കശ്മീരിൽ ഉദ്ദംപൂരിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ബസന്ത്ഗഡിലെ ബിഹാലി മേഖലയിൽ സൈന്യവും കശ്മീർ പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഏറ്റുമുട്ടലിന്റെ വിവരം സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അമർനാഥ് യാത്രയ്ക്ക് തൊട്ടുമുമ്പാണ് പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായത് എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ജൂലൈ 3 മുതൽ ആഗസ്ത് 8 വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന യാത്രയ്ക്ക് പഹൽഗാം, ബൽതാൽ എന്നിങ്ങനെ രണ്ട് വഴികളുണ്ട്.
തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പുലർച്ചെയാണ് ഇരുവിഭാഗവും വെടിയുതിർക്കാൻ ആരംഭിച്ചതെന്നും ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നുമാണ് വിവരം. ഓപ്പറേഷൻ ബിഹാലി എന്നാണ് ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്. നാല് ഭീകരർ പ്രദേശത്തുണ്ടെന്ന് കരുതുന്നതായി സൈനികവൃത്തങ്ങൾ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ കാലാവസ്ഥ തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. പ്രദേശത്തുള്ള ഭീകരർ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്നാണ് വിവരം. സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ബുധനാഴ്ച രാത്രി സാംബ ജില്ലയിലെ പുർമണ്ഡലിലും സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു.










0 comments