ഡൽഹിയിൽ ഇന്നും പ്രതിഷേധ കൊടുങ്കാറ്റുയരും; തലസ്ഥാനം പൂട്ടിക്കെട്ടി പൊലീസ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അട്ടിമറിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ സമരം തുടരുമെന്ന് സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും വ്യക്തമാക്കിയതോടെ തലസ്ഥാനത്ത് ഇന്നും പ്രതിഷേധ കൊടുങ്കാറ്റുയരും. സമാധാനപരമായ സമരത്തെ ഭയപ്പെടുന്ന കേന്ദ്ര സർക്കാർ സുരക്ഷയുടെ പേരിൽ നഗരം പൂട്ടിക്കെട്ടി. മൊബൈൽ ഇന്റർനെറ്റ് ഉപരോധവും ഡൽഹിയിലെ മെട്രോ, റെയിൽ, റോഡ് ഗതാഗത നിരോധനവും തുടരും.
ഗ്യാനേഷ്‌കുമാറിനെ സംരക്ഷിക്കാൻ ശനിയാഴ്ച മോദിസർക്കാരിന്റെ പൊലീസ് രാജാണ് ഡൽഹിയിൽ നടന്നത്. സിജെപിയും ഇടതുപക്ഷ യുവജന–വിദ്യാർഥി സംഘടനകളും സംയുക്തമായി ശനിയാഴ്ച പ്രഖ്യാപിച്ച ‘ജന്തർമന്തർ 2.0’ പ്രക്ഷോഭം അടിച്ചമർത്താൻ വ്യാപക അറസ്റ്റും തടങ്കലും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുമായി ഡൽഹി പൊലീസ് തേർവാഴ്ച നടത്തി. ഡൽഹിയിൽ മാത്രം പതിനായിരത്തോളം പേരെ അറസ്റ്റുചെയ്തു. സ്റ്റേഷനുകൾ മതിയാകാതെ വന്നപ്പോൾ ഡൽഹിയിലെ മൂന്നു സ്റ്റേഡിയങ്ങൾ താൽക്കാലിക തടങ്കൽപ്പാളയങ്ങളാക്കി.
നഗരത്തിൽ ഇറങ്ങിയവരെയെല്ലാം കസ്‌റ്റഡിയിലെടുക്കുന്ന സ്ഥിതിയായിരുന്നു. സിപിഐ എം നേതാക്കളെ ഇരുമ്പുപാളികൾകൊണ്ട് അറകൾ തിരിച്ച ‘ബസ് ജയിലു’കളിലിട്ട് അതിർത്തിയിലെ പൊലീസ് സ്റ്റേഷനുകളിലെത്തിച്ചു. ഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയ എല്ലാവരെയും തലങ്ങും വിലങ്ങും തല്ലിയും വഴിയിലൂടെ വലിച്ചിഴച്ചുമാണ് പൊലീസ് നേരിട്ടത്. അരലക്ഷത്തോളം പൊലീസ്, അർധസെെനികരെയാണ് ജന്തർമന്തറിലും പരിസരങ്ങളിലും വിന്യസിച്ചത്.
സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ളവരെയും വലിച്ചിഴച്ചാണ് ബസിൽ കയറ്റിയത്. ജന്തർമന്തറിൽ നിരോധനനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ അറസ്റ്റുചെയ്ത് എട്ടുമണിക്കൂർ കസ്റ്റഡിയിൽവച്ചു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ലോധി എസ്റ്റേറ്റ് വസതിയിൽനിന്ന് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. അറസ്റ്റിലായവർക്ക് ഭക്ഷണമോ വെള്ളമോ അവശ്യമരുന്നുകളോ നൽകിയില്ല. പലരെയും രാത്രി വൈകിയും മോചിപ്പിച്ചില്ല.









0 comments