ad
Deshabhimani

ഡൽഹിയിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; യമുനാ ബസാറിലെ 310 കുടുംബങ്ങളെ തെരുവിലാക്കി ഡിഡിഎയുടെ നടപടി

Delhi.jpg
വെബ് ഡെസ്ക്

Published on Jun 27, 2026, 11:10 AM | 1 min read

ന്യൂഡൽഹി: ഡൽഹി യമുനാ ബസാറിലെ 32 ഘാട്ടുകളിൽ ഡിഡിഎയും (ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി) കോർപറേഷനും സംയുക്തമായി നടത്തിയ വ്യാപകമായ പൊളിക്കൽ നടപടി നൂറുകണക്കിന് കുടുംബങ്ങളെ പെരുവഴിയിലാക്കി.


പ്രദേശം 'ഓ-സോൺ' എന്നറിയപ്പെടുന്ന സംരക്ഷിത പ്രളയമേഖലയാണെന്ന് ചൂണ്ടിക്കാട്ടി 310-ഓളം കുടുംബങ്ങളെയാണ് അധികൃതർ കുടിയൊഴിപ്പിച്ചത്. ജൂലൈ നാലിനകം ഒഴിഞ്ഞുപോണമെന്നായിരുന്നു അവസാന നോട്ടിസിൽ വ്യക്തമാക്കിയിരുന്നത്.


എന്നാൽ, ഈ സമയപരിധിക്ക് ദിവസങ്ങൾക്ക് മുൻപേ തന്നെ വൻ പൊലീസ് സന്നാഹത്തോടെ എത്തിയാണ് അധികൃതർ വീടുകൾ പൊളിച്ചുനീക്കിയത്. 2011 മുതൽ ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരാണ് പുറത്താക്കപ്പെട്ടത്.


തങ്ങളുടെ വീടുകൾ പൊളിച്ചുനീക്കിയതോടെ എങ്ങോട്ട് പോകണമെന്നറിയാതെ വലയുകയാണ് ഇവിടുത്തെ നിവാസികൾ. സർക്കാർ നിർദ്ദേശിച്ച 'റെയിൻ ബസേര'കളിലേക്ക് മാറാൻ പല കുടുംബങ്ങളും വിസമ്മതിക്കുന്നു.


സുരക്ഷാ പ്രശ്നങ്ങളും സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് ഇതിന് കാരണമായി അവർ പറയുന്നത്. വിദ്യാഭ്യാസവും തൊഴിലും ഉപജീവനമാർഗങ്ങളും തകർന്ന അവസ്ഥയിലാണ് ഈ കുടുംബങ്ങൾ.


വർഷങ്ങളായി താമസിക്കുന്ന തങ്ങൾക്ക് വൈദ്യുതിയും വെള്ളവും അടക്കമുള്ള ഔദ്യോഗിക രേഖകൾ നൽകിയ സർക്കാർ, പെട്ടെന്നൊരു ദിവസം അനധികൃത കയ്യേറ്റക്കാരായി മുദ്രകുത്തി പുറത്താക്കിയതെങ്ങനെയാണെന്ന് നിവാസികൾ ചോദിക്കുന്നു.


പൊളിക്കലിന് ശേഷം പ്രദേശത്ത് വൈദ്യുതിയും വെള്ളവും വിച്ഛേദിക്കപ്പെട്ടതോടെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.


പകൽച്ചൂടിൽ പുറത്തിറങ്ങാനാവാതെയും ഭക്ഷണം കഴിക്കാൻ പോലും മാർഗമില്ലാതെയും ദുരിതമനുഭവിക്കുകയാണ് ഈ കുടുംബങ്ങൾ. മതിയായ പുനരധിവാസ സൗകര്യങ്ങൾ ഒരുക്കാതെ നടത്തിയ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home