ad
Deshabhimani

എസ്ഐആര്‍ മൂന്നാം ഘട്ടം പ്രഖ്യാപിച്ചു, 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരിശോധന

SIR
വെബ് ഡെസ്ക്

Published on May 14, 2026, 03:02 PM | 2 min read

ന്യൂഡൽഹി: രാജ്യത്ത് വോട്ടർ പട്ടിക പരിഷ്കരിക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ മൂന്നാം ഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ശേഷിക്കുന്ന 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ ഘട്ടത്തിൽ നടപടികൾ.


ഏകദേശം 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ഇതിന്റെ ഭാഗമാവും. വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തും. 36.73 കോടി വോട്ടർമാരിലേക്ക് ഇവർ എത്തും. നിലവിൽ രാജ്യത്ത് നടക്കുന്ന സെൻസസ് ഹൗസ് ലിസ്റ്റിംഗ് നടപടികൾക്കൊപ്പം തന്നെയാണ് ഈ വോട്ടർ പട്ടിക പുതുക്കലും നടക്കുന്നത്.


ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്ന രണ്ടാം ഘട്ടത്തിൽ വോട്ടർമാരുടെ എണ്ണത്തിൽ 10.2% കുറവ് രേഖപ്പെടുത്തിയിരുന്നു. 50.99 കോടിയിൽ നിന്ന് വോട്ടർമാരുടെ എണ്ണം 45.81 കോടിയായി കുറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ കൂട്ട് നിൽക്കയാണ്. എസ്ഐആറിലൂടെ വോട്ടര്‍മാരെ വെട്ടിമാറ്റി ബിജെപി മുന്നണി ജയം ഉറപ്പാക്കുകയാണ് എന്നിങ്ങനെ വിമര്‍ശനം ഉണ്ടായി. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ വരെ കേസ് എത്തുകയും ചെയ്തു. ഇതിന് തുടര്‍ച്ചയായാണ് മൂന്നാം ഘട്ടം പ്രഖ്യാപിച്ചിരിക്കുന്നത്. എസ് ഐ ആര്‍ സംബന്ധിച്ച പരാതികൾ ഇപ്പോഴും അതേപടി നിലനിൽക്കയാണ്.


അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അയോഗ്യരായ ആളുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും എന്നാണ് കമ്മീഷന്റെ പ്രഖ്യാപനം. വോട്ടര്‍പട്ടികയിൽ നിന്നും പുറത്തായവര്‍ക്ക് റേഷൻ വരെ നിഷേധിക്കും എന്ന നിലയ്ക്കാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നീക്കങ്ങൾ. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ ബന്ധപ്പെട്ട മന്ത്രി തന്നെ ഇത്തരത്തിൽ പ്രസ്താവന ഇറക്കി.


എസ്ഐആര്‍ പ്രക്രിയയുടെ ആദ്യഘട്ടം 2025 ജൂൺ-സെപ്റ്റംബർ കാലയളവിൽ ബീഹാറിലാണ് തുടങ്ങിയത്. രണ്ടാം ഘട്ടം ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, അസം എന്നിവയുൾപ്പെടെ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും നിര്‍വ്വഹിച്ചു. വ്യാപകമായ പരാതികൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ നിൽക്കുകയാണ്. പശ്ചിമ ബംഗാളിൽ പരാതികൾക്ക് പിന്നാലെ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്ഐആറിന് മേൽനോട്ടം വഹിക്കാൻ നിയമിച്ച ഉദ്യോഗസ്ഥരെ ബിജെപി സര്‍ക്കാര്‍ ഉന്നത സ്ഥാനത്ത് നിയമിച്ചത് വിവാദമായി തുടരുന്നു.


ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാം ഘട്ടം മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നടക്കുന്നത്. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് പ്രദേശങ്ങളിലെ പുതുക്കൽ നടപടികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ അറിയിച്ചു. കാലാവസ്ഥയും ഭൂ പ്രകൃതിയും കണക്കിലെടുത്താണ് ഇത്. കേരളം ഇതിനകം തന്നെ ഈ പ്രക്രിയ പൂർത്തിയാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ്. ഡൽഹിയിലെ പുതുക്കിയ വോട്ടർ പട്ടിക ഒക്ടോബർ 7-ന് പ്രസിദ്ധീകരിക്കും എന്നും കമ്മീഷൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home