print edition മണ്ഡല പുനർനിർണയ ബിൽ; ഭൂരിപക്ഷം ഉറപ്പിക്കാൻ ചരടുവലിച്ച് കേന്ദ്രം

ന്യൂഡൽഹി: പാർലമെന്റ് വർഷകാലസമ്മേളനം 20ന് തുടങ്ങാനിരിക്കെ വനിതാസംവരണവും മണ്ഡല പുനർനിർണയവും നടപ്പാക്കാനുള്ള ഭരണഘടനാബില്ലിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള അടവുകൾ പയറ്റി കേന്ദ്രം. പ്രതിപക്ഷകൂട്ടായ്‌മയിൽ നിന്നും വിട്ടുനിൽക്കുന്ന ഡിഎംകെ ഉൾപ്പടെയുള്ള പാർടികളുമായി ബിജെപി അനൗദ്യോഗിക ചർച്ച നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ബില്ലിനെ പിന്തുണച്ചില്ലെങ്കിലും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നാൽ മതിയെന്നാണ് ഡിഎംകെയോട് ബിജെപി ആവശ്യപ്പെടുന്നത്. ഇതോടൊപ്പം, എൻഡിഎയുടെ ഭാഗമല്ലാത്ത പല എംപിമാരും ഇക്കുറി ബിൽ പാസാക്കാൻ സഹായിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ അവകാശപ്പെടുന്നത്.
എട്ട് എംപിമാരുള്ള എൻസിപി ശരദ്‌പവാർ പക്ഷത്തിന്റെ പിന്തുണ നേടാനും ബിജെപി നീക്കം തുടങ്ങി. തൃണമൂൽ കോൺഗ്രസിലെ 20 വിമത എംപിമാരുടെയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ ആറ് വിമത എംപിമാരുടെയും കൂറുമാറ്റം സ്‌പീക്കർ അംഗീകരിക്കുന്നതോടെ ലോക്‌സഭയിൽ എൻഡിഎയുടെ അംഗബലം 292ൽ നിന്ന് 318 ആയി ഉയരും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 വോട്ട് വേണം. ഇതിനുവേണ്ടിയുള്ള ചരടുവലികളാണ് ബിജെപി ഇപ്പോൾ നടത്തുന്നത്.
ബിജെപിയുടെ ജനാധിപത്യവിരുദ്ധ നീക്കത്തെ തടയുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. ഭരണഘടനാവിരുദ്ധമായ നിയമനിർമാണം പാസാക്കാൻ പണവും അധികാരവും വാഗ്‌ദാനം ചെയ്‌തും കേന്ദ്രഏജൻസികളെ കാണിച്ച് വിരട്ടിയുമാണ് ബിജെപി മറ്റ് പാർടികളിൽ നിന്നും എംപിമാരെ കൂട്ടത്തോടെ കൂറുമാറ്റുന്നത്. എന്നാലും മതിയായ ഭൂരിപക്ഷം ഉണ്ടാക്കാൻ അവർക്കാകില്ല. ഇൗ വിഷയത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നാണ് ഡിഎംകെ നൽകുന്ന സൂചന.
കഴിഞ്ഞ സമ്മേളനത്തിൽ വനിതാസംവരണത്തിന്റെ മറവിൽ മണ്ഡല പുനഃനിർണയം നടപ്പാക്കാനുള്ള നീക്കത്തെ ശക്തമായി എതിർത്തത് ഡിഎംകെയായിരുന്നു. അതിനാൽ, അതുമായി ബന്ധപ്പെട്ട ബില്ലുകൾ വീണ്ടും പാർലമെന്റിൽ എത്തുന്പോൾ അനുകൂലിക്കാൻ ഡിഎംകെ തയ്യാറാകില്ല. ഇൗ സാഹചര്യത്തിൽ, വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന് സഹായിക്കണമെന്ന ആവശ്യമാണ് ബിജെപി അവരോട് ആവശ്യപ്പെടുന്നത്. ഡിഎംകെ എന്ത് നിലപാടെടുക്കുമെന്നതിൽ അനിശ്‌ചിതത്വമുണ്ട്.











0 comments