ad
Deshabhimani

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ചൊൽപ്പടിയിലാക്കാൻ ബില്ല്, സഭയിൽ പ്രതിഷേധവും പ്രതിരോധവുമായി പ്രതിപക്ഷം

parliament
വെബ് ഡെസ്ക്

Published on Apr 16, 2026, 03:37 PM | 5 min read

രിപ്പിടങ്ങൾ ഇരട്ടിയോളമാക്കി പുതിയ പാര്‍ലമെന്റ് മന്ദിരം പണിതപ്പോൾ തന്നെ രാജ്യത്തിന്റെ ഫെഡറലിസത്തെയും ജനാധിപത്യ സംവിധാനങ്ങളെയും മറികടന്നുള്ള ബിജെപി സര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണ നീക്കം പ്രവചിക്കപ്പെട്ടിരുന്നു. മണ്ഡല പുനര്‍നിര്‍ണ്ണയം പ്രാതിനിധ്യത്തെയും ഉൾക്കൊള്ളലിനെയും വിപുലീകരിച്ച് ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താനല്ല മറിച്ച് പൂര്‍ണ്ണമായും ചൊൽപ്പടിയിലാക്കാനുള്ള തന്ത്രമാണെന്ന് വിലയിരുത്തപ്പെട്ടു. വനിതാ സംവരണ ബില്ലിന്റെ മറവിൽ സീറ്റ് സംതുലനത്തിനുള്ള സാധൂകരണമായി മണ്ഡല പുനര്‍നിര്‍ണ്ണയത്തെ ഉയര്‍ത്തി കാട്ടിയാണ് ഇപ്പോൾ ബില്ലുകൾ സഭയുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ശക്തമായ പ്രതിഷേധവും പ്രതിരോധവും തീര്‍ത്ത് പ്രതിപക്ഷം ജനാധിപത്യ സംരക്ഷണത്തിനായി ഐക്യപ്പെട്ടിരിക്കയാണ്. ആദ്യ ദിവസം തന്നെ സഭ പ്രതിഷേധത്തിൽ മുങ്ങി.


വനിതാ സംവരണ ഭേദഗതി ബില്ല്, മണ്ഡല പുനർനിർണയ കമ്മീഷൻ ബില്ല്, കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് പാര്‍ലമെന്റിൽ പരിഗണിക്കുന്നത്. തങ്ങളുടെ അംഗബലത്തിന്റെ പിൻബലത്തിൽ ഇവയുടെ അവതരണാനുമതി ലഭ്യമാക്കി എങ്കിലും മണ്ഡല പുനര്‍നിര്‍ണയം സാധ്യമാക്കുന്നതിനുള്ള ബില്ല് എളുപ്പം സഭകടത്താനാവില്ല. ബില്ലിന് പിന്നിലെ അപകടം തിരിച്ചറിഞ്ഞ് സിപിഐ എം ഉൾപ്പെടെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുകയാണ്.


ലോക്സഭയിൽ 18 മണിക്കൂർ നീണ്ട ചർച്ചയാണ് ബില്ലിന്മേൽ ഉണ്ടാകുക. രാജ്യസഭയിൽ 16മണിക്കൂറാണ് ചർച്ച അനുവദിച്ചിട്ടുള്ളത്. വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷം അട്ടിമറിച്ചു എന്ന് വരുത്തി തീര്‍ക്കാനും, വനിതാ സംവരണ ബില്ലിന് അനുകൂലമായ പ്രതിപക്ഷ നിലപാട് മണ്ഡല പുനനിര്‍ണയ ബില്ലിനെ മുൻനിര്‍ത്തി ദുര്‍ബലമാക്കാനും ലക്ഷ്യമാക്കി ഇരട്ട മുഖമുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്.


