കൊടുംചൂട്, കുടിവെള്ളക്ഷാമം; വലഞ്ഞ് ഡൽഹി ജനത

ഡൽഹി മയൂർ വിഹാറിൽ കനത്ത ചൂടിൽ വറ്റിക്കൊണ്ടിരിക്കുന്ന സഞ്ജയ് തടാകത്തിൽ മീനുകൾ ചത്തുകിടക്കുന്നു. ഫോട്ടോ: പി വി സുജിത്

സ്വന്തം ലേഖകൻ
Published on May 23, 2026, 07:34 AM | 1 min read
ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കൊടുംചൂട് തുടരുന്നു. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ചില മധ്യഇന്ത്യൻ പ്രദേശങ്ങളിലും വെള്ളിയാഴ്‌ചയും താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു. പഞ്ചാബ്, ഹരിയാന, ബിഹാർ സംസ്ഥാനങ്ങളും ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. വരുംദിവസങ്ങളിലും ചൂട് ഇൗ രീതിയിൽ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യതലസ്ഥാന മേഖലയായ ഡൽഹിയിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കുടിവെള്ളവും വറ്റി
ചൂട് കുത്തനെ ഉയർന്നതോടെ ഡൽഹിയിൽ കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്. ഡൽഹി സർക്കാർ കർമ പദ്ധതി പ്രഖ്യാപിച്ചെങ്കിലും രാജ്യതലസ്ഥാന മേഖലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളമില്ല. ചേരിപ്രദേശത്ത് താമസിക്കുന്നവർക്ക് ഫ്രിഡ്‌ജ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സംഭരിച്ചുവെച്ച വെള്ളം ചൂടായി ഉപയോഗിക്കാനാവാത്ത സ്ഥിതിയുമുണ്ട്. ജനക്‌പുരി ഭാഗത്തെ വീടുകളിൽ മാസങ്ങളായി അഴുക്കുവെള്ളമാണ് പൈപ്പിലൂടെ എത്തുന്നത്. ചൂട് കൂടിയതോടെ ഡൽഹിയിലെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിക്കുകയും ചെയ്തു. വ്യാഴാഴ്‌ച 8,231 മെഗാവാട്ട് വൈദ്യുതി ഉപയോഗമാണ് രേഖപ്പെടുത്തിയത്.










0 comments