കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കുരങ്ങൻ; ഡയപ്പർ ലൈഫ് ജാക്കറ്റായി, അദ്ഭുത രക്ഷപ്പെടൽ

ന്യൂഡൽഹി: വെള്ളത്തിൽ വീണ കുഞ്ഞിന് രക്ഷകനായത് ഒരു ഡയപ്പറാണ്. വിശ്വസിക്കാൻ അല്പം പാടാണെങ്കിലും സംഗതി സത്യമാണ്. ഛത്തീസ്ഗഡിലെ ചംപ ജില്ലയിലാണ് സംഭവം. സുനിത രാത്തോഡിന്റെ മകൾക്കാണു ഡയപ്പർ രക്ഷയായത്. വീട്ടുവരാന്തയിലിരുന്നു മുലയൂട്ടുമ്പോൾ ടെറസിൽ നിന്നിറങ്ങിവന്ന വാനര സംഘത്തിലൊരെണ്ണമാണ് കുട്ടിയെ തട്ടിയെടുത്ത് പുരപ്പുറത്തു കയറിയത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പടക്കം പൊട്ടിച്ചും മറ്റും കുരങ്ങനെ താഴെയിറക്കാൻ ശ്രമിച്ചു. വിരണ്ട കുരങ്ങൻ കുട്ടിയെ കിണറ്റിലെറിഞ്ഞു രക്ഷപ്പെടുകയായിരുന്നു.
കുഞ്ഞ് ധരിച്ചിരുന്ന ഡയപ്പർ നനഞ്ഞു വീർത്തപ്പോൾ വെള്ളത്തിൽ പൊങ്ങിക്കിടന്നു. ഇത് കുഞ്ഞിനെ താങ്ങിനിർത്തുകയും മുങ്ങിത്താഴാതിരിക്കാൻ സഹായിക്കുകയും ചെയ്തു. ഗ്രാമവാസികൾ ഉടൻ തന്നെ ഒരു ബക്കറ്റ് ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുത്തു. ആ സമയത്ത് ഒരു ചടങ്ങിനു വേണ്ടി ഗ്രാമത്തിലെത്തിയ നഴ്സ് രാജേശ്വരി രഥോർ കുഞ്ഞിന് അടിയന്തര സിപിആർ നൽകി. നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞിന്റെ ശ്വാസോച്ഛ്വാസം പുനരാരംഭിച്ചു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില തൃപ്തികരമാണെന്നും ഗുരുതരമായ പരിക്കുകളില്ലെന്നുമാണ് വിവരം.










0 comments