ad
Deshabhimani

print edition ഉ‍ൗർജപ്രതിസന്ധി; സ്ഥിതി രൂക്ഷമാകുമെന്ന്‌ ധനമന്ത്രാലയം

crude oil
avatar
എം അഖിൽ

Published on Mar 09, 2026, 12:00 AM | 1 min read

 ന്യൂഡൽഹി ​: പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതമായി തുടർന്നാൽ രാജ്യത്ത്‌ ഉ‍ൗർജ പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമാകുമെന്നും പുറംരാജ്യങ്ങളുമായുള്ള സാന്പത്തികഇടപാടുകൾ അവതാളത്തിലാകുമെന്നും റിപ്പോർട്ട്‌. ധനമന്ത്രാലയത്തിന്റെ സാന്പത്തികകാര്യ വിഭാഗ(ഡിഇഎ)ത്തിന്റെ വിശകലനത്തിലാണ്‌ മുന്നറിയിപ്പ്. സംഘർഷം അനിശ്ചിതമായി തുടർന്നാൽ രാജ്യത്തെ ഇന്ധന, വാതക വില കുത്തനെകൂടും. വലിയ വിലക്കയറ്റം അനിവാര്യമാകും. വ്യാപാരകമ്മി കുതിച്ചുയരും. രൂപയുടെ മേലുള്ള സമ്മർദം വർധിക്കും. ക്ര‍ൂഡിനെയും എൽഎൻജിയെയും ആശ്രയിക്കുന്ന വളം, പെട്രോകെമിക്കൽ മേഖലകളിലും അതിന്റെ പ്രഭാവമുണ്ടാകും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക്‌ വരുംവർഷങ്ങളിലെ സാന്പത്തിക വിനിയോഗ മുൻഗണനകളിൽ മാറ്റം അനിവാര്യമാണെന്നും റിപ്പോർട്ടില്‍ പറയുന്നു.


പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത്‌ പാചകവാതക വില കഴിഞ്ഞദിവസം വർധിപ്പിച്ചിരുന്നു. പെട്രോൾ, ഡീസൽ വിലയിൽ അടുത്തൊന്നും വർധനവുണ്ടാകില്ലെന്ന്‌ കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാൽ, സംഘർഷത്തിന്റെ പേരിൽ ഇന്ധന, വാതക വില കേന്ദ്രസർക്കാർ വൻതോതിൽ വർധിപ്പിക്കും. ആഗോളതലത്തിൽ ക്ര‍ൂഡ്‌ വില കുറഞ്ഞ അവസരങ്ങളിൽ അതിനനുസൃതമായി ഇന്ധന, വാതക വിലകൾ കുറച്ചിട്ടില്ല.


ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി 2024 മാർച്ചിലാണ്‌ ഒടുവിൽ പെട്രോൾ, ഡീസൽ വില കുറച്ചത്‌. ഇ‍ൗ സാഹചര്യത്തിൽ, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പേരിൽ വില വർധിപ്പിക്കുന്നത്‌ ജനദ്രോഹമാണെന്ന വിമർശം ശക്തമാണ്‌. സംഘർഷങ്ങളുടെ ഭാരം വലിയരീതിയിൽ സാധാരണക്കാർക്ക്‌ അനുഭവപ്പെടാതിരിക്കാൻ പരമാവധി യത്നിക്കുന്നുണ്ടെന്നാണ്‌ കേന്ദ്രസർക്കാരിന്റെ അവകാശവാദം. എന്നാൽ, ഒന്നോ രണ്ടോ ആഴ്‌ച കഴിഞ്ഞാൽ എന്താകും അവസ്ഥയെന്ന്‌ ഇപ്പോൾ പ്രവചിക്കാനാവില്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ചരക്കുഗതാഗത സ്‌തംഭനം തുടർന്നാൽ, ആഗോളതലത്തിൽ വൻപ്രത്യാഘാതമുണ്ടാകും. അതുകാരണം ജനങ്ങൾക്ക്‌ പ്രയാസമുണ്ടാകാനിടയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home