ഇ20 ഇന്ധനം; വാഹനങ്ങളുടെ റബ്ബർ ഭാഗങ്ങൾക്ക് കേടുപാടുണ്ടാക്കുമെന്ന് പഠനം

ന്യൂഡൽഹി : എഥനോൾ കലർത്തിയ ഇ20 ഇന്ധനം ഉപയോഗിക്കുന്നത് പഴയ വാഹനങ്ങളിലെ റബ്ബർ ഭാഗങ്ങൾക്കും ഗാസ്കറ്റുകൾക്കും തകരാറുണ്ടാക്കുമെന്ന് പഠന റിപ്പോർട്ട്. 2005 ഏപ്രിൽ ഒന്നിനും 2016-നും ഇടയിൽ നിർമ്മിച്ച ബിഎസ്-3 വാഹനങ്ങളിലാണ് ഈ പ്രതിസന്ധി പ്രധാനമായും ബാധിക്കുക.
ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹനങ്ങളിൽ റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വരുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (എസ്ഐഎഎം), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. എന്നാൽ ഇതുവരെ ഈ പഠന റിപ്പോർട്ട് സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല.
ബിഎസ്-3 ഒഴികെയുള്ള മറ്റ് വാഹനങ്ങളിൽ മാറ്റങ്ങൾ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇ20 ഇന്ധനം ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതായി വാഹന ഉടമകളിൽ നിന്ന് വ്യാപകമായി പരാതികൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പഠന റിപ്പോർട്ട് ശ്രദ്ധേയമാകുന്നത്.
അതേസമയം ഇ20 ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമത കുറയുന്നുവെന്ന പരാതികളിൽ ഡ്രൈവിംഗ് ശീലങ്ങൾ, ടയർ പ്രഷർ, എസി ഉപയോഗം എന്നിവയെ ആശ്രയിച്ചിരിക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുടെ ന്യായീകരണം. വാതകം ചോരുന്നതുൾപ്പടെയുള്ള സുരക്ഷാ പ്രശ്നങ്ങളിലേക്കും അധിക സാമ്പത്തിക ബാധ്യതകളിലേക്കുമാണ് കേന്ദ്ര സർക്കാരിന്റെ ഇ20 ഇന്ധനനയം സാധാരണക്കാരായ വാഹന ഉടമകളെ തള്ളിവിടുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.









0 comments