അടിയന്തരാവസ്ഥ ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ; എൻസിഇആർടിയുടെ പുതിയ നടപടി

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ അൻപതാം വാർഷിക വേളയിൽ, വിഷയം ആദ്യമായി ഒൻപതാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി എൻസിഇആർടി. "അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്" എന്ന പുതിയ പാഠപുസ്തകത്തിലാണ് ഇന്ത്യൻ ജനാധിപത്യം നേരിട്ട പ്രധാന വെല്ലുവിളികളിലൊന്നായി അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്നത്.
ജനാധിപത്യത്തിന്റെ ശക്തിയെയും വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഭാഗം കൂട്ടിച്ചേർത്തത്. 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങളും അത് ജനാധിപത്യ അവകാശങ്ങളിൽ ചെലുത്തിയ സ്വാധീനവും പാഠപുസ്തകം വിശദീകരിക്കുന്നു.
1970-കളുടെ തുടക്കത്തിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, ഭരണകൂടത്തിനെതിരെയുള്ള ആക്ഷേപങ്ങൾ എന്നിവയെത്തുടർന്ന് ഇന്ദിരാഗാന്ധി നയിച്ച സർക്കാരിനെതിരെ ഉയർന്ന ജനകീയ പ്രതിഷേധങ്ങളാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചതെന്ന് പുസ്തകം പറയുന്നു.
'ആഭ്യന്തര അസ്വസ്ഥത' എന്ന കാരണത്താൽ 1975 ജൂണിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ കാലയളവിൽ മൗലികാവകാശങ്ങൾ മരവിപ്പിക്കുകയും പത്രമാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുകയും രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും തടവിലാക്കുകയും ചെയ്തു. ജനാധിപത്യ സ്ഥാപനങ്ങൾ കടുത്ത സമ്മർദ്ദത്തിലായെന്നും പൗരന്മാരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്നും പുസ്തകം വ്യക്തമാക്കുന്നു.
അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭങ്ങളിൽ ലോക് നായക് ജയപ്രകാശ് നാരായണന്റെ പങ്കിനെക്കുറിച്ചും പുസ്തകം പരാമർശിക്കുന്നുണ്ട്. ബിഹാറിലും ഗുജറാത്തിലും വിദ്യാർത്ഥികളെയും പൗരന്മാരെയും അണിനിരത്തി അദ്ദേഹം നയിച്ച ജനകീയ മുന്നേറ്റങ്ങൾ നിർണ്ണായകമായിരുന്നു.
1977-ൽ അടിയന്തരാവസ്ഥ പിൻവലിക്കുകയും പൊതുതെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാണെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു.
അടിയന്തരാവസ്ഥയ്ക്ക് പുറമേ വ്യാജവാർത്തകൾ, ദാരിദ്ര്യം, പ്രാദേശികവാദം, സാമൂഹിക വിവേചനം, ലിംഗ അസമത്വം തുടങ്ങിയ ജനാധിപത്യം നേരിടുന്ന മറ്റ് വെല്ലുവിളികളും പാഠപുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. കൂടാതെ, പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി "ഡെമോക്രസി ആൻഡ് യൂ" എന്ന പുതിയ വിഭാഗവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.










0 comments