നഴ്സുമാരുടെ വസ്ത്രധാരണം ബ്രിട്ടീഷ് കാലത്തേത്; ലൈംഗികവൽക്കരിക്കപ്പെട്ട തൊഴിലാണത്: വിവാദപരാമർശവുമായി കങ്കണ

മുംബൈ: രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലഘട്ടത്തിന്റെ സ്വാധീനമുള്ളതാണെന്നും നഴ്‌സിംഗ് രംഗം കടുത്ത സ്റ്റീരിയോടൈപ്പുകളും ലൈംഗികവത്കരണവും നേരിടുന്നുണ്ടെന്നുമുള്ള വിവാദ പരാമർശവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്.
പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ ചിത്രമായ 'ഭാരത് ഭാഗ്യ വിധാത'യുടെ ട്രെയിലർ ലോഞ്ചിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കങ്കണയുടെ ഈ പരാമർശം. ഒന്നും രണ്ടും ലോകമഹായുദ്ധ കാലത്തെ യുഎസ് നാവികസേനയുടെ നഴ്‌സുമാരുടെ രീതിയാണ് പിന്ന് വെച്ച് കുത്തിവെക്കുന്ന തൊപ്പിയും ബെൽറ്റും ഉൾപ്പെടെയുള്ള ഇപ്പോഴത്തെ വസ്ത്രധാരണമെന്ന് കങ്കണ വാദിച്ചു.
ഡോക്ടർമാർക്ക് എന്തും ധരിക്കാമെന്നിരിക്കെ, കടുത്ത ചൂടിലും തണുപ്പിലും നഴ്സുമാർക്ക് മാത്രം വിദേശ ലുക്കുള്ള ഈ വേഷം നിർബന്ധമാക്കുന്നത് ശരിയല്ലെന്നും അവരുടെ താല്പര്യപ്രകാരം യൂണിഫോം 'ഭാരതീയ വൽക്കരിക്കാൻ' തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
2008-ലെ 26/11 മുംബൈ ഭീകരാക്രമണത്തിൽ ഭീകരരെ ധീരമായി നേരിട്ട കാമ ആശുപത്രിയിലെ ജീവനക്കാരുടെ യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് മനോജ് തപാഡിയ 'ഭാരത് ഭാഗ്യ വിധാത' ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു സ്റ്റാഫ് നഴ്സായാണ് കങ്കണ വേഷമിടുന്നത്.
കങ്കണയുടെ ഈ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്. നഴ്സുമാരുടെ വസ്ത്രധാരണത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന രീതിയിലാണ് നടിയുടെ വാക്കുകളെന്നാണ് ആക്ഷേപം.
യൂണിഫോം പരിഷ്കരിക്കുന്നതിനേക്കാൾ മുൻപ് തകർന്ന ഭിത്തികളും ആവശ്യത്തിന് ഉപകരണങ്ങളുമില്ലാത്ത സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ജനപ്രതിനിധി കൂടിയായ കങ്കണ ശ്രമിക്കേണ്ടതെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.










0 comments