print edition മൂന്നാം വർഷവും പിഎഫ് പലിശനിരക്ക് കൂട്ടാതെ കേന്ദ്രം


സ്വന്തം ലേഖകൻ
Published on Jun 19, 2026, 01:50 AM | 1 min read
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം വർഷവും ഇപിഎഫ് പലിശനിരക്കിൽ നേരിയ വർധനവ് പോലും വരുത്താതെ കേന്ദ്രസർക്കാർ. 2025–26 സാമ്പത്തികവർഷത്തിലെ പലിശനിരക്ക് 8.25 ശതമാനമായി തന്നെ തുടരാൻ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു. 2023–24 വർഷം മുതൽ 8.25 ശതമാനം പലിശനിരക്കാണ് ഏഴുകോടിയിലേറെ വരുന്ന ഇപിഎഫ് വരിക്കാർക്ക് ലഭിക്കുന്നത്. 2025–26 വർഷത്തിലെ പലിശ ഇൗ മാസം തന്നെ ഇപിഎഫ് അക്കൗണ്ടുകളിലെത്തും.
പലിശനിരക്ക് 8.25 ശതമാനമായി തന്നെ നിലനിർത്താൻ കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഇപിഎഫ് ട്രസ്‌റ്റി ബോർഡ് യോഗം മാർച്ച് രണ്ടിന് ശുപാർശ ചെയ്‌തിരുന്നു. ഇൗ ശുപാർശ ധനമന്ത്രാലയം അതേപടി അംഗീകരിക്കുകയാണുണ്ടായത്. 2010–11 കാലയളവിൽ 9.50 ശതമാനമായിരുന്ന പലിശനിരക്ക് തുടർന്ന് ഘട്ടംഘട്ടമായി കുറയ്‌ക്കുകയായിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 2015–16 വർഷത്തിൽ 8.8 ശതമാനമായിരുന്നു പലിശനിരക്ക്. 2021–22 ൽ പലിശനിരക്ക് 8.10 ശതമാനത്തിലേക്ക് മോദി സർക്കാർ താഴ്‌ത്തി. 1978 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പലിശനിരക്കായിരുന്നു ഇത്. പിന്നീട് 2023–24 വർഷത്തിലാണ് നേരിയ വർധനവ് വരുത്തി 8.25 ശതമാനത്തിൽ എത്തിച്ചത്.








0 comments