മലിനീകരണത്തിനെതിരെ അണിനിരന്ന് വിദ്യാർഥികൾ; ഡൽഹിയിലെ സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ

ന്യൂഡൽഹി: നഗരത്തിലെ വർധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെ പോരാടാൻ പുതിയ കർമ്മപദ്ധതിയുമായി ഡൽഹി സർക്കാർ. തലസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിൽ 2026-27 അധ്യയന വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
പ്ലാസ്റ്റിക് മാലിന്യം, വായു മലിനീകരണം, ജലസംരക്ഷണം, ശബ്ദമലിനീകരണം എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടപ്പിലാക്കുക. വരും തലമുറയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനൊപ്പം നഗരത്തിലെ പരിസ്ഥിതി വെല്ലുവിളികൾ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷന്റെ സയൻസ് ബ്രാഞ്ച് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ഓരോ മാസവും പ്രത്യേക വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 'പ്ലാസ്റ്റിക് വിരുദ്ധ മാസം' - ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കാനുള്ള കാമ്പയിനുകൾ.
ജൈവവൈവിധ്യ സംരക്ഷണം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് മുൻഗണന. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം വിപുലമായി ആഘോഷിക്കും. ജലസംരക്ഷണവും സുരക്ഷിതമായ മാലിന്യ നിർമാർജനവും. ശൈത്യകാലത്തിന് മുന്നോടിയായി വായു മലിനീകരണത്തിനെതിരെയുള്ള തീവ്ര പ്രചാരണം.
പടക്കങ്ങളുടെ ഉപയോഗം കുറയ്ക്കാനും മാലിന്യം കത്തിക്കുന്നത് ഒഴിവാക്കാനുമുള്ള ബോധവൽക്കരണം. പൊടിപടലങ്ങൾ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ, മരം നടൽ എന്നിവയ്ക്ക് ഊന്നൽ നൽകും. ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം പ്രായോഗികമായ മാറ്റങ്ങൾക്കും സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങൾ തരംതിരിക്കാൻ പ്രത്യേക ബിന്നുകൾ സ്ഥാപിക്കുക, അസംബ്ലികളിൽ പാരിസ്ഥിതിക വിഷയങ്ങൾ ചർച്ച ചെയ്യുക, സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നിവ നിർബന്ധമാക്കി. ക്വിസ് മത്സരങ്ങൾ, ചിത്രരചന, തെരുവുനാടകങ്ങൾ, പോസ്റ്റർ നിർമ്മാണം, റാലികൾ എന്നിവയും ഈ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ എല്ലാ മാസവും പ്രവർത്തന റിപ്പോർട്ടുകൾ ഫോട്ടോകൾ സഹിതം വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കണം. കുട്ടികളിലൂടെ വീടുകളിലേക്കും സമൂഹത്തിലേക്കും ഈ സന്ദേശം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.










0 comments