ദിഗ്‌വിജയ്‌സിങ്ങിനെ പിന്തുണച്ച് തരൂർ
print edition ആർഎസ്‌എസ് സ്‌തുതിയുമായി പ്രവർത്തകസമിതി അംഗങ്ങൾ ; നടപടിക്ക് ധൈര്യമില്ലാതെ കോൺഗ്രസ്

ന്യൂഡൽഹി
പ്രവർത്തക സമിതി അംഗങ്ങൾപോലും ആർഎസ്‌എസിനെയും ബിജെപിയെയും മോദിയെയും പുകഴ്‌ത്തിയിട്ടും നടപടി എടുക്കാൻ ധൈര്യമില്ലാതെ കോൺഗ്രസ് നേതൃത്വം. മോദിയെയും ബിജെപിയെയും പുകഴ്‌ത്തുന്നത് പതിവാക്കിയ ശശിതരൂരിന് പിന്നാലെ ദിഗ്‌വിജയ്‌സിങ്ങും മോദിയെയും ആർഎസ്‌എസിനെയും സ്‌തുതിച്ച് രംഗത്തെത്തി.
കഴിഞ്ഞദിവസം ചേർന്ന പ്രവർത്തകസമിതി യോഗത്തിലോ പുറത്തോ മുതിർന്ന നേതാക്കളുടെ ‘ആർഎസ്‌എസ് സ്‌തുതി’ സംബന്ധിച്ച് ചർച്ചകൾ നടത്താനോ പുറത്ത് പ്രതികരണങ്ങൾ നടത്താനോ കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല. കോൺഗ്രസ് ജനാധിപത്യപാർടിയാണെന്നും എന്തും പറയാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നുമുള്ള പതിവുപല്ലവിയിൽ വിവാദം ഒതുക്കാനാണ് ശ്രമം. സാധാരണ കോൺഗ്രസ് പ്രവർത്തകരെപോലും നാണിപ്പിക്കുന്ന രീതിയിലാണ് തരൂർ മോദിയെയും ബിജെപിയെയും സമൂഹമാധ്യമങ്ങളിലും ദേശീയദിനപത്രങ്ങളിൽ എഴുതാറുള്ള ലേഖനങ്ങളിലും ചാനലുകളുമായുള്ള അഭിമുഖങ്ങളിലും വാഴ്‌ത്താറുള്ളത്.
തരൂരിനെതിരെ മാതൃകാപരമായ നടപടി അനിവാര്യമാണെന്ന് ഒരുവിഭാഗം നേതാക്കൾക്ക് ശക്തമായ അഭിപ്രായവുമുണ്ട്. എന്നാൽ, കെ സി വേണുഗോപാൽ ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് തരൂരിന് എതിരായ നീക്കങ്ങൾ തടഞ്ഞത്. തരൂരിനെതിരെ ഇപ്പോൾ നടപടി സ്വീകരിച്ചാൽ കേരളത്തിൽ അത് വലിയ ദോഷം ചെയ്യുമെന്നാണ് വേണുഗോപാൽ വിഭാഗത്തിന്റെ നിലപാട്. ഇതിനുപിന്നാലെയാണ്, മോദിയെയും ആർഎസ്‌എസിനെയും ‘കണ്ടുപഠിക്കണമെന്ന’ ആഹ്വാനവുമായി ദിഗ്‌വിജയ്‌സിങ് രംഗത്തെത്തിയത്.
സമൂഹമാധ്യമത്തിലെ പോസ്‌റ്റ് വലിയ വിവാദമായിട്ടും തന്റെ നിലപാടിൽനിന്നും ദിഗ്‌വിജയ്‌സിങ് അണുവിട മാറിയില്ല. ദേശീയദിനപത്രത്തിന് നൽകിയ അഭിമുഖത്തിലും അതേനിലപാട് ഉയർത്തിപ്പിടിച്ചു. പ്രവർത്തകസമിതിയിലെ മറ്റ് ചില അംഗങ്ങൾക്കും തരൂരിന്റെയും ദിഗ്‌വിജയ്‌സിങ്ങിന്റെയും അതേനിലപാടാണുള്ളത്. കോൺഗ്രസിന്റെ സംഘടനാദൗർബല്യവും നേതൃത്വത്തിന്റെ സങ്കുചിത നിലപാടുകളുമാണ് ‘ആർഎസ്‌എസ് സ്‌തുതിപാഠ’കർക്ക് എതിരെ കർശനനടപടി എടുക്കാൻ വിലങ്ങുതടിയാകുന്നത്. ദിഗ്‌വിജയ്‌സിങ്ങിന്റെ ആർഎസ്‌എസ് പ്രശംസ കോണ്‍ഗ്രസിലെ കുടുംബവാഴ്‌ചയ്‌ക്ക് എതിരായ വിമർശം കൂടിയാണ്.
പല സംസ്ഥാനത്തുംനേരേചൊവ്വേ പ്രവർത്തിക്കുന്ന സംസ്ഥാനനേതൃത്വങ്ങളോ കമ്മിറ്റികളോ ഇല്ലെന്ന് കഴിഞ്ഞദിവസം പ്രവർത്തകസമിതി യോഗത്തിൽ വിമർശമുയർന്നു. ജില്ലാക്കമ്മിറ്റികളുടെ കാര്യത്തിലും ഇതേ അവസ്ഥയാണ്.
ദിഗ്‌വിജയ്‌സിങ്ങിനെ പിന്തുണച്ച് തരൂർ
ആർഎസ്‌എസിനെയും മോദിയെയും പ്രകീർത്തിച്ച ദിഗ്‌വിജയ്‌സിങ്ങിന് പിന്തുണയുമായി ശശിതരൂർ. ദിഗ്‌വിജയ്‌സിങ്ങിന്റെ നിലപാട് പാർടിയെ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ടിയാണെന്ന് തരൂർ പ്രതികരിച്ചു. ‘ഞങ്ങൾ സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ, എല്ലാ വിഷയങ്ങളും പരസ്‌പരം ചർച്ച ചെയ്യുന്നതും പതിവാണ്. സംഘടന കൂടുതൽ ശക്തമാകണം. അക്കാര്യത്തിൽ ആർക്കും തർക്കമില്ലെന്ന കാര്യം ഉറപ്പാണ്’– തരൂർ പറഞ്ഞു.
പ്രവർത്തകസമിതി അംഗങ്ങളായ തരൂരും ദിഗ്‌വിജയ്‌സിങ്ങും മോദിയെയും ആർഎസ്‌എസിനെയും പരസ്യമായി പിന്തുണച്ചത് വിവാദമായിരുന്നു. സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നാണ് വിവാദ പ്രസ്‌താവനയ്‌ക്കുശേഷം ദിഗ്‌വിജയ്‌സിങ് നടത്തിയ ന്യായീകരണം. സംഘടനാപരമായി ക്ഷീണിച്ചെങ്കിലും നട്ടെല്ലിന് ക്ഷയമുണ്ടായിട്ടില്ലെന്നാണ് ഇൗ വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. അധികാരത്തിൽ ഉണ്ടായാലും ഇല്ലെങ്കിലും കോൺഗ്രസ് മതത്തിന്റെ പേരിൽ വോട്ട് പിടിക്കാറില്ലെന്നും ഖാർഗെ അവകാശപ്പെട്ടു.










0 comments