ആർഎസ്എസ് വേഷവും രക്തം പുരണ്ട അടയാളങ്ങളും; വിജയ്‌ക്കെതിരെ പോസ്റ്ററുമായി ഡിഎംകെ

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ പോസ്റ്ററുമായി ഡിഎംകെ. ആർഎസ്എസ് വേഷവും ധരിച്ച് ദേഹത്താകെ രക്തം പുരണ്ട കൈപ്പത്തി അടയാളങ്ങളുള്ള പ്രതീകാത്മക ചിത്രമാണ് ഡിഎംകെ ഐ ടി സെൽ പുറത്ത് വിട്ടിരിക്കുന്നത്. കരൂർ ദുരന്തം നടന്ന ഇത്രയും ദിവസത്തിന് ശേഷവും വിജയ് കരൂർ സന്ദർശനം നടത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ പുറത്തിറക്കിയത്.
ദുരന്തം നടന്നിട്ട് 20 ദിവസം പിന്നിട്ടുവെന്നും ജനക്കൂട്ടത്തെ വിളിച്ച് കൂട്ടി പബ്ലിസിറ്റി ഉണ്ടാക്കാൻ വേണ്ടി ഒരു പാർട്ടി നടത്തിയ സ്വാർത്ഥശ്രമങ്ങളാണ് ദുരന്തത്തിൽ കലാശിച്ചതെന്നും പോസ്റ്റിനോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു. ഉത്തരവാദിത്തബോധമില്ലാതെയും അനാസ്ഥയോടെയും പ്രവർത്തിച്ചതാണ് ഈ ദൗർഭാഗ്യകരമായ സംഭവത്തിലേക്ക് നയിച്ചത്.
വിജയ്‌യെ കാണാനെത്തിയ നിരപരാധികളായ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും അവരുടെ കുടുംബങ്ങളെ നേരിട്ട് കാണാനോ, അനുശോചനം രേഖപ്പെടുത്താനോ അവർക്ക് ആശ്വാസധനം നൽകാനോ അയാൾ തയാറായിട്ടില്ല. ഈ വഞ്ചനാപരമായ മൗനം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അവഹേളിക്കുന്ന പ്രവൃത്തിയാണ്. ഇനിയും സമയം കിട്ടിയില്ലേ എന്നും തിരക്കഥ തയാറായില്ല എന്നും കുറിപ്പിൽ ചോദിക്കുന്നു.
ഈ പാർട്ടിയുടെ നിഘണ്ടുവിൽ മനുഷ്യത്വത്തിന് തന്നെ ഇടമില്ലേ എന്നും കുറിപ്പിൽ ചോദിക്കുന്നു. അനുമതി ലഭിച്ചില്ല എന്ന പഴയ മറുപടി തന്നെ വീണ്ടും പറയും എന്നും കുറിപ്പിലുണ്ട്. കഴിഞ്ഞ ദിവസം വിജയ് കരൂർ സന്ദർശിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും സിബിഐ അന്വേഷണം ആരംഭിച്ച വേളയിൽ അത് മാറ്റിവയ്ക്കുകയായിരുന്നു.
ദുരന്തം നടന്ന് ഇത്രയധികം നാളായിട്ടും വിജയ് സ്ഥലത്തെത്തി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെ ഒന്ന് സന്ദർശിക്കുക പോലും ചെയ്തില്ല എന്ന പ്രതിഷേധം ശക്തമാണ്.










0 comments