രാജ്യതലസ്ഥാനം ഗ്യാസ് ചേമ്പറിൽ; ജനങ്ങളെ വലച്ച് ബിജെപിയുടെ ‘ഡബിൾഎൻജിൻ’ പണിമുടക്കിൽ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം വീണ്ടും രൂക്ഷമായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാതെ ബിജെപിയുടെ ‘ഡബിൾ എൻജിൻ സർക്കാർ’. വായുനിലവാരം അൽപ്പം മെച്ചപ്പെടുന്പോൾ തന്നെ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കി ബിജെപി സർക്കാരുകൾ ജനജീവിതം ദുസ്സഹമാക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
തുടർച്ചയായ മൂന്ന് ദിവസം ഡൽഹിയിലെ വായുനിലവാരം മോശം അവസ്ഥയിലായിരുന്നു. കഴിഞ്ഞദിവസം അത് ഗൗരവകരമായ അവസ്ഥയിലേക്ക് മാറിയ ഉടനെ അധികൃതർ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ –4 അനുസരിച്ചുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. ഇതോടെ, വായുനിലവാരം വീണ്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ തലസ്ഥാന, അനുബന്ധ മേഖലകളിലെ വായു ഗുണനിലവാര കമീഷനാണ് (സിഎക്യുഎം) ഡൽഹി–എൻസിആർ പ്രദേശങ്ങളിൽ വായുനിലവാരവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
വായുമലിനീകരണം തടയാൻ ദീർഘകാലപദ്ധതിക്ക് രൂപംകൊടുത്തിട്ടുണ്ടെന്നാണ് സിഎക്യുഎം വൃത്തങ്ങൾ അവകാശപ്പെടുന്നത്. വായുമലിനീകരണം തടയാൻ 15 ദീർഘകാലപദ്ധതികളുടെ വിശദാംശങ്ങൾ സിഎക്യുഎം സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇൗ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോടതി ഡൽഹി സർക്കാരിന്റെ പ്രതികരണവും തേടിയിട്ടുണ്ട്. കാലഹരണപ്പെട്ട വാഹനങ്ങൾ പുറന്തള്ളുന്ന പുക ഉൾപ്പടെയുള്ള ഘടകങ്ങളാണ് ഡൽഹിയിലെ വായുമലിനീകരണത്തിന്റെ പ്രധാനകാരണമെന്നാണ് സിഎക്യുഎം റിപ്പോർട്ടിൽ പറയുന്നത്.
കൂടുതൽ ബസുകൾ, മെട്രോലൈനുകൾ ഉൾപ്പടെ പൊതുഗതാഗതം കൂടുതൽ ശക്തിപ്പെടുത്തണം, പരിസ്ഥിതി മലിനീകരണത്തിന് കാരണക്കാരാകുന്നവർക്ക് കനത്ത പിഴ ചുമത്തണം– തുടങ്ങിയ നിർദേശങ്ങളും സിഎക്യുഎം മുന്നോട്ടുവെച്ചിട്ടുണ്ട്. ഡൽഹിക്ക് പുറമേ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും വായുമലിനീകരണം രൂക്ഷമാകുന്നുണ്ട്. മധ്യപ്രദേശിലെ ഇൻഡോർ ഡൽഹിക്ക് സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്.










0 comments