ad
Deshabhimani

വിമാന ടിക്കറ്റ് ബുക്കിങ്; ഇളവുകൾക്കൊപ്പം നിബന്ധനകളിലും മാറ്റം

flight ticket cancellation
വെബ് ഡെസ്ക്

Published on Feb 27, 2026, 10:48 AM | 2 min read

വിമാന യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം അവ റദ്ദാക്കുന്നതിനും (Cancellation) മാറ്റങ്ങൾ വരുത്തുന്നതിനും (Modification) നിലവിലുള്ള കർശനമായ നിയമങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതിനുള്ള നിബന്ധനകളും യാത്രക്കാര്‍ ശ്രദ്ധിച്ചരിക്കണം.


2025 ലെ കൂട്ടായ വിമാനം റദ്ദാക്കൽ നടപടി മൂലം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരു ഉപഭോക്തൃ സമൂഹം എന്ന നിലയിൽ വിമാന യാത്രക്കാരുടെ അവകാശങ്ങളും ആവശ്യങ്ങളും അവഗണിക്കപ്പെട്ട നിലയിലായിരുന്നു. സര്‍ക്കാര്‍ വിമാന കമ്പനികൾക്കൊപ്പം നിശ്ശബ്ദമായതും പരാതിയായി. ആഗോള തലത്തിൽ തന്നെ വലിയ ചര്‍ച്ചകൾ ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യാത്രക്കാരെ പരിഗണിച്ചുള്ള ചില മാറ്റങ്ങൾ.


48 മണിക്കൂർ 'ലുക്ക്-ഇൻ' (Look-in) കാലാവധി

ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞാൽ ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ യാതൊരു അധിക നിരക്കും (Cancellation Fees) നൽകാതെ തന്നെ ടിക്കറ്റ് റദ്ദാക്കാനോ മാറ്റം വരുത്താനോ ഇനി യാത്രക്കാർക്ക് സാധിക്കും.


  • നിബന്ധന: ആഭ്യന്തര യാത്രകൾക്ക് (Domestic) വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 7 ദിവസം മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. അന്താരാഷ്ട്ര യാത്രകൾക്ക് (International) ഇത് 15 ദിവസമാണ്.

പേര് തിരുത്താൻ ഇനി പണം നൽകേണ്ട

ടിക്കറ്റിൽ പേരോ മറ്റോ തെറ്റായി രേഖപ്പെടുത്തിയാൽ അത് തിരുത്തുന്നതിനായി വിമാനക്കമ്പനികൾ വലിയ തുക ഈടാക്കാറുണ്ട്. എന്നാൽ പുതിയ നിയമം അനുസരിച്ച് ഇതിൽ ഇളവ് ലഭിക്കും. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ പിശക് കണ്ടെത്തി അറിയിച്ചാൽ മാത്രം സൗജന്യമായി പേര് തിരുത്തി നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്.


കൃത്യമായ റീഫണ്ട് സമയപരിധി


റീഫണ്ട് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ കർശന നിർദ്ദേശങ്ങളാണ് ഡി.ജി.സി.എ നൽകിയിരിക്കുന്നത്:

  • ക്രെഡിറ്റ് കാർഡ്: ടിക്കറ്റ് റദ്ദാക്കി 7 ദിവസത്തിനുള്ളിൽ തുക കാർഡിലേക്ക് തിരികെ നൽകണം.

  • ട്രാവൽ ഏജന്റ്: ഏജന്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിലും റീഫണ്ട് നൽകേണ്ട ഉത്തരവാദിത്തം വിമാനക്കമ്പനിക്കാണ്. ഇത് 14 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. ഇതിൽ ആശയ കുഴപ്പം നിലനിൽക്കുന്നതായി പരാതിയുണ്ട്.

  • ക്രെഡിറ്റ് ഷെൽ: യാത്രക്കാരന്റെ സമ്മതമില്ലാതെ റീഫണ്ട് തുക 'ക്രെഡിറ്റ് ഷെൽ' (അടുത്ത യാത്രയ്ക്കായി മാറ്റിവെക്കുന്ന രീതി) ആയി നൽകാൻ കമ്പനികൾക്ക് കഴിയില്ല

    മറ്റ് പ്രധാന മാറ്റങ്ങൾ

  • മെഡിക്കൽ എമർജൻസി: യാത്രക്കാരനോ കൂടെയുള്ള കുടുംബാംഗങ്ങൾക്കോ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ടിക്കറ്റ് റീഫണ്ട് നേടാൻ സാധിക്കും.

  • നികുതികൾ തിരികെ നൽകണം: ടിക്കറ്റ് നോൺ-റീഫണ്ടബിൾ ആണെങ്കിൽ പോലും അതിലെ നികുതികളും (UDF, PSF തുടങ്ങിയവ) സർക്കാർ ഫീസുകളും യാത്രക്കാരന് തിരികെ നൽകണം.

    ശ്രദ്ധിക്കുക: വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നൽകേണ്ട ലഘുഭക്ഷണം, താമസം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഡി ജി സി എ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്.

2025 അവസാനത്തോടെയുണ്ടായ വിമാന സർവീസുകളിലെ തടസ്സങ്ങളെത്തുടർന്ന് യാത്രക്കാർ നൽകിയ വ്യാപക പരാതികൾ പരിഗണിച്ചാണ് ഈ പുതിയ നടപടി. ഈ സാഹചര്യത്തിൽ വിമാന കമ്പനികൾ അവരുടെ പോളിസിയുമായി ബന്ധപ്പെട്ട് മാറ്റങ്ങൾക്ക് ശ്രമിക്കാം. ഉപോക്തൃ സമൂഹം എന്ന നിലയ്ക്ക് യാത്രക്കാര്‍ ഇക്കാര്യത്തിൽ ജാഗ്രത പുലര്‍ത്തുകയും നിമയങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രാഥമികമായി ലഭിച്ച വിവരങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home