print edition സോണിയക്കും രാഹുലിനുമെതിരെ ഇഡി: കോൺഗ്രസ് പ്രതികരിച്ചത് ആക്രമണ സമരങ്ങളിലൂടെ


സ്വന്തം ലേഖകൻ
Published on Sep 10, 2026, 12:16 AM | 2 min read
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ സോണിയാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യംചെയ്‌ത ഘട്ടത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി ആക്രമണം അഴിച്ചുവിട്ടു. 2022 ജൂണിലാണ് രാഹുൽഗാന്ധിയെ അഞ്ച് ദിവസങ്ങളിലായി ഇഡി ചോദ്യംചെയ്‌തത്. സോണിയാ ഗാന്ധിയെ അതേവർഷം ജൂലൈയിൽ മൂന്നുദിവസം ചോദ്യംചെയ്‌തു. രണ്ടവസരങ്ങളിലും ജനങ്ങളെയാകെ ഭീതിയിലാഴ്‌ത്തിയുള്ള അക്രമസമരം നടത്തുകയായിരുന്നു കോൺഗ്രസ്. ഡൽഹി, ഹൈദരാബാദ്, ബംഗളൂരു, നാഗ്‌പുർ എന്നിവിടങ്ങളിലായിരുന്നു മുഖ്യമായും അക്രമസംഭവങ്ങൾ. വിവിധ സംസ്ഥാനങ്ങളിലെ ഇഡി ആസ്ഥാനത്തേക്കും ജില്ലാ ഓഫീസുകളിലേക്കും രാജ്‌ഭവനുകളിലേക്കും നടത്തിയ പ്രതിഷേധ മാർച്ചിന്റെ മറവിലായിരുന്നു അക്രമം. ഹൈദരാബാദിൽ തെലങ്കാന പിസിസി ആഹ്വാനംചെയ്‌ത ‘ചലോ രാജ്‌ഭവൻ’ മാർച്ചിനിടെ പ്രവർത്തകർ ഇരുചക്ര വാഹനങ്ങൾ കത്തിച്ചു, ബസുകളുടെ ചില്ലുകൾ അടിച്ചുതകർത്തു. മുതിർന്ന നേതാവ് രേണുക ചൗധരി പൊലീസ് ഉദ്യോഗസ്ഥന്റെ കോളറിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി.
ബംഗളുരുവിൽ പ്രതിഷേധിച്ച കോൺഗ്രസുകാർ ശാന്തിനഗറിലും ശേഷാദ്രിപുരത്തും കാറുകൾ കത്തിച്ചു. ഡൽഹി ഇഡി ആസ്ഥാനത്തേക്ക് മാർച്ച്‌ചെയ്‌ത പ്രവർത്തകർ നിരത്തുകളിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. പലയിടത്തും ട്രെയിനുകൾ തടഞ്ഞു. പൊലീസിന് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കേണ്ടി വന്നു. സോണിയക്കും രാഹുലിനുമെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച വേളയിലും കോൺഗ്രസ് രാജ്യവ്യാപകമായി അക്രമം അഴിച്ചുവിട്ടു. കേരളത്തിൽ വി ഡി സതീശന്റെ നേതൃത്വത്തിൽ ജൂലൈ 27ന് ലോക്‌ഭവനിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരത്തും കൊല്ലത്തും തിരുവല്ലയിലും കോഴിക്കോടും കൊച്ചിയിലും കണ്ണൂരിലും ട്രെയിൻ തടഞ്ഞിട്ടു. മണിക്കൂറുകളോളം ജനങ്ങളെ ബുദ്ധിമുട്ടിച്ചു. പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി.
വാദ്രക്കെതിരെ മെല്ലെപ്പോക്ക്
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്കെതിരായ അഴിമതിക്കേസുകളിൽ ഇഡി ഉൾപ്പെടെ കേന്ദ്രഏജൻസികൾക്ക് മെല്ലെപ്പോക്ക്. പ്രിയങ്കയ്‌ക്കെതിയെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ കേസെടുക്കാനും കേന്ദ്ര ഏജൻസികൾ തയ്യാറായിട്ടില്ല.
റിയൽ എസ്റ്റേറ്റ് കുത്തകയായ ഡിഎൽഎഫുമായി റോബർട്ട് വാദ്രയുടെ സാമ്പത്തിക ഇടപാടാണ് വിവാദമായത്. യുപിഎ സർക്കാരിന്റെ കാലത്ത് ഗുഡ്‌ഗാവിലെ ശിഖോപ്പുരിൽ വാദ്രയുടെ സ്‌കൈലൈറ്റ് കമ്പനി ഏഴരക്കോടി രൂപയ്‌ക്ക് മൂന്നരയേക്കർ ഭൂമി സ്വന്തമാക്കി. ഹരിയാനയിൽ അന്ന് ഭരണത്തിലുള്ള കോൺഗ്രസ് സർക്കാരിനെ സ്വാധീനിച്ച് വാണിജ്യ നിർമാണത്തിന് ലൈസൻസും സ്വന്തമാക്കി. പിന്നാലെ 58 കോടി രൂപയ്‌ക്ക് ഭൂമി ഡിഎൽഎഫ് വാങ്ങി. ഭൂമിയിടപാട് അന്വേഷിച്ച ഇഡി അഴിമതി ചൂണ്ടിക്കാട്ടി കുറ്റപത്രം സമർപ്പിച്ചു. വാദ്രയ്‌ക്ക് ജാമ്യം ലഭിച്ചു. വിചാരണ നടപടി തുടരുന്നു.
രാജസ്ഥാനിലെ ബിക്കാനീറിൽ വാദ്രയുടെ ഭൂമിയിടപാടും ഇഡി അന്വേഷണത്തിലാണ്. തുച്ഛമായ തുകയ്‌ക്ക് 70 ഹെക്‌ടർ ഭൂമി വാങ്ങിയശേഷം വലിയ വിലയ്‌ക്ക് മറിച്ചുവിൽക്കുകയായിരുന്നു. ഇൗ ഇടപാടിലും അഴിമതിയുണ്ടെന്ന് ഇഡി കണ്ടെത്തി. ഡിഎൽഎഫുമായി ബന്ധപ്പെട്ട് വാദ്രയുടെ മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിലാണ്. വാദ്രയ്‌ക്കെതിരായ കേസുകളിൽ അന്വേഷണം മുറുകിയ ഘട്ടത്തിൽ (2019 ഒക്ടോബർ മുതൽ 2022 നവംബർ വരെ) 170 കോടി രൂപയാണ് ഡിഎൽഎഫ് ഇലക്‌ടറൽ ബോണ്ടായി ബിജെപിക്ക് നൽകിയത്. പിന്നാലെ ഗുഡ്‌ഗാവിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് ഹരിയാനയിലെ ബിജെപി സർക്കാർ പിൻവലിച്ചു.
മുതിർന്ന ബിജെപി നേതാക്കളുമായി പ്രിയങ്ക ഗാന്ധിയുടെ സൗഹൃദവും സംശയനിഴലിലാണ്. പാർലമെന്റിന്റെ 2025 ലെ ശീതകാല സമ്മേളനശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് ചായസൽക്കാരത്തിൽ പ്രിയങ്ക പങ്കെടുത്തു. പ്രതിപക്ഷ പാർടികളുടെ എതിർപ്പ് അവഗണിച്ച് തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് ബിൽ പാസാക്കിയതിനുപിന്നാലെയായിരുന്നു വിരുന്ന്.










0 comments