ad
Deshabhimani

വനിതാസംവരണത്തിന്റെ മറവിൽ മണ്ഡലപുനർനിർണയം: വോട്ടെടുപ്പ്‌ ഇന്ന്

parliament.jpg
വെബ് ഡെസ്ക്

Published on Apr 17, 2026, 06:09 AM | 2 min read

ന്യൂഡൽഹി: വനിതാസംവരണത്തിന്റെ മറവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയപ്രാതിനിധ്യം ദുർബലമാക്കാൻ മോദിസർക്കാർ കൊണ്ടുവന്ന ജനാധിപത്യവിരുദ്ധ ബില്ലുകളിൽ വെള്ളിയാഴ്‌ച്ച പകൽ നാലിന്‌ വോട്ടെടുപ്പ്‌ നടക്കും. ഭരണഘടനാഭേദഗതി ബില്ലിന്‌ ശബ്‌ദവോട്ടിലൂടെ അവതരണാനുമതി നൽകാൻ സ്‌പീക്കർ ശ്രമിച്ചെങ്കിലും പ്രതിപക്ഷം ആ നീക്കത്തെ എതിർത്തു. പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്ന്‌ വോട്ടെടുപ്പിലേക്ക്‌ കടക്കാൻ സ്‌പീക്കർ നിർബന്ധിതനായി. 251 പേർ ബിൽ അവതരണത്തെ പിന്തുണച്ചപ്പോൾ 185 അംഗങ്ങൾ എതിർത്തു. ഇതേതുടർന്ന്‌, എത്രസമയം ചർച്ചയ്‌ക്ക്‌ വേണ്ടി മാറ്റിവെക്കണമെന്ന കാര്യത്തിൽ തർക്കം തുടങ്ങി. 18 മണിക്കൂറെങ്കിലും സമയം അനുവദിക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു.


2011 സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലപുനഃനിർണയം നടത്തി ലോക്‌സഭയിലെയും നിയമസഭകളിലെയും സീറ്റുകൾ വർധിപ്പിക്കാനുള്ള നീക്കത്തിന്‌ പിന്നിലെ രാഷ്ട്രീയഅജണ്ട വ്യാഴാഴ്‌ച്ച തുടങ്ങിയ പ്രത്യേക പാർലമെന്റ്‌ സമ്മേളനത്തിൽ പ്രതിപക്ഷം തുറന്നുകാണിച്ചു. വനിതാസംവരണത്തിന്റെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ വലിയരീതിയിൽ വർദ്ധിപ്പിച്ച്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയസ്വരം അടിച്ചമർത്താനാണ്‌ മോദിസർക്കാരിന്റെ നീക്കമെന്നും 2029ലും അധികാരം നിലനിർത്താനാണ്‌ ബിജെപി തിടുക്കത്തിൽ ബില്ലുകൾ കൊണ്ടുവന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.


പ്രതിപക്ഷം ഉന്നയിച്ച അതീവഗുരുതര ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ മറുപടി ഉണ്ടായിരുന്നില്ല. ‘തെക്കാകട്ടെ, വടക്കാകട്ടെ, കിഴക്കാകട്ടെ, പടിഞ്ഞാറകട്ടെ... വലിയ സംസ്ഥാനമാകട്ടെ, ചെറിയ സംസ്ഥാനമാകട്ടെ.. ആർക്കും ഇതിന്റെ പേരിൽ വിവേചനം നേരിടേണ്ടി വരില്ല’– എന്ന ഒഴുക്കൻ മട്ടിലുള്ള പ്രസ്‌താവന മാത്രമാണ്‌ മോദി നടത്തിയത്‌. ‘ഇ‍ൗ ബില്ലുകൾ കൊണ്ട്‌ എനിക്ക്‌ പ്രത്യേക രാഷ്ട്രീയ നേട്ടമൊന്നുമില്ല; എന്നാൽ, ഇ‍ൗ ബില്ലുകളെ നിങ്ങൾ എതിർത്താൽ അതിന്റെ ഗുണം എനിക്ക്‌ കിട്ടും’– എന്ന ശ്രദ്ധേയമായ പരാമർശവും പ്രധാനമന്ത്രിയുടെ ഭാഗത്ത്‌ നിന്നുണ്ടായി. തമിഴ്‌നാട്‌, പശ്‌ചിമബംഗാൾ തെരഞ്ഞെടുപ്പുകൾ അടുത്ത പശ്‌ചാത്തലത്തിൽ തിടുക്കത്തിൽ വനിതാസംവരണ നിയമഭേദഗതി ബില്ലുകൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്‌ പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളാണെന്ന വിമർശം ശക്തമായിരുന്നു.


കണക്കിൽ തോൽവി ഉറപ്പ്‌


ഭരണഘടനാഭേദഗതി ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം സർക്കാരിനില്ലെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്‌. നിലവിൽ 540 അംഗങ്ങളാണ്‌ ലോക്‌സഭയിലുള്ളത്‌. എല്ലാ അംഗങ്ങളും ഹാജരായി വോട്ട്‌ ചെയ്യുന്ന പക്ഷം ബിൽ പാസാക്കണമെങ്കിൽ 360 വോട്ടെങ്കിലും കേന്ദ്രസർക്കാർ സമാഹരിക്കണം. എൻഡിഎയ്‌ക്ക്‌ നിലവിൽ 293 അംഗങ്ങളും പ്രതിപക്ഷത്തിന്‌ 233 അംഗങ്ങളുമാണുള്ളത്‌. ഏഴ്‌ അംഗങ്ങൾ സ്വതന്ത്രരാണ്‌. വൈഎസ്‌ആർസിപി, എഐഎംഐഎം,‍ ശിരോമണിഅകാലിദൾ എന്നീ പാർടികളിൽ നിന്നുള്ളവരാണ്‌ ബാക്കി ഏഴംഗങ്ങൾ. ഇ‍ൗ പാർടികൾ ഒന്നും ഇതുവരെ ബില്ലിനെ പരസ്യമായി പിന്തുണച്ചിട്ടില്ല.


67 വോട്ടുകൾ കൂടി നേടിയാൽ മാത്രമേ സർക്കാരിന്‌ ഭരണഘടനാഭേദഗതി പാസാക്കാൻ സാധിക്കുകയുള്ളു. വൈഎസ്‌ആർസിപിയുടെ നാല്‌ അംഗങ്ങൾ പിന്തുണച്ചാലും സർക്കാരിന്റെ ഭൂരിപക്ഷം 297ൽ ഒതുങ്ങും. സമാജ്‌വാദി പാർടിക്ക്‌ 37 അംഗങ്ങളും തൃണമുൽകോൺഗ്രസിന്‌ 28 എംപിമാരും ഡിഎംകെയ്‌ക്ക്‌ 22 എംപിമാരുമുണ്ട്‌. നിലവിലെ സാഹചര്യത്തിൽ, ഇ‍ൗ കക്ഷികൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നാൽ മാത്രമേ സർക്കാരിന്‌ ഭരണഘടനാഭേദഗതി പാസാക്കാൻ സാധിക്കുകയുള്ളു. ഇതിനുള്ള സാഹചര്യമില്ലെന്നതാണ്‌ യാഥാർഥ്യം. ലോക്‌സഭയിൽ ബിൽ പാസായില്ലെങ്കിൽ പിന്നീട്‌ അത്‌ രാജ്യസഭയിലേക്ക്‌ വിടേണ്ട കാര്യമില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home