ad
Deshabhimani

print edition വിജയവഴിയിൽ ദീപ്‌സിത

Dipsita.jpg

ഡം ഡം ഉത്തർ മണ്ഡലത്തിൽ സിപിഐ എം സ്ഥാനാര്‍ഥി ദീപ്‌സിത ധർ പ്രചാരണത്തില്‍

വെബ് ഡെസ്ക്

Published on Apr 28, 2026, 12:35 AM | 1 min read

ന്യൂഡൽഹി: ബംഗാളിലെ ഡം ഡം ഉത്തർ മണ്ഡലത്തിൽ ഞായറാഴ്‌ച സിപിഐ എം സംഘടിപ്പിച്ച റോഡ് ഷോ രാഷ്ട്രീയ എതിരാളികളുടെ ആത്മവിശ്വാസവും കെടുത്തി. തുറന്ന ജീപ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ സലീമിനും ഗായിക ഉർമി ച‍ൗധരിക്കുമൊപ്പം സ്ഥാനാർഥി ദീപ്‌സിത ധർ നഗരവീഥികളിലൂടെ സഞ്ചരിച്ചപ്പോൾ സ്‌ത്രീകളും യുവജനങ്ങളുമടക്കം ആയിരങ്ങളാണ്‌ പിന്തുണയുമായി അണിനിരന്നത്‌. ഡം ഡം ഉത്തറിൽ പ്രചാരണത്തിൽ ഏറെ മുന്നിലായിരുന്ന ഇടതുപക്ഷ മുന്നണിയുടെ സംഘടനാശേഷി വിളിച്ചറിയിക്കുന്നതായിരുന്നു റോഡ് ഷോ.


സിപിഐ എമ്മിന്റെ യുവസ്ഥാനാർഥികളിലൊരാളായ ദീപ്‌സിത ധറിന്‌ തുടക്കം മുതൽ ആവേശോജ്വലമായ സ്വീകരണമാണ്‌ മണ്ഡലത്തിൽ ലഭിച്ചത്‌. തൃണമൂലും ബിജെപിയും ഒരേപോലെ ധ്രുവീകരണ രാഷ്ട്രീയത്തിൽ കേന്ദ്രീകരിച്ചപ്പോൾ മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥയിലേക്കാണ്‌ ദീപ്‌സിത വിരൽ ചൂണ്ടിയത്‌. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, മാലിന്യപ്രശ്നം, ചെറിയ മഴ പെയ്‌താൽ പോലും രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ‍, സ്‌കൂളുകളുടെയും ആശുപത്രികളുടെയും ശോച്യാവസ്ഥ തുടങ്ങി ദീപ്‌സിത ചർച്ചയാക്കിയ വിഷയങ്ങൾ ഒട്ടനവധി.


മുതിർന്ന തൃണമൂൽ നേതാവും മന്ത്രിയുമായ ചന്ദ്രിമ ഭട്ടാചാര്യയാണ്‌ സിറ്റിങ്‌ എംഎൽഎ. തൃണമൂൽ സർക്കാരിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വന്തം മണ്ഡലത്തിൽ വികസനമെത്തിക്കുന്നതിൽ ചന്ദ്രിമ പൂർണപരാജയമായി. ത്രികോണപോരിൽ അനായാസ ജയം പ്രതീക്ഷിച്ച്‌ വീണ്ടും മത്സരത്തിനിറങ്ങിയ ചന്ദ്രിമയ്‌ക്ക്‌ ദീപ്‌സിതയുടെ സ്ഥാനാർഥിത്വം അപ്രതീക്ഷിത തിരിച്ചടിയായി. മുൻ കേന്ദ്രമന്ത്രി തപൻ സിക്‌ദറിന്റെ അനന്തരവൻ സ‍ൗരവ്‌ സിക്‌ദറാണ്‌ ബിജെപി സ്ഥാനാർഥി.


2016 ൽ ചന്ദ്രിമയെ തോൽപ്പിച്ച് സിപിഐ എമ്മിന്റെ തൻമോയ്‌ ഭട്ടാചാര്യ മണ്ഡലത്തിൽ ജയിച്ചു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയിലേക്ക്‌ പോയ തൃണമൂൽവിരുദ്ധ വോട്ടുകൾ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസം ദീപ്‌സിതയ്‌ക്കുണ്ട്‌. എസ്‌ഐആർ നടപ്പാക്കിയ ബിജെപിക്കെതിരെയും വോട്ടർമാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട തൃണമൂലിനെതിരെയും ജനവികാരം ശക്തമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home