ജന്തർമന്തർ പ്രക്ഷോഭം: ഡൽഹിയിൽ നാളെ ക്ലാസുകൾ ഓൺലൈനില്‍; പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ചയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി. ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷകളും രക്ഷിതാക്കളുടെ യോഗങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിന്റെ പശ്ചാത്തലത്തിലും മെട്രോ ഗതാഗതത്തിലെ നിയന്ത്രണങ്ങൾ കാരണവുമാണ് സ്കൂളുകളുടെ നടപടി.
ന്യൂഡൽഹി മേഖലയിൽ പൊലീസ് വ്യാപകമായി ബാരിക്കേഡുകൾ ഉയർത്തിയതിനാലും വിദ്യാർഥികളുടെ സുരക്ഷ പരിഗണിച്ചും സർദാർ പട്ടേൽ വിദ്യാലയയിൽ 6 മുതൽ 12 വരെയുള്ള ക്ലാസുകൾ ശനിയാഴ്ച ഓൺലൈനായി നടത്തും. വെള്ളിയാഴ്ചത്തെ സ്റ്റേ-ബാക്ക് സൗകര്യം സ്കൂൾ ഒഴിവാക്കി. ശനിയാഴ്ച നടക്കേണ്ടിയിരുന്ന 'ആക്റ്റിവിറ്റി വീക്ക്' ഉദ്ഘാടനവും മാറ്റി.
രഘുബീർ സിംഗ് ജൂനിയർ മോഡേൺ സ്കൂളിൽ ശനിയാഴ്ച നിശ്ചയിച്ചിരുന്ന പിടിഎ യോഗവും മാറ്റിവെച്ചു. കസ്തൂർബാ ഗാന്ധി മാർഗിലെ ഭാരതീയ വിദ്യാ ഭവൻസ് മേത്ത വിദ്യാലയയിൽ ശനിയാഴ്ചത്തെ സ്പോർട്സ് ഡേ പരിശീലനവും പ്രത്യേക ക്ലാസുകളും റദ്ദാക്കി.
മെട്രോ സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ സർവകലാശാലാ പരീക്ഷകളും മാറ്റിവെച്ചു. പശ്ചിം വിഹാറിലെ ഭാരതി വിദ്യാപീഠ് കോളേജ് ഓഫ് എൻജിനീയറിംഗിൽ ശനിയാഴ്ച നടക്കേണ്ടിയിരുന്ന മിഡ്-ടേം പരീക്ഷകൾ തിങ്കളാഴ്ചത്തേക്ക് മാറ്റി.
രോഹിണിയിലെ മഹാരാജ അഗ്രസെൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശനിയാഴ്ചത്തെ പരീക്ഷകൾ ഒക്ടോബർ 12-ലേക്കാണ് മാറ്റിയത്. ഡൽഹി പോലീസിന്റെയും ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാലയുടെയും നിർദേശപ്രകാരമാണ് തീരുമാനം.
അതേസമയം പ്രക്ഷോഭം തടയാൻ ജന്തർ മന്തർ പരിസരത്ത് മൊബൈൽ ഇന്റർനെറ്റ് വിലക്ക്. വെള്ളിയാഴ്ച രാത്രി പത്ത് മണി മുതൽ ശനിയാഴ്ച രാത്രി പത്ത് മണിവരെ ജനപഥ്-കർത്തവ്യ പഥ് ജംക്‌ഷന് ചുറ്റുമുള്ള നാല് കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദ് ചെയ്യും. ഭരണഘടനാ അവകാശങ്ങളെ കശാപ്പുചെയ്‌തിന് എതിരെ നടക്കുന്ന പ്രതിഷേധം എങ്ങനെയെങ്കിലും തടയാനാണ് ശ്രമം. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൽ പ്രതിഷേധിക്കാൻ രാജ്യമൊന്നാകെ ഡൽഹിയിലേക്ക് ഇരച്ചെത്തുമെന്ന് അറിഞ്ഞതോടെയാണ് സർവ സന്നാഹങ്ങളും ഒരുക്കി പ്രക്ഷോഭത്തെ തടയാൻ ശ്രമിക്കുന്നത്.
ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാഴാഴ്‌ച്ച രാത്രി മുതൽ ഇടതു സംഘടനാ നേതാക്കളെ തെരഞ്ഞുപിടിച്ച് തടവിലാക്കിയിരുന്നു. ഇടതുപക്ഷ യുവജന–വിദ്യാർഥി സംഘടനകളും സിജെപിയും ശനിയാഴ്‌ച ജന്തർമന്തറിൽ ആരംഭിക്കുന്ന സംയുക്ത പ്രക്ഷോഭത്തിന് തടയിടാനാണ് രഹസ്യനീക്കം.








0 comments