ഡൽഹിയിലെ വായു നിലവാരം 'വളരെ മോശം' വിഭാഗത്തിൽ; മൂടൽമഞ്ഞിനെതുടർന്ന് വ്യോമഗതാഗതം തടസപ്പെട്ടേക്കും

ന്യൂഡൽഹി : കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, ഞായറാഴ്ച രാവിലെ ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം "വളരെ മോശം" വിഭാഗത്തിൽ രേഖപ്പെടുത്തി. ആകെ വായു ഗുണനിലവാര സൂചിക (എക്യുഐ) 386 ആയി. സിപിസിബിയുടെ സമീർ ആപ്പിൽ നിന്നുള്ള ഡാറ്റ പ്രകാരം നഗരത്തിലെ 16 നിരീക്ഷണ കേന്ദ്രങ്ങളിൽ വായുവിന്റെ ഗുണനിലവാരം "ഗുരുതരമായ" വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തു. ബാക്കിയുള്ള സ്റ്റേഷനുകൾ "വളരെ മോശം" നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സിപിസിബി മാനദണ്ഡങ്ങൾ അനുസരിച്ച്, 0 നും 50 നും ഇടയിലുള്ള AQI "നല്ലത്", 51 മുതൽ 100 വരെ "തൃപ്തികരം", 101 മുതൽ 200 വരെ "മിതമായത്", 201 മുതൽ 300 വരെ "മോശം", 301 മുതൽ 400 വരെ "വളരെ മോശം", 401 മുതൽ 500 വരെ "ഗുരുതരം" എന്നിങ്ങനെയാണ് കണക്കാക്കുന്നത്. രാവിലെ 8:30 ന് ഏറ്റവും കുറഞ്ഞ താപനില 9.4 ഡിഗ്രി സെൽഷ്യസായി. ഇത് സീസണിലെ ശരാശരിയേക്കാൾ 1.3 ഡിഗ്രി കൂടുതലാണ്. ഈർപ്പം 91 ശതമാനമായി രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. പരമാവധി താപനില 17 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, മിതമായ മൂടൽമഞ്ഞ് കാരണം നഗരത്തിൽ ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇടതൂർന്ന മൂടൽമഞ്ഞ് ദൃശ്യപരത കുറയ്ക്കുന്നതിനാൽ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലുടനീളം വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ഇൻഡിഗോ, എയർ ഇന്ത്യ, ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവർ അറിയിച്ചു. ഡൽഹിയിലും വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും മൂടൽമഞ്ഞ് പ്രതീക്ഷിക്കുന്നതിനാൽ വിമാന സർവീസുകൾ വൈകാനും ഷെഡ്യൂൾ മാറ്റങ്ങൾക്കും സാധ്യതയുണ്ടെന്ന് ഇൻഡിഗോ ശനിയാഴ്ച യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ദൃശ്യപതര കുറഞ്ഞതിനെത്തുടർന്ന് ശനിയാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 66 വിമാനങ്ങളാണ് റദ്ദാക്കിയത്.










0 comments