വനിതാ സംവരണ ബില്ല് നടപ്പാക്കുന്നതിനായി ഏറ്റവും ശക്തമായി രംഗത്തുണ്ടായിരുന്നത് ഇടതുപക്ഷമാണ്. 2023ൽ വനിതാ സംവരണം ഉടൻ നടപ്പാക്കേണ്ടതില്ലെന്ന് എൻഡിഎ സര്‍ക്കാര്‍ തീരുമാനിക്കായണുണ്ടായത്. ഇത് ഒരു ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന് വ്യക്തമാവുന്നു.


543 സീറ്റിൽ തന്നെ 33ശതമാനം വനിതാ സംവരണം അനുവദിച്ച് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കയായിരുന്നു. മണ്ഡല പുനര്‍നിര്‍ണയവുമായി ഇതിനെ കൂട്ടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് അന്ന് തന്നെ വിലയിരുത്തപ്പെട്ടു. 850 സീറ്റ് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കയായിരുന്നു.


2027-ലെ സെൻസസ് അടിസ്ഥാനമാക്കി 2028-ൽ നടപ്പാക്കുന്ന മണ്ഡലപുനർനിർണയത്തിനുശേഷം വനിതാ സംവരണം ഏർപ്പെടുത്തുക എന്നതാണ് 2023-ൽ എൻഡിഎ സര്‍ക്കാര്‍ പാസാക്കിയ നാരീശക്തി വന്ദൻ നിയമത്തിലെ വ്യവസ്ഥ. 2034 മുതൽ ഇതുനടപ്പാക്കാനാണ് നിലവിലുള്ള ഈ നിയമം നിർദേശിക്കുന്നത്. എന്നാൽ, 2029-ലെ തിരഞ്ഞെടുപ്പുകളിൽ വനിതാസംവരണം നടപ്പാക്കാനാണ് ഇപ്പോഴത്തെ നിയമഭേദഗതി. ബിൽ പാർലമെന്റ് പാസാക്കിയാൽ 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഒഡിഷ, അരുണാചൽപ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ് ­എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വനിതാസംവരണം ബാധകമാകും.


2026-ന് ശേഷമുള്ള ആദ്യ സെൻസസ് വരെ മണ്ഡല പുനർനിർണ്ണയം പാടില്ല എന്ന ആർട്ടിക്കിൾ 82- പ്രകാരമുള്ള നിലവിലെ നിയന്ത്രണം നീക്കം ചെയ്യാനാണ് പുതിയ ബിൽ മുഖ്യമായും ലക്ഷ്യം വെക്കുന്നത്. അതുവരെ കാത്തിരിക്കാതെ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയവും വനിതാ സംവരണവും ഏർപ്പെടുത്തുന്നതിനുള്ളതാണ് 131-ാമത് ഭരണഘടാന ഭേദഗതി ബിൽ. ഇതുവഴി മണ്ഡലങ്ങളുടെ പുനർനിർണയം നടത്തുന്നതിന് മണ്ഡല പുനർനിർണയകമ്മിഷൻ രൂപവത്കരിക്കും.


ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ

പ്രാതിനിധ്യം വെട്ടിച്ചുരുക്കക


ആര്‍ എസ് എസ് ആശയഗതികൾക്ക് അനുസൃതമായി വിഭാഗീയതയും വിദ്വേഷവും വിതച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആധിപത്യം ഉറപ്പിച്ച ശേഷം അവിടെ നിന്നുളള സീറ്റുകൾ പരമാവധി വര്‍ധിപ്പിച്ച് നിയമനിര്‍മ്മാണ സഭകളെ തങ്ങളുടെ ചൊൽപ്പടിക്കും പരിപൂര്‍ണ്ണ നിയന്ത്രണത്തിനും കീഴിൽ എക്കാലവും നിര്‍ത്തുക എന്ന തന്ത്രമാണ് ബില്ലിന് കീഴിൽ സാധ്യമാക്കാൻ ശ്രമിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ സ്വാഭാവികമായും ഈ പുനര്‍നിര്‍ണ്ണയ ബില്ല് പ്രാതിനിധ്യ അനുപാതത്തിൽ ഏറെ പിന്നിലേക്ക് തള്ളും.


