാക്കാനെന്നോണം സപ്ലൈകോയ്ക്ക് 250 കോടിയുടെ റെക്കോർഡ് വിൽപ്പന ഓണക്കാലത്തുണ്ടായി എന്ന കാർഡിറക്കി പ്രതിരോധിക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ് സൈബർ പട. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കുകൾ സത്യം വ്യക്തമാക്കുന്നു. സെപ്തംബർ അഞ്ചിനായിരുന്നു കഴിഞ്ഞ വർഷം ഓണം. എന്നാൽ സെപ്തംബർ 2ന് തന്നെ സപ്ലൈകോ വിറ്റുവരവ് 385 കോടി കടന്നിരുന്നു.
വില ഉയർന്നപ്പോൾ മുതൽ അവശ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കിയും എല്ലാ ജില്ലകളിലും പ്രധാന കേന്ദ്രങ്ങളിലും ഓണം ഫെയർ ആരംഭിച്ചുമാണ് സപ്ലൈകോ വിലക്കയറ്റത്തിൽ ജനങ്ങൾക്ക് ആശ്വാസമായത്. എന്നാൽ പേരിനുവേണ്ടിയുള്ള ഫെയറുകളും കിറ്റുകളും മാത്രമാണ് ഇത്തവണയുള്ളത്.
സാധാരണക്കാർക്ക് ആശ്വാസമായിരുന്ന റേഷനരിയുടെയടക്കം വില കുത്തനെ വർധിപ്പിച്ചു. വില ഉയർന്നപ്പോൾ എൽഡിഎഫ് സർക്കാർ ഹോർട്ടികോർപ്പ് വഴി പച്ചക്കറികൾ വിലക്കുറവിൽ ലഭ്യമാക്കിയിരുന്നു. പൊതുവിപണിയെക്കാൾ ശരാശരി 20 മുതൽ 30 ശതമാനം കിഴിവിലായിരുന്നു വിതരണം. എന്നാൽ വിപണിയിലിടപ്പെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ യുഡിഎഫ് സർക്കാർ തുടക്കം മുതൽ പരാജയപ്പെട്ടു.
അരിയുടെ വിലയാണ് ആദ്യം കുതിച്ചുയർന്നത്. പഞ്ചസാരയും പയർവർഗങ്ങളും അടക്കമുള്ള ആവശ്യവസ്തുക്കൾക്ക് വില കുത്തനെ കൂടി. ഏറ്റവുമധികം ഡിമാൻഡുള്ള അരികൾക്ക് അഞ്ച് രൂപ മുതൽ 20 രൂപ വരെ കൂടി. ഒരു മാസത്തിനിടെ വൻ വർധനയാണുണ്ടായിരിക്കുന്നത്. സർക്കാർ വിപണിയിൽ ഇടപെടാത്തതിനാൽ വില വർധന തുടരുകയാണ്. കേരളത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന മട്ട അരിക്ക് 65 രൂപയായി ഉയർന്നു. ബസ്മതി അരിക്ക് 150 രൂപയാണ് വില.
പഞ്ചസാരയ്ക്ക് ഒറ്റയടിക്ക് രണ്ടര രൂപ കൂടി. വെളിച്ചെണ്ണവില 300 കടന്നു. പലയിടത്തും 350 മുതൽ 400 വരെയാണ് വില. ഇനിയും കൂടാനാണ് സാധ്യത. തേങ്ങയ്ക്കും കൊപ്രയ്ക്കും ക്ഷാമമില്ലെങ്കിലും തമിഴ്നാട്ടിലെ വെളിച്ചെണ്ണ വിപണനകേന്ദ്രങ്ങളുടെ ഇടപെടലാണ് മലയാളികൾക്ക് തിരിച്ചടിയാവുന്നത്. ആവശ്യത്തിന് സാധനങ്ങൾ ഉണ്ടായിട്ടും പൂഴ്ത്തിവെപ്പിലൂടെ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടാൻ മില്ലുകൾ സംഘടിതമായി ശ്രമിക്കുകയാണ്. ഓണം വിപണി മുന്നിൽക്കണ്ട് തമിഴ്നാട്ടിലെ വൻകിട കച്ചവടക്കാർ കൊപ്ര വ്യാപകമായി ശേഖരിച്ചിരുന്നു. ഇതോടെയാണ് 260ൽ നിന്നും വെളിച്ചെണ്ണ വില 300ലേക്ക് കടന്നത്. വെളിച്ചെണ്ണയിക്ക് വില കൂടിയതിനുപിന്നാലെ നാളികേരത്തിനും വില വർധിച്ചു.
പച്ചക്കറി വിലയും കുതിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ പച്ചക്കറികൾക്ക് പലതിനും 10 മുതൽ 50 രൂപ വരെയാണ് കൂടിയത്. ഇഞ്ചി, തക്കാളി, ബീറ്റ്‌റൂട്ട്, ബീൻസ് എന്നിവയ്‌ക്കാണ് വില ഒറ്റയടിക്ക് വർധിച്ചത്.വിപണിയിൽ ഇത്രയും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും സർക്കാർ ചെറുവിരൽ പോലും അനക്കാത്തത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു.
റേഷൻകടവഴി വിതരണം ചെയ്യുന്ന പ്രത്യേക അരിയുടെ വില ഒന്നര ഇരട്ടിയിലധികം വർധിപ്പിച്ചു. കഴിഞ്ഞവർഷം എൽഡിഎഫ് സർക്കാർ കിലോയ്‌ക്ക് 10.90 രൂപ നിരക്കിൽ വിതരണംചെയ്‌ത അരിക്കാണ് 15.10 രൂപ കൂട്ടി 26 രൂപയാക്കിയത്. വിതരണം ചെയ്യുന്ന അരിയുടെ അളവും കുറച്ചു. മുൻഗണനാ വിഭാഗത്തിന് (പിങ്ക് കാർഡ്) നൽകിയ അഞ്ചുകിലോ പ്രത്യേക അരി മൂന്നുകിലോയാക്കി. ഇതിനൊക്കെ പുറമെ പൂക്കളുടെയടക്കം വില കുത്തനെ വർധിച്ചു.
സർക്കാരിന്റെ ഇടപെടലില്ലാതെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാനാകില്ല. അവശ്യവസ്‌തുക്കൾക്ക് വില കൂടുന്നതിനൊപ്പം ഇന്ധനവിലയും അടിക്കടി വർധിക്കുന്നത് മലയാളികൾക്ക് ഇരട്ടിഭാരമാണ് ഉണ്ടാക്കുന്നത്. ഓണംപോലുള്ള ഉത്സവകാലങ്ങളിലാണ് വിലക്കയറ്റത്തിന്റെ ആഘാതങ്ങൾ ഫലപ്രദമായി പ്രതിരോധിക്കേണ്ടത്. എന്നാൽ അത് ഇവിടെ സാധിക്കുന്നില്ല. 2016 മുതലുള്ള 10 വർഷം ഒരിക്കൽപ്പോലും കേരളത്തിലെ ജനങ്ങൾക്ക് ഇതിന്റെ ദുരിതം പേറേണ്ടിവന്നിട്ടില്ല. മാവേലി സ്റ്റോറിനെ തകർക്കാൻ വാമനൻ സ്റ്റോറും കുടുംബശ്രീയെ തകർക്കാൻ ജനശ്രീയുംപോലുള്ള പാഴായ പരീക്ഷണങ്ങൾ നടത്തിയ ചരിത്രമുള്ള യുഡിഎഫിന്, ഒരിക്കൽപ്പോലും ജനകീയപ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്ന് നോക്കിക്കാണാനാകില്ല.










0 comments