print edition ഡൽഹി എസ്ഐആർ; കടുംവെട്ട് തുടരുന്നു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്രപരിശോധന (എസ്‌ഐആർ)യുടെ ഭാഗമായി ഡൽഹിയിൽ കരടു വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ട 33 ലക്ഷത്തോളം പേർക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയച്ചതിൽ പ്രതിഷേധമുയരുന്നു. നോട്ടീസ് ലഭിച്ചവരിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാർ, എംപിമാർ തുടങ്ങി മുതിർന്ന രാഷ്ട്രീയ നേതാക്കൾ, സുപ്രീംകോടതി മുൻ ചീഫ്‌ജസ്‌റ്റിസ്, ജഡ്‌ജിമാർ, മുതിർന്ന അഭിഭാഷകർ, ഉദ്യോഗസ്ഥപ്രമുഖർ തുടങ്ങിയവരും ഉൾപ്പെടുന്നു. വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകൾ ഒക്‌ടോബർ 29 നകം സമർപ്പിച്ച് കമീഷനെ ബോധ്യപ്പെടുത്താനാകാത്തവർ കരടുപട്ടികയിൽ നിന്ന് പുറത്താക്കപ്പെടും. നവംബർ നാലിന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
2002 പട്ടികയിൽ ഉൾപ്പെടാത്തവർ, മാതാപിതാക്കളുടെയും മറ്റും പേരുകളിലും പ്രായത്തിലും പൊരുത്തക്കേടുള്ളവർ, മേൽവിലാസത്തിലെ സംശയങ്ങൾ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമീഷൻ നോട്ടീസ് അയച്ചത്. കമീഷന്റെ സോഫ്‌റ്റവെയറാണ് ഇത്തരം പൊരുത്തക്കേടുകൾ ‘കണ്ടെത്തി’ നോട്ടീസ് അയക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായി അർഹരായ നിരവധി പേർ പുറത്താക്കപ്പെട്ടിട്ടുണ്ടാകാമെന്ന ആരോപണം ഇതോടെ ശരിവെയ്‌ക്കപ്പെടുകയാണ്.
എസ്‌ഐആർ പ്രക്രിയ തുടങ്ങുന്നതിന് മുൻപ് ഡൽഹി വോട്ടർപ്പട്ടികയിൽ 1.45 കോടി വോട്ടർമാരുണ്ടായിരുന്നു. എന്നാൽ കരടുപട്ടികയിൽ 97.53 ലക്ഷം പേർ മാത്രമാണുള്ളത്. 48 ലക്ഷത്തോളം പുറത്താക്കപ്പെട്ടു. കരടുപട്ടികയിലെ 33 ലക്ഷത്തോളം പേർക്ക് കൂടി കമീഷൻ നോട്ടീസ് അയച്ചതോടെ 80 ലക്ഷത്തോളം പേർ ഒഴിവാക്കപ്പെടുമെന്ന സ്ഥിതിയിൽ.










0 comments