നഷ്ടപരിഹാരം വൈകിയാൽ പിഴ ഇൻഷുറൻസ് കമ്പനിയല്ല, തൊഴിലുടമ തന്നെ നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തിയാൽ തൊഴിലുടമ സ്വന്തം കയ്യിൽ നിന്ന് പിഴ ഒടുക്കണമെന്ന് സുപ്രീംകോടതി. എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരത്തുക നൽകാൻ വൈകിയാൽ, അപകട ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിൽ പോലും പിഴത്തുക തൊഴിലുടമ നൽകണമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തൊഴിലാളികൾക്ക് അനുകൂലമായി നിയമത്തെ വ്യാഖ്യാനിക്കണമെന്നും, നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട സെക്ഷൻ 4എ(3)(ബി) പ്രകാരമുള്ള പിഴ നൽകാനുള്ള ബാധ്യത തൊഴിലുടമയ്ക്കായിരിക്കുമെന്നും കോടതി പറഞ്ഞു.
നഷ്ടപരിഹാരം നൽകാൻ വൈകുന്ന സാഹചര്യത്തിൽ പിഴ നൽകേണ്ടത് തൊഴിലുടമയല്ല, മറിച്ച് ഇൻഷുറൻസ് കമ്പനിയാണെന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരെ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്. ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
"തൊഴിലിനിടയിലോ അതുമായി ബന്ധപ്പെട്ടോ സംഭവിക്കുന്ന അപകടങ്ങളിൽ പരിക്കേറ്റാൽ ചികിത്സാ ചെലവ് വഹിക്കാനും മരണം സംഭവിച്ചാൽ കുടുംബത്തിന്റെ ഉപജീവനത്തിനുമായിട്ടാണ് നിയമം വിഭാവനം ചെയ്തിരിക്കുന്നത്.," എന്ന് ബെഞ്ച് നിരീക്ഷിച്ചു.
കേസിന്റെ പശ്ചാത്തലം:
2017 ഫെബ്രുവരിയിൽ തൊഴിലുടമയുടെ വാഹനം ഓടിക്കുന്നതിനിടെ ഒരു തൊഴിലാളി മരിക്കുകയും, നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കാത്തതിനെത്തുടർന്ന് കുടുംബം ജൂലൈയിൽ ലേബർ കമീഷണറെ സമീപിക്കുകയും ചെയ്തു. കമീഷണർ 7.36 ലക്ഷം രൂപ നഷ്ടപരിഹാരമായും അതിന് 12% പലിശയും വിധിച്ചു. കൂടാതെ, പണമടയ്ക്കാൻ വൈകിയതിന് തൊഴിലുടമയ്ക്ക് മേൽ 35% പിഴയായി 2.57 ലക്ഷം രൂപയും ചുമത്തി. വാഹനത്തിന് സാധുവായ ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നതിനാൽ, പിഴ ഒഴികെയുള്ള നഷ്ടപരിഹാരത്തുക ഇൻഷുറൻസ് കമ്പനിയാണ് നൽകേണ്ടിയിരുന്നത്.
എന്നാൽ, പിഴത്തുക കൂടി ഇൻഷുറൻസ് കമ്പനി നൽകണമെന്നും തൊഴിലുടമയല്ല നൽകേണ്ടതെന്നും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
1995ലെ ഭേദഗതിയിലൂടെ പിഴയെ നഷ്ടപരിഹാരത്തിൽ നിന്നും പലിശയിൽ നിന്നും വേർപെടുത്തിയിട്ടുണ്ടെന്ന് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. "നഷ്ടപരിഹാരവും പലിശയും നിശ്ചിത സമയമായ ഒരു മാസത്തിനുള്ളിൽ നൽകാൻ തൊഴിലുടമകൾ വിമുഖത കാണിച്ചിരുന്നു. മുൻപ് പിഴയും നഷ്ടപരിഹാരത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്നതിനാൽ ഇൻഷുറൻസ് കമ്പനികൾ അത് നൽകാൻ നിർബന്ധിതരായി. ഇതിനാൽ കൃത്യസമയത്ത് തുക നിക്ഷേപിക്കാൻ തൊഴിലുടമകൾക്ക് പ്രേരണയൊന്നും ഇല്ലാതായി. ഇത് ഒരു മാസത്തിനുള്ളിൽ തുക നൽകണമെന്ന വ്യവസ്ഥയെ അപ്രസക്തമാക്കുകയും പിഴ എന്ന നിയമം വെറും ഒരു കടലാസ് രേഖ മാത്രമായി മാറുകയും ചെയ്തു," എന്ന് കോടതി ചൂണ്ടിക്കാട്ടി.










0 comments