ദീപാവലി സീസണെത്തി; സൂര്യകാന്തി എണ്ണയ്ക്കും നെയ്യിനും വിലക്കയറ്റം

ന്യൂഡൽഹി : ദീപാവലി ആഘോഷങ്ങൾക്ക് മധുരപലഹാരങ്ങളുടെയും മറ്റു പലഹാരങ്ങളുടെയും ആവശ്യകത ഉയർന്നതോടെ ഭക്ഷ്യ എണ്ണ ഇറക്കുമതിയിലും വിലയിലും വൻ വർധന. ഒക്ടോബറിൽ പാം ഓയിൽ ഇറക്കുമതി 14 മാസത്തെ ഉയരത്തിലെത്തി. സോയ ഓയിൽ ഇറക്കുമതിയാകട്ടെ സർവകാല റെക്കോഡിലാണ്. ദീപാവലിക്കാലത്തെ ആവശ്യകത മുന്നിൽക്കണ്ട് എണ്ണശുദ്ധീകരണ കമ്പനികൾ ശേഖരം വർധിപ്പിച്ചതാണ് ഇറക്കുമതി ഉയരാൻ പ്രധാന കാരണങ്ങളിലൊന്ന്. ആവശ്യകത ഉയർന്നതിനാൽ തന്നെ വിലയും കൂടിയിട്ടുണ്ട്.
ദീപാവലിക്ക് മുമ്പ് തന്നെ ഗുജറാത്തിൽ നിലക്കടല എണ്ണയുടെ വില വർധിച്ചിട്ടുണ്ട്. 15 കിലോയുടെ ടിന്നിന്റെ വില 3,050 രൂപയായി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നിലക്കടല എണ്ണ ടിന്നിന്റെ വില റെക്കോർഡ് നിലവാരത്തിലെത്തി. നെയ്യിനും വെണ്ണയ്ക്കും വിലയും വർധിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നിർമാണ കമ്പനികളെല്ലാം നെയ്യിനും വെണ്ണയ്ക്കും ദീപാവലിയോടനുബന്ധിച്ച് വില വർധിപ്പിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഒക്ടോബറിൽ പാം ഓയിൽ ഇറക്കുമതി മുൻമാസത്തെ അപേക്ഷിച്ച് ആറു ശതമാനം വർധനയോടെ 8.66 ലക്ഷം ടണ്ണിലെത്തി. 2025 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സോയ ഓയിൽ ഇറക്കുമതി ആറു ശതമാനം ഉയർന്ന് 6.53 ലക്ഷം ടണ്ണായി. ഇതോടെ സോയ ഓയിൽ ഇറക്കുമതി പുതിയ റെക്കോഡിലെത്തി. സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയും മുൻമാസത്തെ അപേക്ഷിച്ച് ഇരട്ടിയായി 2.23 ലക്ഷം ടണ്ണിലെത്തി.
സെപ്റ്റംബർ മുതൽ നവംബർ വരെ ഇന്ത്യയിൽ ഉത്സവ സീസണാണ്. അതിനാൽ ഭക്ഷ്യ എണ്ണയുടെ ഉപയോഗം സാധാരണയായി ഉയരാറുണ്ട്. വീടുകളിലും ഹോട്ടലുകളിലും മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ, വറുത്ത പലഹാരങ്ങൾ എന്നിവയുടെ നിർമാണത്തിനായി എണ്ണ ആവശ്യമായി വരുന്നതാണ് ഇതിന് കാരണം. ദീപാവലി ആഘോഷങ്ങൾക്കായി വിപണിയിൽ തയ്യാറെടുപ്പുകൾ സജീവമായതോടെ ഭക്ഷ്യ എണ്ണയുടെ ആവശ്യകതയും ഉയർന്നു.
എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ എണ്ണക്കുരു കൃഷിയെ ബാധിച്ചതിനാലും ഭക്ഷ്യ എണ്ണ ഇറക്കുമതി വർധിപ്പിച്ചു. ആഭ്യന്തര വിപണിയിൽ ലഭ്യത കുറയുമെന്ന വിലയിരുത്തലിനെത്തുടർന്ന് ആവശ്യത്തിന് ശേഖരം ഉറപ്പാക്കാനാണ് വ്യാപാരികൾ ശ്രമിക്കുന്നത്. ഇത് മുന്നിൽക്കണ്ട് സെപ്റ്റംബറിൽ പാം ഓയിൽ, സോയ ഓയിൽ, സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. എന്നാൽ ഇറക്കുമതി തീരുവ കുറച്ചെങ്കിലും വിപണിയിൽ വിലയിൽ കുറവൊന്നും ഉണ്ടായിട്ടില്ല.
ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യ പ്രധാനമായും പാം ഓയിൽ ഇറക്കുമതി ചെയ്യുന്നത്. അർജന്റീന, ബ്രസീൽ, റഷ്യ, ഉക്രയ്ൻ എന്നീ രാജ്യങ്ങളാണ് സോയ ഓയിലും സൂര്യകാന്തി എണ്ണയും എത്തിക്കുന്നത്.








0 comments