ad
Deshabhimani

വനിതാസംവരണത്തിന്റെ മറവിൽ മണ്ഡലപുനര്‍നിർണയം; പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കും

INDIA Bloc Leader.jpg

ഇന്ത്യാ കൂട്ടായ്മ നേതാക്കൾ യോ​ഗത്തിൽ | Indian National Congress www.facebook.com/photo

വെബ് ഡെസ്ക്

Published on Apr 15, 2026, 06:48 PM | 2 min read

ന്യൂഡൽഹി​: വനിതാസംവരണത്തിന്റെ മറവിൽ പഴയ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനര്‍നിർണയം നടത്തി ലോക്‌സഭ, നിയമസഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. ബില്ലുകളെ എതിർത്ത് പ്രതിപക്ഷം വോട്ട് ചെയ്യും.


വനിതാ സംവരണത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ മണ്ഡല പുനർനിർണ്ണയവുമായി അതിനെ ബന്ധിപ്പിക്കുന്ന സർക്കാർ രീതി രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണഘടനാ ഭേദഗതിയെ സഭയിൽ ശക്തമായി നേരിടുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വ്യക്തമാക്കി. ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, നീലോത്പൽ ബസു, ആനി രാജ, ഒമർ അബ്‌ദുള്ള, ടി ആ‌ർ ബാലു, ജോസ് കെ മാണി, എൻ കെ പ്രേമചന്ദ്രൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.


വ്യാഴാഴ്‌ച്ച ചേരുന്ന പാർലമെന്റ്‌ സമ്മേളനത്തിൽ മണ്ഡല പുനര്‍നിർണയ ബിൽ–2026, കേന്ദ്രഭരണപ്രദേശ നിയമ ഭേദഗതി ബിൽ–2026, 131ാം ഭരണഘടനാ ഭേദഗതി ബിൽ–2026 എന്നിവയാണ് കേന്ദ്രം കൊണ്ടുവരുന്നത്. സംസ്ഥാനസർക്കാരുകളുമായും പ്രതിപക്ഷവുമായും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയിട്ടില്ല. ചൊവ്വാഴ്‌ച മാത്രമാണ്‌ ബില്ലുകളുടെ പകർപ്പുകൾ അംഗങ്ങൾക്ക്‌ കേന്ദ്രം വിതരണം ചെയ്‌തത്‌.


മണ്ഡല പുനര്‍നിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയപ്രാതിനിധ്യം വെട്ടിക്കുറയ്‌ക്കുമെന്ന ആശങ്കകൾക്ക്‌ കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഉത്തർപ്രദേശ്‌, ബിഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ സീറ്റ് ഗണ്യമായി കൂടും. കേരളം, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ശുഷ്‌കമാകും. ബില്ലുമായി ബന്ധപ്പെട്ട അന‍ൗദ്യോഗിക ചർച്ചകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ‘തുല്യമായ ആനുപാതിക വർധന’ ഉറപ്പാക്കും എന്ന്‌ കേന്ദ്രസർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവിട്ടിട്ടുള്ള കരടിൽ ഇതേകുറിച്ച്‌ പരാമർശമില്ല.


ഭേദഗതികള്‍


ലോക്‌സഭയിലെ സീറ്റുകൾ 543ൽ നിന്നും 850 ആക്കി ഉയർത്താനാണ്‌ 131ാം ഭരണഘടനാഭേദഗതി ബില്ലിലെ മുഖ്യശുപാർശ. ഭരണഘടനയുടെ 81ാം അനുച്ഛേദത്തിൽ മാറ്റങ്ങൾ വരുത്തി പ്രാദേശിക നിയോജകമണ്ഡലങ്ങളിൽ നിന്ന്‌ 815 അംഗങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്ന്‌ 35 അംഗങ്ങളെയും തെരഞ്ഞെടുക്കും. നിലവിൽ, കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്ന്‌ 19 എംപിമാരാണുള്ളത്‌.മണ്ഡല പുനര്‍നിർണയവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 82ാം അനുച്ഛേദത്തിലും വലിയ മാറ്റംവരുത്തും.


‘2026ന്‌ ശേഷമുള്ള ആദ്യ സെൻസസിന്റെ അടിസ്ഥാനത്തിൽ അടുത്ത മണ്ഡല പുനര്‍നിർണയം നടത്തണം’– എന്ന വ്യവസ്ഥ പൂർണമായും ഒഴിവാക്കും. ഇതിലൂടെ 2026 സെൻസസ്‌ പൂർത്തിയാകുന്നതിന്‌ മുന്പ്‌ മണ്ഡലപുനര്‍നിർണയം നടത്താന്‍ സാധിക്കും. 2011 സെൻസസ്‌ കണക്കുകൾ മണ്ഡല പുനര്‍നിർണയത്തിന്‌ ഉപയോഗിക്കാവുന്ന രീതിയിൽ ‘ജനസംഖ്യ’യുടെ നിർവചനത്തിലും മാറ്റങ്ങൾ വരുത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home