ad
Deshabhimani

print edition ഡി കെ ശിവകുമാർ അധികാരമേറ്റു

DK

കർണാക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jun 04, 2026, 12:23 AM | 1 min read

ബംഗളൂരു : അധികാരവടംവലിക്കൊടുവിൽ കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. ഉപമുഖ്യമന്ത്രി ജി പരമേശ്വര ഉൾപ്പെടെ 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ലോക്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളികളായ കെ ജെ ജോർജ്‌, യു ടി ഖാദർ, മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര, എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക്‌ ഖാർഗെ എന്നിവരും മന്ത്രിമാരായി.

ധനിക മുഖ്യമന്ത്രി


രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയാണ്‌ ഡി കെ ശിവകുമാർ. 2023ൽ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിൽ 1,413 കോടിയാണ്‌ ആസ്‌തി. 2018-ൽ ആസ്‌തി 840 കോടി രൂപയായിരുന്നുവെന്ന്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. നികുതി വെട്ടിപ്പ്‌, ഹവാല ഇടപാട്‌ കേസിൽ 2019 സെപ്‌തംബറിൽ ഇഡി അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിടച്ചിരുന്നു. അനധികൃത സ്വത്ത്‌ സന്പാദനക്കേസിലും ഇഡി ചോദ്യം ചെയ്‌തിട്ടുണ്ട്‌.


വീണ്ടും വന്ദേമാതരം പൂർണരൂപം


കോൺഗ്രസ് ദേശീയ നേതാക്കളെല്ലാം അണിനിരന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ അപരമതവിദ്വേഷത്തിന്റെ അംശങ്ങൾ പേറുന്ന ഇരടികൾ ഒഴിവാക്കാതെ വന്ദേമാതരം പൂർണരൂപത്തിൽ വീണ്ടും ആലപിച്ചു. മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി, കോൺഗ്രസ്‌ മുഖ്യമന്ത്രിമാരായ വി ഡി സതീശൻ, രേവന്ത് റെഡ്ഡി, സുഖ്‌വീന്ദർ സിങ് സുഖു തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലാണ് വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചത്. കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം പൂർണരൂപത്തിലാണ് ആലപിച്ചത്.


എന്നാൽ അക്കാര്യം മുൻകൂട്ടി അറിഞ്ഞില്ലെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു വിഡി സതീശൻ അടക്കമുള്ളവർ. ശക്തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസ് നേതാക്കൾ തയാറായതുമില്ല. ഡി കെ ശിവകുമാർ സിദ്ധരാമയ്യ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരിക്കെ 2025 ആഗസ്‌ത്‌ 22ൽ നിയമസഭയിൽ ഗണഗീതം ആലപിച്ച്‌ ആർഎസ്‌എസ്‌ വിധേയത്വം പ്രകടമാക്കിയിരുന്നു. ബിജെപി അംഗങ്ങൾ ഇത്‌ കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ചിരുന്നു.​




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home