ബിജെപി എംഎൽഎ അശോക് ലാഹിരി നിതി ആയോഗിന്റെ പുതിയ വൈസ് ചെയർപേഴ്സൺ

പ്രധാനമന്ത്രി നരേന്ദ്ര മോദി യും നിതി ആയോഗിന്റെ പുതുതായി നിയമിതനായ വൈസ് ചെയർമാൻ അശോക് ലാഹിരിയും ഹസ്തദാനം ചെയ്യുന്നു. (Photo: PMO via PTI )
ന്യൂഡൽഹി: സാമ്പത്തിക ശാസ്ത്രജ്ഞനും ബംഗാളിലെ ബിജെപി എംഎൽഎയുമായ അശോക് ലാഹിരി നിതി ആയോഗിന്റെ പുതിയ വൈസ് ചെയർപേഴ്സൺ. ശാസ്ത്രജ്ഞൻ ഗോബർധൻ ദാസിനെ അംഗമായും കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്തു.
കേന്ദ്ര സർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും 15-ാം ധനകാര്യ കമീഷൻ അംഗവുമാണ് അശോക് ലാഹിരി. നിതി ആയോഗിൽ പ്രധാനമന്ത്രിക്ക് താഴെയുള്ള രണ്ടാമത്തെ പദവിയാണ് ഇദ്ദേഹം വഹിക്കുക.
ഭോപ്പാൽ ഐസെർ ഡയറക്ടറായ ഗോബർധൻ ദാസ് രോഗപ്രതിരോധശാസ്ത്രം, മോളിക്യുലാർ മെഡിസിൻ എന്നീ മേഖലകളിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായനാണ്.
നിയമനം ലഭിക്കുന്ന രണ്ട് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് ബംഗാളിൽ നിന്നുള്ള രണ്ട് പേരെ ദേശീയതലത്തിലെ ഉന്നത നയരൂപീകരണ സമിതിയിലേക്ക് നിയമിക്കുന്നത്.
ലോക ബാങ്ക്, ഐഎംഎഫ് (IMF), ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയിൽ അശോക് ലാഹിരി പ്രവർത്തിച്ചിട്ടുണ്ട്. ഇത്തവണ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അശോക് മത്സരിക്കുന്നില്ല. ഗോബർധൻ ദാസ് യേൽ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള വിദേശ സ്ഥാപനങ്ങളിൽ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
നിതി ആയോഗിന്റെ വൈസ് ചെയർമാൻ പദവിയിലേക്ക് സജീവ രാഷ്ട്രീയത്തിലുള്ള ഒരാളെ ആദ്യമായാണ് നിയമിക്കുന്നത്. 2015ലാണ് നിതി ആയോഗ് സ്ഥാപിതമായത്. അതിനുശേഷം ഇതുവരെ മൂന്ന് പേരാണ് വൈസ് ചെയർപേഴ്സൺ ആ പദവി വഹിച്ചിട്ടുള്ളത്.
അരവിന്ദ് പനഗരിയ, രാജീവ് കുമാർ, സുമൻ ബേരി എന്നീ മുൻഗാമികൾ അക്കാദമിക് അല്ലെങ്കിൽ ഭരണനിർവ്വഹണ മേഖലകളിൽ നിന്ന് (Technocrats) നേരിട്ട് നിയമിക്കപ്പെട്ടവരായിരുന്നു. അതേസമയം, അശോക് ലാഹിരി എംഎൽഎ പദവിയിലിരിക്കെയാണ് ഈ സ്ഥാനത്തേക്ക് വരുന്നത്.









0 comments