ad
Deshabhimani

വനിതാസംവരണത്തിന്റെ മറവിൽ മണ്ഡലപുനർനിർണയം: ബില്ലിന് അവതരണാനുമതി

parliament.jpg

ലോക്സഭയിൽ നിന്നുള്ള ദൃശ്യം (Photo: Sansad TV )

വെബ് ഡെസ്ക്

Published on Apr 16, 2026, 12:11 PM | 1 min read

ന്യൂഡൽഹി​: വനിതാസംവരണത്തിന്റെ മറവിൽ പഴയ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്താനുള്ള ബില്ലിന് അവതരണാനുമതി. ബില്‍ അവതരണത്തിന് അനുമതി തേടിയുള്ള വോട്ടെടുപ്പിൽ 333 എംപിമാരിൽ 207 പേർ അനുകൂലമായും 126 പേർ എതിർത്തും വോട്ട് ചെയ്തു.


മൂന്ന് ബില്ലുകളിലും നാളെ നാല് മണിക്ക് ലോക്‌സഭയിൽ വോട്ടെടുപ്പ് നടക്കും. അതുവരെ ചർച്ചയുണ്ടാകും. 12 മണിക്കൂർ മുതൽ 18 മണിക്കൂർ വരെ ചർച്ചയ്ക്ക് സമയം അനുവദിക്കും.


മണ്ഡല പുനർനിർണയം നടത്തി ലോക്‌സഭ, നിയമസഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തെ ലോക്സഭയിൽ ഒറ്റക്കെട്ടായി പ്രതിപക്ഷം എതിർത്തു. വനിതാസംവരണത്തിനൊപ്പം മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം സംശയാസ്പദമാണെന്നും ഫെഡറലിസം, സാമൂഹ്യനീതി എന്നിവയ്ക്കെതിരായ ബില്ലിനെ എതിർക്കുന്നെന്നും സിപിഐ എം ലോക്‌സഭാകക്ഷി നേതാവ്‌ കെ രാധാകൃഷ്‌ണൻ പറഞ്ഞു.


കേന്ദ്രസർക്കാർ കൊണ്ടുവന്ന ബിൽ ഫെഡറലിസത്തിനു നേരെയുള്ള ആക്രമണമെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു. കേന്ദ്രം മുന്നോട്ടുവച്ച ബില്ലുകളെ എതിർക്കുന്നുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിനു മുഴുവൻ അറിയാം. കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ പറഞ്ഞു.



ഭേദഗതികൾ


ലോക്‌സഭയിലെ സീറ്റുകൾ 543ൽ നിന്നും 850 ആക്കി ഉയർത്താനാണ്‌ 131ാം ഭരണഘടനാഭേദഗതി ബില്ലിലെ മുഖ്യശുപാർശ. ഭരണഘടനയുടെ 81ാം അനുച്ഛേദത്തിൽ മാറ്റങ്ങൾ വരുത്തി പ്രാദേശിക നിയോജകമണ്ഡലങ്ങളിൽ നിന്ന്‌ 815 അംഗങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്ന്‌ 35 അംഗങ്ങളെയും തെരഞ്ഞെടുക്കും. നിലവിൽ, കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്ന്‌ 19 എംപിമാരാണുള്ളത്‌.മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 82ാം അനുച്ഛേദത്തിലും വലിയ മാറ്റംവരുത്തും.



‘2026ന്‌ ശേഷമുള്ള ആദ്യ സെൻസസിന്റെ അടിസ്ഥാനത്തിൽ അടുത്ത മണ്ഡല പുനർനിർണയം നടത്തണം’– എന്ന വ്യവസ്ഥ പൂർണമായും ഒഴിവാക്കും. ഇതിലൂടെ 2026 സെൻസസ്‌ പൂർത്തിയാകുന്നതിന്‌ മുന്പ്‌ മണ്ഡലപുനർനിർണയം നടത്താൻ സാധിക്കും. 2011 സെൻസസ്‌ കണക്കുകൾ മണ്ഡല പുനർനിർണയത്തിന്‌ ഉപയോഗിക്കാവുന്ന രീതിയിൽ ‘ജനസംഖ്യ’യുടെ നിർവചനത്തിലും മാറ്റങ്ങൾ വരുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home