ഷോപ്പിങ്ങിന് ഒപ്പം വരാനും ബാഗുകൾ ചുമക്കാനും സഹായിക്കും; ആളെ നൽകാൻ സ്റ്റാർട്ടപ്പ്

ന്യൂഡൽഹി : ഷോപ്പിങ്ങിന് ഒറ്റയ്ക്കു പോകാനും ബാഗുകളെല്ലാം ചുമക്കാനും മടിയുള്ളവർക്ക് സഹായം വാഗ്ദാനം ചെയ്ത് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്. ഷോപ്പിങ്ങിന് പോകാൻ കൂട്ടില്ലാത്തവർക്കായി സഹായികളെ നൽകുന്ന സംരംഭമാണ് CarryMen എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ഷോപ്പിങ്ങിനു സഹായിക്കുന്നതോടൊപ്പം ബാഗുകൾ ചുമക്കാനും സ്റ്റാർട്ടപ് വഴി കണ്ടെത്തുന്ന സഹായി കൂടെയുണ്ടാകും. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഇടം വരെ ബാഗുകളുമായി സഹായി കൂടെയെത്തും. തിരക്കേറിയ ഷോപ്പിങ് അനുഭവത്തിൽ നിന്ന് വ്യത്യസ്തമായി ആസ്വദിച്ച് ഷോപ്പിങ് നടത്താൻ സഹായിക്കുന്നതാണ് തങ്ങളുടെ സേവനമെന്നും ലക്ഷ്യമെന്നും സ്റ്റാർട്ടപ്പിന്റെ ഉപജ്ഞാതാക്കൾ പറയുന്നു.
ഏപ്രിൽ മുതലാണ് ഡൽഹിയിൽ CarryMen സേവനം ആരംഭിച്ചത്. ഡൽഹിയിലെ തിരക്കേറിയ മാളുകളിലും മാർക്കറ്റുകളിലുമുള്ള ഷോപ്പിങ് കൂടുതൽ എളുപ്പമാക്കാൻ വേണ്ടിയാണ് CarryMen ആരംഭിച്ചതെന്ന് ഉടമകൾ പറയുന്നു. തിരക്കേറിയ ഷോപ്പിങ് ഉപഭോക്താക്കളെ സമ്മർദ്ദത്തിലാക്കുമെന്നും അവർക്ക് ഷോപ്പിങ്ങിന്റെ ആനന്ദം അനുഭവിക്കാൻ കഴിയില്ലെന്നും മനസിലാക്കിയാണ് തങ്ങൾ ഇത്തരമൊരു സംരംഭം ആരംഭിച്ചതെന്ന് ഉടമകൾ വ്യക്തമാക്കുന്നു.
99 രൂപ മുതൽ പാക്കേജുകൾ ലഭ്യമാണ്. 30 മിനിറ്റിന് 99 രൂപയാണ് നിരക്ക്. മണിക്കൂറിന് 149 രൂപയാണ് നിരക്ക്. 2, 3, 4 മണിക്കൂർ പാക്കേജുകളുമുണ്ട്. വാട്സാപ്പ് വഴി സേവനം ബുക്ക് ചെയ്യാം. ഷോപ്പർമാർക്കൊപ്പം സഞ്ചരിക്കാൻ പരിശീലനം ലഭിച്ച സഹായിയെ നൽകും. ഷോപ്പിംഗ് ബാഗുകൾ കൊണ്ടുപോകാനും, കടകൾ കണ്ടെത്താനും ക്യൂവിൽ കാത്തിരിക്കാനും, പാർക്കിംഗ് ഏരിയകളിലേക്കോ മെട്രോയിലേക്കോ ഉപഭോക്താക്കളെ എത്തിക്കാനും വിശ്രമിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്താനടക്കം അസിസ്റ്റന്റ് സഹായിക്കുന്നു. കുട്ടികളുമായി ഷോപ്പിങ്ങിനെത്തുന്ന ഉപഭോക്താക്കൾക്ക് അധിക നിരക്കിൽ സഹായിക്കൊപ്പം സ്‌ട്രോളറും സ്റ്റാർട്ടപ്പ് വാഗ്ദാനം ചെയ്യുന്നു.
ഇതുവരെയുള്ള ബുക്കിംഗുകളിൽ ഭൂരിഭാഗവും പ്രായമായ ഉപഭോക്താക്കളിൽ നിന്നാണെന്ന് സ്റ്റാർട്ടപ് വക്താക്കൾ പറയുന്നു. ദീർഘനേരം മാർക്കറ്റ് സന്ദർശിക്കുമ്പോൾ ഷോപ്പർമാർക്ക് ഉപയോഗിക്കാൻ പോർട്ടബിൾ ക്യാമ്പിംഗ് കസേരകളും ഇവർ അവതരിപ്പിച്ചിട്ടുണ്ട്. 12 കിലോഗ്രാം വരെ ഭാരമുള്ള ബാഗുകൾ മാത്രമാവും ഒരു സഹായി എടുക്കുക. അതിൽകൂടുതൽ ഭാരമുള്ള ബാഗുകളുണ്ടെങ്കിൽ മറ്റൊരു സഹായിയുടെ സേവനംകൂടി പ്രയോജനപ്പെടുത്താം. ഏപ്രിലിലാണ് സ്റ്റാർട്ടപ് സേവനം ആരംഭിച്ചത്. നിലവിൽ ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണ് സേവനമുള്ളത്. കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് സ്റ്റാർട്ടപ് വക്താക്കൾ പറഞ്ഞു.











0 comments