ജെഡിയു– ബിജെപി സഖ്യത്തിൽ അസംതൃപ്‌തി


എം അഖിൽ
Published on Sep 09, 2025, 12:00 AM | 2 min read
ന്യൂഡൽഹി : ബിഹാറിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി–ജെഡിയു മുന്നണിയിൽ അതൃപ്‌തി പുകയുന്നു. ബിജെപിയെക്കാൾ കൂടുതൽ സീറ്റിൽ മത്സരിക്കുമെന്ന് ജെഡിയു നേതാക്കള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി നിതീഷ്‌കുമാർ ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തുടങ്ങിയത് ബിജെപിയെ ഞെട്ടിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം സീറ്റ് ചർച്ചയെന്ന ബിജെപി– ജെഡിയു ധാരണയെ അട്ടിമറിക്കുംവിധം ഏതെല്ലാം സീറ്റുകൾ വേണമെന്നും ആരെല്ലാം മത്സരിക്കണമെന്നുമുള്ള ചർച്ച ജെഡിയു നേതാക്കൾ തുടങ്ങി.
രാജ്‌പുരിൽ മുൻമന്ത്രി രാജ്‌കുമാർ നിറാല ജെഡിയു സ്ഥാനാർഥിയാകുമെന്ന് ശനിയാഴ്‌ച ബക്‌സറിൽ നടന്ന റാലിയിൽ മുഖ്യമന്ത്രി നിതീഷ്‌കുമാർ പ്രഖ്യാപിച്ചു. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധ്‌രി ഉൾപ്പടെയുള്ളവരെ സാക്ഷിയാക്കിയാണ് നിതീഷ്‌കുമാർ സ്ഥാനാർഥി പ്രഖ്യാപനത്തിന് തുടക്കമിട്ടത്. എൻഡിഎ നേതാവെന്ന നിലയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ടെന്ന് ബിജെപി പ്രതികരിച്ചെങ്കിലും നിതീഷ്‌കുമാർ ‘കയറിക്കളിച്ചത്’ ബിജെപി നേതാക്കളെ ചൊടിപ്പിച്ചു.
2020 തെരഞ്ഞെടുപ്പിൽ ജെഡിയു 115 സീറ്റിലും ബിജെപി 110 സീറ്റിലുമാണ് മത്സരിച്ചത്. ബിജെപി 74 സീറ്റ് ജയിച്ചപ്പോൾ ജെഡിയുവിന് കിട്ടിയത് 43 സീറ്റുമാത്രം. 2020ലെ സീറ്റ് പങ്കിടൽ ധാരണയിൽ മാറ്റം വേണ്ടെന്നാണ് ജെഡിയു നിലപാട്. വിശദമായ ചർച്ച വേണമെന്നാണ് ബിജെപി നിലപാട്. മറ്റ് ഘടകകക്ഷികളായ ലോക്‌ജനശക്തി (രാംവിലാസ്), രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) പാർടികളും കൂടുതൽ സീറ്റിനായി സമ്മർദം ചെലുത്തുന്നു.
‘ചിരാഗിനെ പേടിച്ച് ജെഡിയു’
2020ൽ ചിരാഗ് പസ്വാന്റെ പാർടി 137 സീറ്റിൽ മത്സരിച്ചതാണ് തിരിച്ചടിയായതെന്ന് ജെഡിയുവിന് പരാതിയുണ്ട്. ഒരു സീറ്റിൽ മാത്രമാണ് ലോക്‌ജനശക്തി (രാംവിലാസ്) ജയിച്ചതെങ്കിലും പല മണ്ഡലത്തിലും ജെഡിയുവിന്റെ സാധ്യത ഇല്ലാതാക്കാൻ ചിരാഗിനായി. ബിജെപിയുടെ രഹസ്യനിർദേശപ്രകാരമാണ് ‘മോദിയുടെ ഹനുമാൻ’ എന്ന് സ്വയം അവകാശപ്പെടുന്ന ചിരാഗ് ജെഡിയു ശക്തികേന്ദ്രങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയതെന്നും ഇത് മുന്നണിമര്യാദയ്‌ക്ക് നിരക്കുന്നതല്ലെന്നും ജെഡിയു നേതാക്കൾ പരസ്യമായി പറയുന്നു. ഇക്കുറി വേണമെങ്കിൽ 243 സീറ്റിലും മത്സരിക്കുമെന്ന് ചിരാഗ് ഭീഷണി മുഴക്കിയിട്ടുണ്ട്. ബിജെപി ഇടപെട്ട് ചിരാഗിനെ നിലയ്ക്കുനിർത്തി മുന്നണി ഐക്യം നിലനിർത്തണമെന്ന് ജെഡിയു ആവശ്യപ്പെട്ടു.
സീറ്റ് ചർച്ച ഉൗർജിതമാക്കി മഹാസഖ്യം
ബിഹാറിൽ വോട്ടർ അധികാർ യാത്രയിലൂടെ വലിയ മുന്നേറ്റം നടത്തിയ മഹാസഖ്യവും സീറ്റ്‌പങ്കിടൽ ചർച്ചകൾ ഉൗർജിതമാക്കി. പശുപതികുമാർ പരസിന്റെ ലോക്‌ജനശക്തി പാർടി (ആർഎൽജെപി), ജാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) പാർടികളും ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. പ്രാഥമിക ചർച്ചകളിൽ സീറ്റുകളിൽ ഏകദേശധാരണയായിട്ടുണ്ടെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം അടുത്തഘട്ട ചർച്ച നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞതവണ ആർജെഡി 144 സീറ്റിലും കോൺഗ്രസ് 70 സീറ്റിലുമാണ് മത്സരിച്ചത്. സിപിഐ എംഎൽ 19 സീറ്റിൽ മത്സരിച്ചപ്പോൾ സിപിഐ അഞ്ചും സിപിഐ എം നാലും സീറ്റിൽ ജനവിധി തേടി.
ഇക്കുറി ആർജെഡി 122– 124 സീറ്റിലും കോൺഗ്രസ് 58– 62 സീറ്റിലും മത്സരിച്ചേക്കും. ഇടതുപക്ഷത്തിന് മൊത്തം 35 സീറ്റുവരെ ലഭിച്ചേക്കും. മുകേഷ് സാഹ്നിയുടെ വികാസ് ശീൽ ഇൻസാൻ പാർടിക്ക് 22 സീറ്റുവരെയും ആർഎൽജെപിക്ക് ഏഴുസീറ്റുവരെയും ജെഎംഎമ്മിന് മൂന്നുസീറ്റുവരെയും ലഭിക്കാനിടയുണ്ട്. കഴിഞ്ഞതവണ എൻഡിഎയുടെ ഭാഗമായിരുന്ന വികാസ് ശീൽ ഇൻസാൻ പാർടിയും ആർഎൽജെപിയും മഹാസഖ്യത്തിലെത്തിയത് പ്രതിപക്ഷത്തിന് കരുത്താകും. ‘വോട്ട് അധികാർ യാത്ര’യുടെ മാതൃകയിൽ ബിഹാറിൽ കൂടുതൽ യാത്രകൾ സംഘടിപ്പിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.









0 comments