മലയാളി പെൺകുട്ടിയുടെ 
മൃതദേഹം കുഴിച്ചിട്ടെന്ന്‌ സാക്ഷി

Dharmasthala Mass Burial
വെബ് ഡെസ്ക്

Published on Aug 16, 2025, 04:04 AM | 1 min read


ധർമസ്ഥല

മലയാളി പെൺകുട്ടിയുടെ മൃതദേഹവും താൻ മറവ് ചെയ്‌തതായി ധർമസ്ഥലയിലെ മുൻ ശുചീകരണതൊഴിലാളി ഓൺലൈൻ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘ദ ന്യൂസ്‌ മിനുട്ട്‌’ ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ്‌, എഴുന്നൂറിലധികം മൃതദേഹം മറവുചെയ്‌തതായും അതിലൊന്ന്‌ 15 വയസ്സുള്ള മലയാളി പെൺകുട്ടിയാണെന്നും വെളിപ്പെടുത്തിയത്‌. മലയാളി പെൺകുട്ടിയെ കുഴിച്ചിട്ട സ്ഥലത്ത് ഇപ്പോൾ പാറകൾ നിറഞ്ഞിരിക്കുകയാണ്‌. നാലടി ഉയരത്തിൽ കല്ലും മണ്ണുമിട്ട്‌ പൊക്കി. ഭൂപ്രകൃതിയിൽ വലിയ മാറ്റം വരുത്തി. അതിനിടയിൽ കുന്നിടിഞ്ഞു, വലിയ മഴയും വെള്ളപ്പൊക്കവുമുണ്ടായി. താൻ അന്വേഷക സംഘത്തിന് കാട്ടിക്കൊടുത്ത 13–ാം പോയന്റിൽ മാത്രം എഴുപതിലധികം മൃതദേഹം കുഴിച്ചിട്ടു. ഇപ്പോൾ അവിടെ കാടുമൂടി മനസ്സിലാകാത്ത അവസ്ഥയാണ്‌.


ചത്ത നായയെ കുഴിച്ചിടുന്നതു പോലെയായിരുന്നു മൃതദേഹങ്ങൾ കുഴിച്ചിട്ടത്‌. കുഴിയെടുക്കാൻ കഴിയുന്ന എവിടേയും മൃതദേഹം മറവുചെയ്‌തു. താൻ അവിടെ മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടവരുണ്ട്. അവരിൽനിന്ന്‌ താൻ വെള്ളം വാങ്ങിക്കുടിച്ചതായി അവർ തന്നെ എസ്‌ഐടിയിൽ മൊഴി നൽകിയിട്ടുമുണ്ട്‌. തന്റെ തുറന്നുപറച്ചിലിനെ വിമർശിക്കുന്നവർ അൽപംകൂടി കാത്തിരിക്കണം. കൂടുതൽ മനുഷ്യ അസ്ഥികൾ ലഭിക്കുമെന്ന് ഉറപ്പുണ്ട്. മൃതദേഹം കുഴിച്ചിടാൻ പറഞ്ഞത്‌, പഞ്ചായത്ത്‌ അധികൃതരല്ല. തനിക്ക്‌ ശമ്പളം തന്നത്‌ ധർമസ്ഥല ക്ഷേത്രം അധികൃതരാണ്‌. പട്ടിക ജാതി വിഭാഗക്കാരനായ താൻ 1998ലാണ്‌ ധർമസ്ഥലയിൽ ജ്യേഷ്‌ഠനൊപ്പം തൂപ്പുജോലിക്ക്‌ ചേർന്നത്‌ എന്നും ഇയാൾ വെളിപ്പെടുത്തി. ആദ്യമായാണ്‌ ധർമസ്ഥല വെളിപ്പെടുത്തൽ നടത്തിയ സാക്ഷി ഒരു ചാനലിൽ പ്രത്യക്ഷപ്പെടുന്നത്‌. കോടതിയിൽ ഇയാൾ നൽകിയ രഹസ്യമൊഴിക്ക്‌ സമാനമായ പ്രതികരണമാണ്‌ ഇപ്പോൾ നൽകിയതും.



deshabhimani section

Related News

View More
0 comments
Sort by

Home