ad
Deshabhimani

print edition ഇഡി വേട്ടയാടൽ: കോൺഗ്രസ് ഇരട്ടത്താപ്പ്‌

CONGRESS ED CASE.jpg
avatar
സ്വന്തം ലേഖകൻ

Published on Sep 10, 2026, 12:02 AM | 2 min read

ന്യൂഡൽഹി: സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെയോ അതല്ലെങ്കിൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ്‌ റോബർട്ട്‌ വാദ്രയ്‌ക്കെതിരെയോ ഇഡി അടക്കമുള്ള ഏജൻസികൾ അന്വേഷണത്തിലേക്ക്‌ കടന്നാൽ കോൺഗ്രസിന്‌ അത്‌ രാഷ്‌ട്രീയ വേട്ടയാണ്‌. എന്നാൽ ആംആദ്‌മി പാർടി, സിപിഐ എം തുടങ്ങിയ പാർടികളിലെ നേതാക്കൾക്കെതിരെ ഇത്തരം ഏജൻസികൾ നീങ്ങുമ്പോൾ അത്യാഹ്ലാദവും. മാത്രമല്ല മറ്റ് പ്രതിപക്ഷ പാർടികളിലെ നേതാക്കളെ വേട്ടയാടാൻ കോൺഗ്രസ്‌ തന്നെ കേന്ദ്രഏജൻസികൾക്ക്‌ ആയുധമെത്തിക്കുകയും ചെയ്യും.


എഎപി സർക്കാരിന്റെ മദ്യനയത്തിൽ അഴിമതിയുണ്ടെന്ന ആക്ഷേപവുമായി കോൺഗ്രസാണ്‌ ആദ്യം രംഗത്തുവന്നത്‌. 2022ൽ ഡൽഹി കോൺഗ്രസ്‌ പ്രസിഡന്റായിരുന്ന ച‍ൗധുരി അനിൽ കുമാറാണ്‌ പരാതി നൽകിയത്‌. അജയ്‌ മാക്കൻ, പവൻ ഖേര തുടങ്ങിയവർ തുടർച്ചയായി അഴിമതിയാരോപണം ഉന്നയിച്ചു. എഎപി പാർടി ഓഫീസിന്‌ മുന്നിലേക്ക്‌ കോൺഗ്രസ്‌ മാർച്ച്‌ സംഘടിപ്പിച്ചു. പിന്നാലെ മദ്യനയം അന്വേഷിക്കാൻ ഡൽഹി ലെഫ്‌. ഗവർണർ സിബിഐക്ക്‌ നിർദേശം നൽകി. ഇഡിയും കേസെടുത്തു. മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ, മന്ത്രി സത്യേന്ദ്ര ജയിൻ, രാജ്യസഭാംഗം സഞ്‌ജയ്‌ സിങ്‌ തുടങ്ങിയ എഎപി നേതാക്കളെയും ഭാരത്‌ രാഷ്‌ട്ര സമിതി നേതാവായിരുന്ന കെ കവിതയെയും ജയിലിലടച്ചു.


ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലും കോൺഗ്രസ്‌ മദ്യനയം പ്രചാരണ വിഷയമാക്കി. എഎപിക്കെതിരായ കോൺഗ്രസ്‌ പ്രചാരണം തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിൽ കലാശിച്ചു. നാലുവർഷത്തെ വേട്ടയാടലിന്‌ ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ വിചാരണക്കോടതി എഎപി നേതാക്കൾക്കെതിരായ കേസ്‌ തള്ളി. കെജ്‌രിവാൾ അടക്കം എല്ലാവരെയും കുറ്റവിമുക്തരാക്കി.


കോൺഗ്രസ്‌ നേതാക്കൾ 
മുമ്പ് പറഞ്ഞത്‌


'ഇന്റലിജൻസ്‌ ഏജൻസികളും ഇഡിയും സിബിഐയുമെല്ലാം രാഷ്‌ട്രീയായുധങ്ങളായി മാറി. ബിജെപിക്കെതിരെ ഇഡിക്കും സിബിഐക്കും ഒരു കേസുമില്ല. എല്ലാ കേസുകളും അവരുടെ എതിരാളികൾക്കെതിരെയാണ്‌'- രാഹുൽ ഗാന്ധി


​'അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കളെ ദ്രോഹിച്ചും സ്ഥാപനങ്ങളെ അട്ടിമറിച്ചും ജനാധിപത്യത്തെ കശാപ്പുചെയ്യാനുള്ള ഗൂഢനീക്കമാണ്‌ മോദി സർക്കാർ നടത്തുന്നത്‌'- മല്ലികാർജുൻ ഖാർഗെ


​'ഇഡിയും സിബിഐയും പോലുള്ള ഫെഡറൽ ഏജൻസികളെ സ്വകാര്യ സേനയായാണ്‌ ഭരണകക്ഷി പരിഗണിക്കുന്നത്‌. സ്വതന്ത്ര നിയമപാലനം ഉറപ്പാക്കുന്നതിനുപകരം രാഷ്‌ട്രീയ എതിരാളികളെ വേട്ടയാടാൻ ഇ‍ൗ സേനയെ ദുരുപയോഗിക്കുകയാണ്‌'- പവൻ ഖേര കോൺഗ്രസ്‌ വക്താവ്‌


​'ഇഡിയുടെ അധികാരങ്ങൾ ശരിവച്ചുള്ള സുപ്രീംകോടതിവിധി ഇന്ത്യയിൽ രാജ്യവ്യാപക പ്രത്യാഘാതം സൃഷ്‌ടിക്കും. മോദി സർക്കാർ തുടരുന്ന രാഷ്‌ട്രീയ വേട്ടയാടലുകളുടെ പശ്‌ചാത്തലത്തിൽ പ്രത്യേകിച്ചും'- ജയ്‌റാം രമേശ്‌


​'രാഷ്‌ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രസർക്കാർ ഇഡിയെ പോലുള്ള പാവ ഏജൻസികളെ ദുരുപയോഗിക്കുകയാണ്‌’ – കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ (നാഷണൽ ഹെറാൾഡ്‌ അഴിമതിക്കേസിൽ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതിചേർത്തപ്പോൾ പ്രതികരിച്ചത്‌) ഇല്ലാത്ത കുറ്റങ്ങൾ കെട്ടിച്ചമയ്‌ക്കുന്നതിൽ ഇഡിക്ക്‌ നൊബേൽ സമ്മാനം നൽകണം'- മനു അഭിഷേക്‌ സിങ്‌വി (കോൺഗ്രസ്‌ വക്താവ്‌)





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home