കൊഴുപ്പ് കൂട്ടാന്‍ ഡിറ്റർജന്റും രാസവസ്തുക്കളും; മഹാരാഷ്ട്രയിൽ 2.3 കോടി ലിറ്റർ മായം ചേർത്ത പാൽ പിടിച്ചെടുത്തു

മുംബൈ : മഹാരാഷ്ട്രയിൽ 2.3 കോടി ലിറ്റർ മായം ചേർത്ത പാൽ പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ പൊലീസും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മായം ചേർത്ത പാൽ പിടിച്ചെടുത്തത്.
ഓരോ നൂറ് ലിറ്റർ ശുദ്ധമായ പാലിലും പത്ത് ലിറ്റർ കൃത്രിമപാൽ എന്ന രീതിയിലാണ് പ്രതികൾ മായം ചേർക്കുന്നത്. മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലേക്ക് കൃത്രിമപാൽ വിതരണം ചെയ്തുവെന്നാണ് കണ്ടെത്തൽ. പാൽ യഥാർഥമാണെന്ന് തോന്നിക്കാനും കൊഴുപ്പ് കൂട്ടാനും ഡിറ്റർജെന്റ്, പാം ഓയിൽ, കുറഞ്ഞ നിലവാരമുള്ള പൗഡറുകൾ ഉപയോഗിച്ചുവെന്നും പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് എട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ഏകദേശം 23,04,070 കിലോഗ്രാം ഗുണംനിലവാരം കുറഞ്ഞ പാൽപ്പൊടി ചേർത്തതായും അന്വേഷണത്തിൽ കണ്ടെത്തി.
ഡിറ്റർജന്റും പാം ഓയിലും രാസവസ്തുക്കളും അടങ്ങിയ പാൽ നിരന്തരം കഴിക്കുന്നത് കരൾ, വൃക്ക, ദഹനവ്യവസ്ഥ എന്നിവയെ പൂർണ്ണമായും തകരാറിലാക്കുമെന്നും കുട്ടികളുടെയും ഗർഭിണികളുടെയും പ്രായമായവരുടെയും ജീവന് അപകടകരമാകാമെന്നും മെഡിക്കൽ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ജീവന് ഭീഷണിയാകുന്ന രീതിയിൽ പാലിൽ മായം കലർത്തിയതായി കണ്ടെത്തിയാൽ 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം തടവും ഉൾപ്പെടെയുള്ള കർശന ശിക്ഷ ലഭിക്കും.










0 comments