പശ്ചിമേഷ്യൻ സംഘർഷം; പാചകവാതകപ്രതിസന്ധി ഡൽഹിയിലെ തെരുവുകളിലേക്ക്

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യൻ തലസ്ഥാനത്തെ തെരുവുഭക്ഷണ സംസ്കാരത്തെയും ബാധിക്കുന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമവും വിലക്കയറ്റവും ഡൽഹിയിലെ ഭക്ഷണപ്രേമികളുടെ പ്രിയ കേന്ദ്രമായ കൊണാട്ട് പ്ലേസ്, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിലെ കച്ചവടത്തെ പ്രതിസന്ധിയിലാക്കി.
ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഡൽഹിയിലെ തെരുവുവിൽപ്പനക്കാർ പലരും പാചകവാതകം കിട്ടാനില്ലാത്തതിനാൽ കച്ചവടം നിർത്തേണ്ടി വരുന്ന അവസ്ഥയിലാണ്. 1,800 രൂപയായിരുന്ന വാണിജ്യ സിലിണ്ടറുകൾക്ക് കരിഞ്ചന്തയിൽ 4,000 രൂപ വരെയാണ് ഈടാക്കുന്നത്.
പാചകത്തിന് കൂടുതൽ ഗ്യാസ് ആവശ്യമുള്ള വിഭവങ്ങൾ പല ഹോട്ടലുകളും മെനുവിൽ നിന്ന് ഒഴിവാക്കി. എൽപിജി കിട്ടാനില്ലാത്തതോടെ പല ചെറുകിട കച്ചവടക്കാരും വിറകും കൽക്കരിയും ഉപയോഗിക്കുന്ന പഴയ രീതിയിലേക്ക് മടങ്ങിപ്പോകുകയാണ്. ഇത് ഭക്ഷണശാലകളിൽ വലിയ തോതിൽ പുക ഉയരുന്നതിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഡൽഹി പോലെ വായുമലിനീകരണം രൂക്ഷമായ നഗരത്തിൽ ഇത് ഗുരുതര പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
ഭക്ഷണസാധനങ്ങളുടെ വിലയിൽ 25 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 30 രൂപയ്ക്ക് ലഭിച്ചിരുന്ന പലഹാരങ്ങൾക്ക് ഇപ്പോൾ 50 രൂപയിലധികം നൽകണം. വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണത്തെ ബാധിക്കാതിരിക്കാൻ സർക്കാർ മുൻഗണന നൽകുന്നുണ്ടെങ്കിലും, വാണിജ്യ മേഖലയിലെ ഈ തകർച്ച ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാരുടെ ഉപജീവനത്തെ ബാധിച്ചിരിക്കുകയാണ്. യുദ്ധം നീണ്ടുപോവുകയാണെങ്കിൽ വരും ദിവസങ്ങളിൽ പാചകവാതക ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.










0 comments