ഇന്ത്യയുടെ നിയമനിർമ്മാണ സഭകളിലെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി പുനർക്രമീകരിക്കുന്ന പ്രക്രിയയാണ് മണ്ഡലപുനർനിർണ്ണയം (Delimitation). നിലവിൽ 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ലോക്‌സഭാ സീറ്റുകൾ വിഭജിച്ചിരിക്കുന്നത്. ഇത് 2011-ലോ അതിനുശേഷമുള്ള സെൻസസിലേക്കോ മാറുമ്പോൾ വലിയ രാഷ്ട്രീയ-ഭരണഘടനാപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്കയാണ്.


ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 82 പ്രകാരം ഓരോ സെൻസസിനു ശേഷവും ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണ്ണയിക്കേണ്ടതുണ്ട്. എന്നാൽ,ജനസംഖ്യാ നിയന്ത്രണത്തിൽ വിജയിച്ച സംസ്ഥാനങ്ങൾക്ക്, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്, രാഷ്ട്രീയ പ്രാതിനിധ്യം കുറയാതിരിക്കാൻ 1976-ലും 2001-ലും ഈ നടപടി മരവിപ്പിച്ചിരുന്നു. ഇത് പ്രകാരം 2026-നു ശേഷമുള്ള ആദ്യ സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിൽ മാത്രമേ പുനർനിർണ്ണയം പാടുള്ളൂ എന്നായിരുന്നു വ്യവസ്ഥ. ജനസംഖ്യാ നിയന്ത്രണം എല്ലാ സംസ്ഥാനങ്ങളും കൃത്യമായി നടപ്പാക്കണം. ഇല്ലെങ്കിൽ നിയന്ത്രണം മികച്ച രീതിയിൽ കൈവരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആനുപാതികമായി സീറ്റ് നഷ്ടം വരും.


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാനുപാതികമായി സീറ്റ് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെടുന്നവരുടെ യുക്തി സ്വീകരിച്ചാൽ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാവും. കേരളം ഏറ്റവും അധിക പ്രാതിനിധ്യമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാവും. ഇപ്പോഴത്തെ 543 സീറ്റുകൾ 850ആയി ഉയര്‍ത്താനുള്ള ബിജെപി സര്‍ക്കാര്‍ നീക്കവും കേരത്തിന്റെ പങ്കാളിത്തം കൂടുതൽ ദുര്‍ബലപ്പെടുത്തും.


വനിതാ സംവരണത്തിനായി നീക്കുവെക്കുന്ന 33ശതമാനം സീറ്റുകളുടെ ആനുപാതിക പ്രധാന്യം കൂടി പരിഗണിച്ച് അമ്പത് ശതമാനം വര്‍ധന എന്ന നിര്‍ദ്ദേശം നടപ്പാക്കിയാൽ കേരളത്തിൽ വെറും പത്ത് സീറ്റുകളാവും വാര്‍ധിക്കുക. അതേ സമയം ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിൽ ഇത് 80ൽ നിന്ന് 120ആയി ഉയരും. ബിഹാറിൽ 40 ൽ നിന്ന് 60വരെയാവണം. ഈ അനുപാതം കണക്കാക്കുമ്പോൾ പത്ത് സീറ്റ് വര്‍ധന വന്നാലും കേരളത്തിന്റെ ശതമാന കണക്കിലുള്ള പ്രാതിനിധ്യം വെറും 2.22ശതമാനമായി കുറയുകയാവും ചെയ്യുക. ഇപ്പോഴുള്ള 3.7ശതമാനത്തിൽ നിന്നാണ് ഈ കുറവ് വരുന്നത് എന്നും കാണണം. ഇതുപോലെ ഓരോ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളം രാജ്യത്തെ നിയമ നിര്‍മ്മാണ സഭകളിലെ പ്രാതിനിധ്യ തോതിൽ പിന്തള്ളപ്പെടും


മ൧


ഫെ‍‍ഡറലിസത്തിന്റെ കടയ്ക്കൽ ....


ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മുപ്പത് ശതമാനവും സംഭാവന ചെയ്യുന്നത് ജനസംഖ്യയിൽ പിന്നിലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കിയതിനാൽ ഈ സംസ്ഥാനങ്ങളുടെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പങ്ക് വെറും 20ശതമാനം മാത്രമാണ്. ജനസംഖ്യാ നിയന്ത്രണത്തിൽ വിജയിച്ച സംസ്ഥാനങ്ങൾക്ക് സഭയിൽ പങ്കാളിത്തം കുറയ്ക്കുക മാത്രമല്ല തങ്ങൾക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ അവസരം ഒരുക്കുകയുമാണ് ബിജെപി തന്ത്രം.


ചുരുക്കത്തിൽ,ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കിയ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ആകെ സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകില്ലെങ്കിലും, പാർലമെന്റിലെ മൊത്തം സീറ്റുകളിൽ ഈ സംസ്ഥാനങ്ങളുടെ ശതമാനം കുത്തനെ കുറയും. ഇത് ദേശീയ രാഷ്ട്രീയത്തിൽ ദക്ഷിണേന്ത്യയുടെ സ്വാധീനം ദുർബലമാക്കും. മാത്രമല്ല പുതുക്കുന്ന സീറ്റ് നിലവെച്ചള്ള കണക്ക് പരിശോധിക്കുമ്പോൾ ലോക്‌സഭയിലെ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഏകദേശം 38%-ൽ നിന്ന് 43%-ലേക്ക് ഉയരും.


ഇത് പാർലമെന്റിലെ 'വോട്ടിംഗ് പവറിൽ'വലിയ അസമത്വം ഉണ്ടാക്കും.ഹിന്ദി സംസാരിക്കുന്ന നാലോ അഞ്ചോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിച്ചുനിന്നാൽ ഇന്ത്യയുടെ ഭരണം നിശ്ചയിക്കാൻ കഴിയുന്ന സാഹചര്യം സംജാതമാകും. ഇത് പ്രാദേശിക പാർട്ടികളുടെ പ്രസക്തി കുറയ്ക്കും. ദേശീയ കക്ഷികൾക്ക് ഉത്തരേന്ത്യൻ വോട്ടുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചും ഭരണം യഥേഷ്ടം നിലനിര്‍ത്താം.


2025-ൽ സുപ്രീം കോടതി ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഒരു ഉത്തരവിൽ തുല്യതയുടെ തത്വം മറക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തിയിരുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന 'ഏകീകൃത തെരഞ്ഞെടുപ്പ് ചട്ടക്കൂടിനെ' (Uniform Electoral Framework)മണ്ഡലപുനർനിർണ്ണയം തകിടം മറിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ ലാഭത്തിനായി ഭരണഘടനാ തത്വങ്ങളെ വളച്ചൊടിക്കുന്നത് കോടതി ചോദ്യം ചെയ്തു. കൃത്യമായ സെൻസസ് ഡാറ്റ ഇല്ലാതെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയും മുന്നോട്ട് പോകുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്ന് കോടതി നിരീക്ഷിച്ചു.


ബിൽ പാസാക്കലും എളുപ്പമാവില്ല


ലോക്സഭാ സീറ്റുകൾ 850ആയി ഉയര്‍ത്തുന്ന പ്രക്രിയ ലക്ഷ്യമാക്കിയുള്ള മണ്ഡല പുനര്‍നിര്‍ണയ കമ്മീഷൻ ബില്ല് പാസാക്കിയെടുക്കൽ അത്ര എളുപ്പമല്ല. സഭയിലെ ഇപ്പോഴത്തെ പ്രാതിനിധ്യത്തിലെ സംതുലിതത്വമാണ് ഈ സംരക്ഷണം രാജ്യത്തിന് നൽകുന്നത്. ആര്‍ എസ് എസ് ബിജെപി ലക്ഷ്യമാക്കുന്ന രാഷ്ട്രീയ ഘടനയിൽ ഇത് തകര്‍ക്കു കൂടി ലക്ഷ്യമാണ്.


