Deshabhimani

print edition ഡൽഹിയിൽ ജീവിതം ദുരിതത്തിൽ: ശ്വസിക്കാൻ വിഷവായു; കുടിക്കാൻ മലിനജലം

delhi air pollution
avatar
കെ പി അക്ഷയ്‌

Published on Nov 14, 2026, 12:43 AM | 1 min read

ന്യൂഡൽഹി: ബിജെപിയുടെ ട്രിപ്പിൾ എൻജിൻ സർക്കാർ ഭരിക്കുന്ന ഡൽഹിയിൽ വെള്ളവും വായുവും ദിനംപ്രതി മലിനമാകുന്നതോടെ ജനങ്ങൾ കൊടുംദുരിതത്തിൽ. മലിനീകരണം നിയന്ത്രിക്കുന്നതിന്‌ ക്രിയാത്മകമായ നടപടിയൊന്നും ബിജെപി സർക്കാർ സ്വീകരിക്കുന്നില്ല.

ഓടയിലെ വെള്ളത്തിന്‌ സമാനമായ ദുർഗന്ധമാണ് കുടിവെള്ളത്തിനെന്ന പരാതി വ്യാപകം. യമുനാനദിയിലെ അമോണിയയുടെ അളവ്‌ കുതിച്ചുയർന്നു. ഇത്‌ ജലശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനത്തെ ബാധിച്ചു. മത്സ്യങ്ങൾ ചത്തുപൊങ്ങി. നിരവധി റസിഡന്റ്‌സ്‌ അസോസിയേഷനുകൾ ഡൽഹി ജൽ ബോർഡിന്റെ പൈപ്പിലൂടെ വരുന്നത്‌ മലനിജലമാണെന്ന പരാതിയുമായി രംഗത്തുവന്നു. കുപ്പിവെള്ളമാണ്‌ പലരും ഉപയോഗിക്കുന്നത്‌.


വായുമലിനീകരണത്തോതിൽ വെള്ളിയാഴ്‌ചയും കുത്തനെ ഉയർന്നു. വായു ഗുണനിലവാര സൂചിക (എക്യുഐ) ‘അതീവമോശം’ വിഭാഗത്തിൽ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച്‌ വ്യാഴാഴ്‌ച 350 ആയിരുന്ന എക്യുഐ വെള്ളിയാഴ്‌ച 373 ആയി വർധിച്ചു. ചില സമയങ്ങളിൽ ഇത്‌ നാനൂറും കടന്ന്‌ ‘ഗുരുതരം’ വിഭാഗത്തിലെത്തി. മലിനീകരണത്തോത്‌ അളക്കുന്ന മുപ്പതിലധികം കേന്ദ്രങ്ങളിൽ ഭൂരിഭാഗം സമയത്തും എക്യുഐ നാനൂറിന്‌ മുകളിൽ നിന്നു. സ്വിസ്‌ കന്പനിയായ ഐക്യു എയറിന്റെ കണക്കുപ്രകാരം ലോകത്ത്‌ വായുമലിനീകരണം ഏറ്റവും രൂക്ഷമായ നഗരമാണ്‌ ഡൽഹി. ഇ‍ൗ വർഷം ദീപാവലി ദിവസം ഡൽഹിക്കാർ ശ്വസിച്ചത്‌ കഴിഞ്ഞ പത്തുവർഷത്തിനിടയിലെ ഏറ്റവും മോശം വായുവാണ്‌.


കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്‌ 2025 നവംബർ 13നാണ്‌ ആദ്യമായി ശരാശരി എക്യുഐ ‘ഗുരുതരം’ വിഭാഗത്തിലെത്തിയത്‌. എക്യുഐ 404. 2026 നവംബർ പതിമൂന്നിലെ എക്യുഐ 373 ആണ്‌. ഇതേ നിലയിലാണ്‌ കാര്യങ്ങളെങ്കിൽ ഇ‍ൗ വർഷവും 400 കടക്കും. വിഷപ്പുക നിറഞ്ഞതോടെ ആരോഗ്യ വിദഗ്‌ധർ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുള്ളവർ നഗരത്തിൽ നിന്ന്‌ മാറിനിൽക്കാൻ നിർദേശിച്ചു. മുഴുവനാളുകളും എൻ 95 മാസ്‌ക്‌ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home