നോട്ടുനിരോധനം: നേട്ടമുണ്ടാക്കിയത് കോർപ്പറേറ്റുകൾ മാത്രം, സാധാരണക്കാരെ തകർത്തു - ബെഫി

തിരുവനന്തപുരം: രാജ്യത്തെ സാധാരണക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ഉപജീവനമാർഗങ്ങൾ തകർത്ത നോട്ടുനിരോധനം, നേട്ടമുണ്ടാക്കിയത് വൻകിട കോർപ്പറേറ്റുകൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും മാത്രമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി). നോട്ടുനിരോധനം കേവലം ഒരു സാമ്പത്തിക തീരുമാനമായിരുന്നില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് അനുസരിച്ച് പുനഃസംഘടിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമായിരുന്നു അതെന്നും ബെഫി പറഞ്ഞു. നോട്ടുനിരോധനത്തിന് പത്ത് വർഷം തികയുന്ന നവംബർ എട്ടിനോടനുബന്ധിച്ച് പുറത്തിറക്കിയ സർക്കുലറിലാണ് ബെഫിയുടെ വിമർശനം.
കള്ളപ്പണം ഇല്ലാതാക്കുമെന്നും വ്യാജ കറൻസി തുടച്ചുനീക്കുമെന്നും ഭീകരവാദത്തിനുള്ള ധനസഹായം തടയുമെന്നും അവകാശപ്പെട്ടാണ് 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്. എന്നാൽ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും കൈവരിക്കാനായില്ല. നിരോധിച്ച നോട്ടുകളിൽ ഭൂരിഭാഗവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതോടെ കള്ളപ്പണം ഇല്ലാതാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രധാന വാദംതന്നെ പൊളിഞ്ഞു. അഴിമതിയും കള്ളപ്പണവും വ്യാജ കറൻസിയും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളും അവസാനിച്ചില്ലെന്നും ബെഫി ചൂണ്ടിക്കാട്ടി.
നോട്ടുനിരോധനത്തിന്റെ ആഘാതം ഏറ്റവും രൂക്ഷമായി അനുഭവിച്ചത് അസംഘടിത മേഖലയാണ്. ചെറുകിട വ്യാപാരികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, ദിവസവേതനക്കാർ തുടങ്ങി ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം പ്രതിസന്ധിയിലായി. പണലഭ്യത കുറഞ്ഞതോടെ ചെറുകിട സംരംഭങ്ങൾ തകർന്നു. തൊഴിലവസരങ്ങൾ ഇല്ലാതാകുകയും സാധാരണക്കാരുടെ വരുമാനമാർഗങ്ങൾ തടസ്സപ്പെടുകയും ചെയ്തു. പ്രഖ്യാപിച്ച ദിവസംമുതൽ നോട്ടുനിരോധനത്തെ ബെഫി എതിർത്തിരുന്നുവെന്നും സർക്കുലറിൽ വ്യക്തമാക്കി.
നോട്ടുനിരോധനത്തിന് പിന്നാലെ 2017 ജൂലൈയിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) തിരക്കിട്ട് നടപ്പാക്കിയതും ചെറുകിട വ്യാപാര മേഖലയ്ക്ക് തിരിച്ചടിയായി. ഏകീകൃത ദേശീയ വിപണി സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ജിഎസ്ടി കൊണ്ടുവന്നത്. എന്നാൽ സങ്കീർണമായ നടപടിക്രമങ്ങളും നിരന്തരം മാറുന്ന ചട്ടങ്ങളും ചെറുകിട വ്യാപാരികൾക്കും ഉൽപ്പാദകർക്കും അധികബാധ്യതയായി. നോട്ടുനിരോധനവും ജിഎസ്ടിയും ചേർന്ന് അസംഘടിത മേഖലയെ കൂടുതൽ ദുർബലപ്പെടുത്തുകയും സാമ്പത്തിക പ്രവർത്തനങ്ങൾ വൻകിട കോർപ്പറേറ്റുകളുടെ കൈകളിൽ കേന്ദ്രീകരിക്കാൻ വഴിയൊരുക്കുകയും ചെയ്തെന്ന് ബെഫി വിമർശിച്ചു.
ഡിജിറ്റൽ പണമിടപാടുകളുടെ വ്യാപനവും സ്വകാര്യ ഫിൻടെക് കമ്പനികൾക്ക് വലിയ നേട്ടമുണ്ടാക്കി. നോട്ടുനിരോധനത്തെത്തുടർന്ന് ഡിജിറ്റൽ ഇടപാടുകളിലേക്കുള്ള മാറ്റം വേഗത്തിലായി. സ്വകാര്യ ഡിജിറ്റൽ ധനകാര്യ കമ്പനികൾ വളർന്നപ്പോൾ അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും പ്രവർത്തനച്ചെലവുകൾ പൊതുമേഖലാ ബാങ്കുകൾക്കും ഗ്രാമീണ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും അധികബാധ്യതയായി. ബാങ്കിംഗ് മേഖല വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തപ്പോൾ അതിന്റെ സാമ്പത്തിക നേട്ടങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ കൈക്കലാക്കിയെന്നും ബെഫി കുറ്റപ്പെടുത്തി.
ബാങ്ക് ദേശസാത്കരണത്തിലൂടെ ശക്തിപ്പെടുത്തിയ ജനകീയ ബാങ്കിംഗ് സംവിധാനത്തെ ലാഭത്തിന് മുൻഗണന നൽകുന്ന വാണിജ്യാധിഷ്ഠിത സംവിധാനമാക്കി മാറ്റാനുള്ള ശ്രമങ്ങളും ശക്തിപ്പെട്ടു. കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും കുറഞ്ഞ ചെലവിൽ ബാങ്കിംഗ് സേവനങ്ങളും വായ്പകളും ഉറപ്പാക്കിയിരുന്ന സംവിധാനമാണ് ദുർബലപ്പെടുന്നത്. സ്വകാര്യവത്കരണം, ഓഹരി വിറ്റഴിക്കൽ, ഔട്ട്സോഴ്സിങ്, ബാങ്കുകളുടെ ഏകീകരണം തുടങ്ങിയ നടപടികളും ഇതേ നയത്തിന്റെ ഭാഗമാണെന്ന് ബെഫി ചൂണ്ടിക്കാട്ടി.
പൊതുമേഖലാ ബാങ്കുകളെ ദുർബലപ്പെടുത്തി ധനകാര്യ മേഖലയിൽ സ്വകാര്യ മൂലധനത്തിന്റെ സ്വാധീനം വർധിപ്പിക്കാനുള്ള വിപുലമായ നവലിബറൽ നയങ്ങളുടെ ഭാഗമായാണ് നോട്ടുനിരോധനത്തെ കാണേണ്ടത്. ബാങ്കിംഗ് സംവിധാനത്തെ കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് കീഴ്പ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ജീവനക്കാർ ഒന്നിക്കണം. പൊതുമേഖലാ ബാങ്കുകളെയും ബാങ്ക് ദേശസാത്കരണത്തിന്റെ നേട്ടങ്ങളെയും സംരക്ഷിക്കാനും സാധാരണക്കാർക്ക് ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കാനും ശക്തമായ പോരാട്ടം നടത്തണമെന്നും ബെഫി ആഹ്വാനം ചെയ്തു.
നോട്ടുനിരോധനത്തിന്റെ ജനവിരുദ്ധ പ്രത്യാഘാതങ്ങൾ വിസ്മരിക്കാൻ അനുവദിക്കില്ലെന്നും ജനറൽ സെക്രട്ടറി ദേബാശിഷ് ബസു ചൗധരി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.








0 comments