ഇപ്പോഴത്തെ നിലയിൽ, പാര്‍ലമെന്റിൽ ഇരു സഭകളിലും കേവല ഭൂരിപക്ഷവും വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ഉണ്ടെങ്കിൽ മാത്രമേ പുനര്‍നിര്‍ണയ ബില്ല് പാസാക്കാൻ കഴിയുകയുള്ളൂ. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണമെങ്കിൽ പ്രതിപക്ഷം കൂടി ചേരണം. ആയതിനാൽ ഇരു സഭകളിലും ബില്ല് മറികടക്കുക പ്രയാസമാണ്. പാര്‍ലമെന്റിൽ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉൾപ്പെടെ മാറുന്ന വിഷയമാണ് എന്നതിനാൽ പകുതി സംസ്ഥാനങ്ങളുടെ അനുമതിയും ഇതിന് ആവശ്യമാണ്. ഇത് എൻഡിഎയ്ക്ക് ഉണ്ട്.


അവകാശവാദവും പറയാതെ വിട്ടതും


മണ്ഡല പുനർനിർണ്ണയത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായി 50% സീറ്റുകൾ വർദ്ധിപ്പിക്കുക എന്ന ഫോർമുലയാണ് സർക്കാർ ഇപ്പോൾ മുന്നോട്ട് വെക്കുന്നത്. ഇത് നടപ്പിലായാൽ ഓരോ സംസ്ഥാനത്തിന്റെയും പാർലമെന്റിലെ നിലവിലെ ശതമാനക്കണക്കിൽ (Percentage Position) മാറ്റമുണ്ടാകില്ല എന്നും വാദിക്കുന്നു.


കേവലം ജനസംഖ്യ മാത്രം അടിസ്ഥാനമാക്കി സീറ്റുകൾ വിഭജിച്ചാൽ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സഭയിലുള്ള ശതമാനം (Percentile share) കുറയുമായിരുന്നു. എന്നാൽ 50% പ്രോ-റേറ്റ (Pro-rata) വർദ്ധനവ് വഴി ഈ വിവേചനം ഒഴിവാക്കാം എന്നും സർക്കാർ വാദിക്കുന്നു. സീറ്റുകൾ വർദ്ധിക്കുന്നതോടെ നിലവിലുള്ള പുരുഷ ജനപ്രതിനിധികൾക്ക് സീറ്റ് നഷ്ടപ്പെടാതെ തന്നെ 33% വനിതാ സംവരണം നടപ്പിലാക്കാൻ സർക്കാരിന് സാധിക്കുമെന്നും വാദിക്കുന്നു.


എന്നാൽ ബില്ലിൽ '50% വർദ്ധനവ്' എന്ന ഒരു വ്യവസ്ഥ ഇല്ല. ഇക്കാര്യം നേരിട്ട് പരാമര്‍ശിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ കമ്മീഷന്റെ തീരുമാനങ്ങൾക്ക് സർക്കാരിന് എത്രത്തോളം നിയന്ത്രണം ഉണ്ടാകുമെന്നതുമാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ചോദ്യം. ആർട്ടിക്കിൾ 82-ൽ ഭേദഗതി വരുത്തുന്നതോടെ കമ്മീഷന് ജനസംഖ്യാടിസ്ഥാനത്തിൽ സീറ്റുകൾ പുനർക്രമീകരിക്കാൻ അധികാരം ലഭിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ഈ 50% ഉറപ്പ് എങ്ങനെ പാലിക്കപ്പെടും എന്നത് വ്യക്തവുമല്ല.


ഈ ബില്ലുകൾ ഇന്ന് (ഏപ്രിൽ 16) ലോക്‌സഭയിൽ പരിഗണനയ്ക്കായി എടുത്തു. ചര്‍ച്ചകൾക്ക് ശേഷം, ബില്ലുകൾ പാസാക്കുന്നതിനായുള്ള വോട്ടെടുപ്പ് നാളെ (ഏപ്രിൽ 17, വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് നടക്കും









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home