‘ക്രിപ്‌റ്റോ ക്രിസ്‌ത്യൻസ് ’, അധിക്ഷേപിച്ച് ഫഡ്‌നാവിസ്

മുംബൈ
ക്രിസ്‌തുമതം ഒളിച്ച് പിന്തുടരുന്ന ‘ക്രിപ്‌റ്റോ ക്രിസ്‌ത്യൻസ്’ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംവരണ നേട്ടങ്ങൾക്കായി ഔദ്യോഗികമായി ഹിന്ദു പട്ടികജാതി, പട്ടിക വർഗ വിഭാഗമായി തുടരുകയും ഒളിച്ച് ക്രിസ്‌തുമത വിശ്വാസം സ്വീകരിക്കുകയും ചെയ്യുന്നത് ഗുരുതര പ്രശ്‌നമാണ്. ഇത്തരക്കാർ ശിക്ഷിക്കപ്പെടുമെന്നും അവരുടെ ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
സർക്കാർ ജോലി നേടിയവർ, സംവരണ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ തുടങ്ങിയവരെ പിടികൂടും. മതപരിവർത്തന നിരോധന നിയമം നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഉടൻ തീരുമാനം എടുക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ബിജെപി എംഎൽസി അമിത് ഗോർഖെയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു ഫഡ്‌നാവിസ്.









0 comments