വീണ്ടും തെരുവുനായ ആക്രമണം: രണ്ടരവയസുകാരിയുടെ കണ്ണിൽ കടിയേറ്റു, അമ്മയ്ക്കും പരിക്ക്

ഫറോക്ക്: തെരുവുനായയുടെ ആക്രമണത്തിൽ രണ്ടരവസുള്ള കുട്ടിക്കും അമ്മയ്ക്കും പരിക്ക്. ഫറോക്ക് കോട്ടപ്പാടം മടവമ്പാട്ട് ശ്രീജിത്ത് കുട്ടന്റെ മകൾ ആരാധ്യ (രണ്ടര), കുട്ടിയുടെ അമ്മ ഹരിത (31) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മയേയും ആക്രമിക്കുകയായിരുന്നു.
ആരാധ്യയുടെ ഇടത് കണ്ണിന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെയും അമ്മ ഹരിതയെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകൽ 12.45ഓടെയാണ് സംഭവം. കുഞ്ഞിന്റെ മുഖത്ത് പല ഭാഗങ്ങളിലായി കടിയേറ്റിട്ടുണ്ട്. കണ്ണിന് ഗുരുതര പരിക്കേറ്റതിനാൽ ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചു. അമ്മ ഹരിതയുടെ ഇടതുകാലിനാണ് കടിയേറ്റത്. ഇരുവരുടെയും നിലവിളികേട്ട് പരിസരവാസികളെത്തിയതോടെ നായ ഓടിമറയുകയായിരുന്നു.
ഫറോക്ക് കോട്ടപ്പാടം, റെയിൽ സ്റ്റേഷൻ പരിസരം, നല്ലൂർ സ്റ്റേഡിയം പരിസരം, അമ്പലങ്ങാടി, നല്ലൂരങ്ങാടി ഉൾപ്പെടെ നഗരസഭയിൽ മിക്കയിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.









0 comments