മഹേഷ് ബാബുവിന് ഇ ഡിയുടെ സമൻസ്: നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍

ഹൈദരാബാദ് : തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) സമൻസ്. റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാണിച്ച് സമൻസ് അയച്ചത്. 28ന് ഹാജരാകാനാണ് നിർദേശം. ഹൈദരാബാദിലെ റിയൽ എസ്റ്റേറ്റ് ഫേമുകളായ സായ് സൂര്യ ഡെവലപ്പേഴ്സ്, സുരാന ഗ്രൂപ്പ് എന്നിവരുൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടനെ ചോദ്യം ചെയ്യുന്നത്.
സായ് സൂര്യ ഡെവലപ്പേഴ്സുമായുള്ള മഹേഷ് ബാബുവിന്റെ പണമിടപാടുകളെപ്പറ്റിയും അടുത്തിടെ നടന് പണമായി ലഭിച്ച 2.5 കോടി രൂപയെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം. റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളുടെ പരസ്യം ചെയ്യുന്നതിനായി നടന് 5.9 കോടി രൂപ ലഭിച്ചുവെന്നാണ് ഇഡി പറയുന്നത്. അതിൽ 3.4 കോടി ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി പണം അല്ലാതെയുമാണ് ലഭിച്ചതെന്നാണ് ഇഡിയുടെ ഭാഷ്യം. ഈ പണത്തിന്റെ ഉറവിടത്തെപ്പറ്റി സംശയമുണ്ടെന്നും റിയൽ എസ്റ്റേറ്റ് ഉടമകൾ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത തുകയാണ് ഇതെന്ന് കരുതുന്നതായും ഇ ഡി പറയുന്നു.
ഭാഗ്യനഗർ പ്രോപ്പർട്ടീസ് ലിമിറ്റഡിന്റെ ഡയറക്ടർ നരേന്ദ്ര സുരാന, സായ് സൂര്യ ഡെവലപ്പേഴ്സ് ഉടമ കെ സതീഷ് ചന്ദ്ര ഗുപ്ത എന്നിവർക്കെതിരെ തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിനെ തുടർന്നാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. അനധികൃത ലേഔട്ടുകളിൽ പ്ലോട്ടുകൾ വാഗ്ദാനം ചെയ്തും, ഒരേ പ്ലോട്ടുകൾ ഒന്നിലധികം തവണ വിൽപ്പന നടത്തിയും, തെറ്റായ രജിസ്ട്രേഷൻ വിവരങ്ങൾ നൽകിയും ഉപഭോക്താക്കളിൽ നിന്ന് പ്രസ്തുത സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപ മുൻകൂറായി പിരിച്ചെടുത്തതായാണ് ആരോപണം.
സായ് സൂര്യ ഡെവലപ്പേഴ്സിനായി നടൻ ചെയ്ത പരസ്യങ്ങളെത്തുടർന്ന് നിരവധി പേർ ഇവരിൽ ഇൻവെസ്റ്റ് ചെയ്തതായും ഇ ഡി പറയുന്നു. കള്ളപ്പണം വെളുപ്പിക്കലിൽ മഹേഷ് ബാബുവിന് നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും ഡെവലപ്പേഴ്സിൽ നിന്ന് നടന് ലഭിച്ച തുകയെപ്പറ്റിയാണ് അന്വേഷിക്കുന്നതെന്നും ഇ ഡി പറയുന്നു.









0 comments