print edition മോദിയെ സ്‌തുതിച്ച് ദിഗ്‌വിജയ് സിങ്ങും


സ്വന്തം ലേഖകൻ
Published on Dec 27, 2025, 11:57 PM | 1 min read
ന്യൂഡൽഹി: ശശി തരൂർ എംപിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സംഘപരിവാറിനെയും പുകഴ്‌ത്തി കോൺഗ്രസ് പ്രവർത്തകസമിതിയംഗം ദിഗ്‌വിജയ് സിങ്. മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള പഴയകാല ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് സംഘപരിവാർ സ്‌തുതി.
അദ്വാനി കസേരയിലും മോദി തറയിലും ഇരിക്കുന്ന ചിത്രത്തിനൊപ്പം ആർഎസ്‌എസിന്റെ ‘സംഘടനാ’ ശക്തിയെക്കുറിച്ചാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രികൂടിയായ സിങ് വാചാലനായത്. ‘ക്വോറാ സൈറ്റിൽ നിന്നാണ് തനിക്ക് ചിത്രം കിട്ടിയത്.
ഏറെ ഹൃദയഹാരിയായ ചിത്രം. ആർഎസ്‌എസിന്റെ താഴെത്തട്ടിലുള്ള ഒരു സ്വയംസേവകൻ, ജനസംഘിന്റെ സാധാരണ പ്രവർത്തകൻ, നേതാക്കളുടെ കാൽചുവട്ടിൽ തറയിലിരിക്കുന്നു. പിന്നീട് ഇദ്ദേഹം മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി. ഇതാണ് സംഘടനയുടെ ശക്തി’–കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിന് തൊട്ടുമുന്പ് സിങ് കുറിച്ചു. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യത്തെയും നെഹ്‌റു കുടുംബവാഴ്‌ചയെയും പരോക്ഷമായി വിമർശിച്ചതാണിതെന്ന വിലയിരുത്തലിലാണ് നിരീക്ഷകർ.
രാജ്യസഭാംഗമായ ദിഗ്‌വിജയ് സിങ് അടുത്തെങ്ങും ബിജെപിയെയോ മോദിയെയോ വിമർശിച്ചിട്ടില്ല. മോദി സ്‌തുതി ചർച്ചയായതോടെ വിശദീകരണം വന്നു. ആർഎസ്‌എസ്സിനെ മാത്രമാണ് പ്രകീർത്തിച്ചതെന്നും എല്ലാവരും തെറ്റിദ്ധരിച്ചതാണെന്നും സിങ് പറഞ്ഞു.---










0 comments