മുന്നറിയിപ്പില്ലാതെ ഇപിഎഫ്ഒ വെബ്‌സൈറ്റ് താൽക്കാലികമായി പൂട്ടി; ജൂലൈ 1 വരെ സേവനങ്ങൾ മുടങ്ങും

ന്യൂഡൽഹി: കോടിക്കണക്കിന് തൊഴിലാളികൾ ആശ്രയിക്കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) ഔദ്യോഗിക വെബ്‌സൈറ്റ് വരിക്കാർക്ക് മുൻകൂട്ടി യാതൊരു മുന്നറിയിപ്പും നൽകാതെ അധികൃതർ താൽക്കാലികമായി പൂട്ടി. സിസ്റ്റം മൈഗ്രേഷന്റെയും സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡേഷന്റെയും പേരുപറഞ്ഞ് ജൂൺ 26 വെള്ളി അർദ്ധരാത്രി മുതൽ പോർട്ടൽ ലഭ്യമാകില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
എന്നാൽ ജൂലൈ 1 വരെ സേവനങ്ങൾ ലഭ്യമാകില്ലെന്ന അറിയിപ്പാണ് ഇപ്പോൾ വെബ്‌സൈറ്റ് തുറക്കുമ്പോൾ കാണാൻ സാധിക്കുന്നത്. ഇത് അടിയന്തിര ആവശ്യങ്ങൾക്കായി പോർട്ടലിനെ ആശ്രയിച്ച ഉപഭോക്താക്കളെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. വെബ്‌സൈറ്റ് തുറന്നപ്പോഴാണ് ഈ വിവരം ഉപഭോക്താക്കൾ പോലും അറിയുന്നത്.
എല്ലാ സേവനങ്ങളും പൂർണമായും ഓൺലൈനിലാക്കിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴാണ്, കൃത്യമായ മുൻകരുതലുകളോ അറിയിപ്പുകളോ ഇല്ലാതെ ഇത്തരമൊരു ജനദ്രോഹ നടപടി. ജൂൺ 29-ഓടെ സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും വരിക്കാരുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല.
ഡാറ്റാബേസ് ഏകീകരണവും ക്ലെയിം പ്രൊസസ്സിംഗ് സിസ്റ്റം നവീകരണവുമാണ് നടക്കുന്നതെന്നാണ് ഇപിഎഫ്ഒയുടെ വാദം. പുതിയ ക്ലെയിം അപേക്ഷകൾ (പിഎഫ് പിൻവലിക്കൽ, ട്രാൻസ്ഫർ എന്നിവ) സമർപ്പിക്കാൻ സാധിക്കാത്തതും നിലവിലുള്ള അപേക്ഷകളുടെ പ്രൊസസ്സിംഗ് നിർത്തിവെച്ചതുമാണ് സാധാരണക്കാരായ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്. ജൂൺ 26-ന് മുൻപ് സമർപ്പിച്ച അപേക്ഷകൾ റദ്ദാക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും വെബ്‌സൈറ്റ് വീണ്ടും തുറന്ന ശേഷമേ തുടർനടപടികൾ ഉണ്ടാകൂ.










0 comments