print edition ദിഗ്‌വിജയ് സിങ്ങിന്റെ ആർഎസ്‌എസ് സ്‌തുതി: നടപടിയില്ല, കുസൃതി മാത്രമെന്ന് നേതൃത്വം

ന്യൂഡൽഹി : കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടെ ആർഎസ്‌എസ് സ്‌തുതിയിൽ നടപടി വേണ്ടെന്ന് നേതൃത്വം. ആർഎസ്‌എസിനെയും മോദിയെയും പുകഴ്‌ത്തിയ ദിഗ്‌വിജയ്‌സിങ്ങിന്റെ നീക്കം പാർടിയെ നാണംകെടുത്തിയെങ്കിലും വലിയ ചർച്ചകൾ കൂടാതെ ആ വിവാദം അവസാനിപ്പിക്കാനാണ് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും തീരുമാനം. ദിഗ്‌വിജയ്‌സിങ്ങിന്റെ ആർഎസ്‌എസ് പ്രശംസ രാഹുൽ ചിരിച്ചുതള്ളിയെന്നാണ് റിപ്പോർട്ട്.
ഞായറാഴ്‌ച കോൺഗ്രസ് സ്ഥാപിതദിന ചടങ്ങിന് കണ്ടുമുട്ടിയപ്പോൾ ദിഗ്‌വിജയ്‌സിങ്ങിനോട് ഇൗ വിഷയം രാഹുൽ തമാശയായി ഉന്നയിച്ചെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങൾ പറയുന്നത്. ‘കഴിഞ്ഞദിവസം താങ്കളുടെ കുസൃതി അൽപ്പം കടന്നുപോയി...!’– എന്ന് രാഹുൽ ദിഗ്‌വിജയ്‌സിങ്ങിനോട് പറഞ്ഞു. തുടർന്ന്, ഇരുവരും പൊട്ടിചിരിച്ചെന്നും കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു.
ആർഎസ്‌എസ് കോൺഗ്രസിനേക്കാൾ ഏറെ മെച്ചപ്പെട്ട സംഘടനയാണെന്നാണ് ദിഗ്‌വിജയ്‌സിങ് പ്രശംസിച്ചത്. എൽ കെ അദ്വാനി കസേരയിലും മോദി നിലത്തും ഇരിക്കുന്ന ചിത്രം എക്‌സിൽ പോസ്‌റ്റ് ചെയ്‌താണ് അദ്ദേഹം ആർഎസ്‌എസിനെ വാനോളം പുകഴ്‌ത്തിയത്. ഇൗ പോസ്‌റ്റിൽ പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവരെ ടാഗും ചെയ്‌തു. കോൺഗ്രസ് പ്രവർത്തകസമിതി ചേരുന്നതിന് മണിക്കൂറുകൾ മുന്പാണ് ദിഗ്‌വിജയ് സിങ്ങ് ‘ഇൗ കുസൃതി’ ഒപ്പിച്ചത്. മോദിയുടെ സ്ഥിരം സ്തുതിപാഠകനായ ശശിതരൂരും മുതിർന്ന നേതാക്കളായ സൽമാൻ ഖുർഷിദും ടി എസ് സിങ്ദേവും ദിഗ്‌വിജയ് സിങ്ങിനെ പിന്തുണച്ച് രംഗത്തെത്തി.
ആർഎസ്‌എസിനെയും മോദിയെയും പ്രശംസിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് പാർടിക്കുള്ളിൽ ഒരുവിഭാഗം ശക്തമായി ആവശ്യപ്പെട്ടു. എന്നാൽ, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ കോൺഗ്രസിനുള്ളിലെ ആർഎസ്‌എസ് ഭക്തർക്ക് എതിരെ കർശന നടപടി എടുക്കുന്നത് വലിയ ദോഷം ചെയ്യുമെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്.










0 comments